മയ്യിൽ ടൗണിലെ സ്കൂട്ടർ മോഷണം:14 കാരൻ അറസ്റ്റിൽ
മയ്യില്‍: മയ്യില്‍ ടൗണില്‍ നിന്ന് സ്കൂട്ടറുകള് മോഷണം പോയ സംഭവത്തില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ 14കാരൻ അറസ്റ്റിൽ.
കുറ്റിയാട്ടൂര്‍ സ്വദേശിയാണ് ഇന്ന് രാവിലെ മയ്യില്‍ പോലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ബുധനാഴ്ച രാവിലെ മയ്യില്‍ പോലിസ് സ്റ്റേഷന് സമീപത്ത് നിന്ന് സ്കൂട്ടര്‍ മോഷണം പോയ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെയാണ് പ്രതിയെ തിരിച്ചറിഞ്ഞത്. മയ്യില്‍ ടൗണിലെ ‘മണിതാലി ‘ തിരൂര്‍ പൊന്ന് കടയുടമ എടയന്നൂര്‍ അടിച്ചേരിപറമ്പിലെ സി എം റാഷിദിന്റെ കെ എല്‍ 13 എബി 9549 ആകസസ് സ്കൂട്ടര്‍ മോഷണം പോയത്. കടയുടെ മുന്നില്‍ സ്കൂട്ടര്‍ പാര്‍ക്ക് ചെയ്ത ശേഷം സമീപത്തെ ചായക്കടയില്‍ പോയി തിരിച്ചെത്തുമ്പോഴേക്കും സ്കൂട്ടര്‍ കവരുകയായിരുന്നു. കഴിഞ്ഞ ഫെബ്രുവരി 15 ന് മയ്യില്‍ ടൗണില്‍ നിര്‍ത്തിയിട്ടിരുന്ന ചെറുപഴശ്ശി സ്വദേശി സതീശന്റെ കെ എല്‍ 13 ഇ സെഡ് 3671 സുസൂകി ആക്സസ് സ്കൂട്ടറും മോഷണം പോയിരുന്നു. പോലിസ് അന്വേഷണം നടത്തുന്നതിനിടെ ഒരാഴ്ച മുമ്പ് സ്കൂട്ടര്‍ ചോല റോഡരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. പിന്നാലെയാണ് മറ്റൊരു സ്കൂട്ടര്‍ കൂടി മോഷണം പോയത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ ശേഖരിച്ച പോലിസ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ഥിയെ പിടികൂടുകയായിരുന്നു.
സ്കൂള്‍ വിദ്യാര്‍ഥിയായ കൗമാരക്കാരന് ഈയിടെ സ്കൂട്ടറില്‍ പോവുന്നതായി ചിലര്‍ പോലിസിന് സൂചന നല്‍കിയിരുന്നു. ഇതാണ് പോലിസിനു സഹായകരമായത്. പിടിക്കപ്പെടാതിരിക്കാന്‍ വിവിധ സ്ഥലങ്ങളില്‍ റോഡരികില്‍ സ്കൂട്ടര്‍ നിര്‍ത്തിയിട്ടാണ് വീട്ടിലേക്ക് പോയിരുന്നതെന്ന് വിദ്യാര്‍ഥി പോലിസിനോട് പറഞ്ഞു. വിദ്യാര്‍ഥിയില്‍ നിന്ന് ഒരു കൂട്ടം കള്ളത്താക്കോലുകളും പോലിസ് കസ്റ്റഡി യിലെടുത്തു.