Local

എന്ത് ഹെെക്കമാന്‍ഡ് ; വെല്ലുവിളിച്ച്‌ എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ; 190 ബൂത്ത്‌ പ്രസിഡന്റുമാരില്‍ 120 പേര്‍ പങ്കെടുത്തു



എന്ത് ഹെെക്കമാന്‍ഡ് ; വെല്ലുവിളിച്ച്‌ എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ; 190 ബൂത്ത്‌ പ്രസിഡന്റുമാരില്‍ 120 പേര്‍ പങ്കെടുത്തു

തിരുവനന്തപുരം/കണ്ണൂര്‍
ഇരിക്കൂറില്‍ സജീവ് ജോസഫിനെ സ്ഥാനാര്‍ഥിയാക്കിയ ഹൈക്കമാന്‍ഡിനെ വെല്ലുവിളിച്ച്‌ എ ഗ്രൂപ്പ് കണ്‍വന്‍ഷനും നിലമ്ബൂരില്‍ പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനവും കോണ്‍ഗ്രസിലെ പ്രതിസന്ധി മൂര്‍ച്ഛിപ്പിച്ചു. ശ്രീകണ്ഠപുരത്ത് ചേര്‍ന്ന ഇരിക്കൂര്‍ നിയോജകമണ്ഡലം കണ്‍വന്‍ഷനാണ് ഹൈക്കമാന്‍ഡ് തീരുമാനിച്ച സജീവ് ജോസഫിനെ അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ചത്. പ്രതിഷേധം തണുപ്പിക്കാനുള്ള യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സന്റെയും കെ സി ജോസഫിന്റെയും ശ്രമം തള്ളിയാണ് ബദല്‍ കണ്‍വന്‍ഷന്‍ വിളിച്ചുകൂട്ടിയത്.

ഉമ്മന്‍ചാണ്ടിയുടെ മൗനാനുവാദവും കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്റെ പിന്തുണയും ഇതിനുണ്ടായിരുന്നു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ഇടപെട്ട് സ്ഥാനാര്‍ഥികളെ തിരുകിക്കയറ്റിയെന്നാണ് ആരോപണം. കണ്ണൂര്‍, പേരാവൂര്‍ മണ്ഡലങ്ങളിലും അടുത്ത ദിവസങ്ങളില്‍ എ ഗ്രൂപ്പ് കണ്‍വന്‍ഷന്‍ ചേരും.

നിലമ്ബൂരില്‍ ആര്യാടന്‍ ഷൗക്കത്തിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കോണ്‍ഗ്രസുകാരുടെ പ്രകടനം. പ്രകടനത്തിന് ശേഷം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് ഓഫീസ് അടച്ചുപൂട്ടി. കല്‍പ്പറ്റ ഉള്‍പ്പെടെ തര്‍ക്കത്തിലുള്ള സീറ്റുകളില്‍കൂടി സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതോടെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ മുങ്ങും. ഇരിക്കൂറില്‍ പ്രഖ്യാപിച്ച സ്ഥാനാര്‍ഥിയെ മാറ്റില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ വ്യക്തമാക്കി. കെ സുധാകരനുമായി ആലോചിച്ചാണ് സ്ഥാനാര്‍ഥി നിര്‍ണയമെന്നും അദ്ദേഹം പറഞ്ഞു.

കളമശ്ശേരിയില്‍ മുന്‍മന്ത്രി വികെ ഇബ്രാഹിംകുഞ്ഞിന്റെ മകനെ മാറ്റില്ലെന്ന മുസ്ലിംലീഗ് നിലപാടില്‍ പ്രതിഷേധിച്ച്‌ ജില്ലാ നേതാക്കള്‍ കണ്‍വന്‍ഷന്‍ ബഹിഷ്കരിച്ചു.

ഇരിക്കൂര്‍ മണ്ഡലത്തിലെ 190 ബൂത്ത് പ്രസിഡന്റുമാരില്‍ 120 പേര്‍ എ ഗ്രൂപ്പിന്റെ കണ്‍വന്‍ഷനില്‍ പങ്കെടുത്തു. 140 പേരുടെ പിന്തുണയാണ് എ ഗ്രൂപ്പ് അവകാശപ്പെടുന്നത്.

ശ്രീകണ്ഠപുരം ബ്ലോക്ക് പ്രസിഡന്റ് എം ഒ മാധവന്‍ അധ്യക്ഷനായി. കെപിസിസി സെക്രട്ടറിമാരായ ചന്ദ്രന്‍ തില്ലങ്കേരി, ഡോ. കെ വി ഫിലോമിന, എം പി മുരളി, വി എന്‍ ജയരാജ് തുടങ്ങിയവര്‍ സംസാരിച്ചു. യുഡിഎഫ് ജില്ലാ കണ്‍വീനര്‍ പി ടി മാത്യു പങ്കെടുത്തു.

Dailyhunt