ശ്രീലങ്കയില്‍ ബൂര്‍ഖ നിരോധിക്കാന്‍ തീരുമാനം; ആയിരത്തിലേറെ ഇസ്ലാമിക് സ്കൂളുകള്‍ അടച്ചുപൂട്ടും; ദേശീയസുരക്ഷ മുന്‍നിര്‍ത്തിയാണ് മുസ്ലിം വനിതകള്‍ പൂര്‍ണമായി മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതെന്ന് സര്‍ക്കാര്‍;
കൊളംബോ: ശ്രീലങ്കയില്‍ ബൂര്‍ഖ നിരോധിക്കാന്‍ തീരുമാനം. ഇതിനൊപ്പം ആയിരത്തിലേറെ ഇസ്ലാമിക് സ്കൂളുകള്‍ അടച്ചുപൂട്ടും. രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളെ സാരമായി ബാധിക്കുന്ന തീരുമാനമാണിത്. ദേശീയസുരക്ഷ മുന്‍നിര്‍ത്തിയാണ് മുസ്ലിം വനിതകള്‍ പൂര്‍ണമായി മുഖം മറയ്ക്കുന്നത് നിരോധിക്കുന്നതെന്ന് പൊതുസുരക്ഷാവിഭാഗം മന്ത്രി ശരത് വീരശേഖര അറിയിച്ചു. മന്ത്രിസഭയുടെ അംഗീകാരത്തിനായി താന്‍ രേഖയില്‍ ഒപ്പുവച്ചുവെന്നും അദ്ദേഹം പറഞ്ഞു.
‘ആദ്യകാലങ്ങളില്‍ മുസ്ലിം സ്ത്രീകള്‍ ഒരിക്കലും ബൂര്‍ഖ ധരിച്ചിരുന്നില്ല. ഇത് അടുത്തകാലത്ത് വന്ന മതമൗലികവാദത്തിന്റെ ഭാഗമായ സമ്ബ്രദായമാണ്. ഞങ്ങള്‍ ഇത് തീര്‍ച്ചയായും നിരോധിക്കുക തന്നെ ചെയ്യും’, മന്ത്രി ശരത് വീരശേഖര പറഞ്ഞു. ബുര്‍ഖ നിരോധനത്തിനുള്ള തീരുമാനത്തില്‍ ഒപ്പുവെച്ചതായും മന്ത്രിസഭയുടെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും മന്ത്രി ശരത് വീരശേഖര അറിയിച്ചു. ദേശീയ സുരക്ഷാ ആശങ്ക മുന്‍നിര്‍ത്തിയുള്ള നടപടിയെന്നാണ് മന്ത്രി അവകാശപ്പെട്ടത്. എന്നാല്‍, തീരുമാനത്തിനെതിരെ പ്രതിഷേധമുയര്‍ന്നു കഴിഞ്ഞു.
2019 ല്‍ ശ്രീലങ്കയില്‍ ബുര്‍ഖ ധരിക്കുന്നത് താല്‍ക്കാലികമായി നിരോധിച്ചിരുന്നു. 250 ലേറെ പേര് കൊല്ലപ്പെട്ട പള്ളികളിലെയും, ഹോട്ടലുകളിലെയും ബോംബാക്രമണത്തിന് ശേഷമായിരുന്നു ഈ താത്കാലിക നിരോധനം. ആ വര്‍ഷാവസാനം തമിഴ് പുലികളുടെ മുന്നേറ്റത്തെ അടിച്ചമര്‍ത്തിയ ഗോതബയ രാജപക്സെയെ പ്രസിഡന്റായി തിരഞ്ഞെടുത്തിരുന്നു. യുദ്ധത്തിനിടെ വ്യാപകമായ അവകാശ ലംഘനങ്ങള്‍ ഗോതബയയ്ക്കെതിരെ ഉയര്‍ന്നുവന്നിരുന്നു. ഈ ആരോപണങ്ങള്‍ എല്ലാം അദ്ദേഹം തള്ളിക്കളയുകയും ചെയ്തു.
സുരക്ഷയുടെ പേരില്‍ ബുര്‍ഖ നിരോധിക്കാനുള്ള നീക്കത്തിനെതിരെ ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെ പ്രതിഷേധമുയര്‍ത്തിയിരുന്നു. മുസ്ലിം സ്ത്രീയുടെ മതപരമായ അവകാശത്തിനു മേലുള്ള കടന്നുകയറ്റമാണ് നിരോധനമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി.നേരത്തെ, കോവിഡ് 19 ബാധിച്ച് മരിച്ചവരുടെ സംസ്കാര ചടങ്ങുകള്‍ക്കായി നിര്‍ദ്ദേശങ്ങള്‍ നല്കിയപ്പോഴും മുസ്ലിം മതവിഭാഗങ്ങളെ സര്‍ക്കാര്‍ പരിഗണിച്ചിരുന്നില്ല. എല്ലാ മൃതദേഹങ്ങളും ദഹിപ്പിക്കണമെന്ന ഉത്തരവ് വ്യാപക പ്രതിഷേധത്തിനിടയാക്കിയിരുന്നു. അന്താരാഷ്ട്രതലത്തില്‍ പ്രതിഷേധമുയര്‍ന്നതോടെയാണ് ഉത്തരവ് സര്‍ക്കാര്‍ പിന്‍വലിച്ചത്.
ആയിരത്തിലേറെ മദ്രസകളില്‍ ഭൂരിപക്ഷവും ദേശീയ വിദ്യാഭ്യാസ നയം ലംഘിക്കുന്നുവെന്നാണ് മന്ത്രി ശരത് വീരശേഖര ആരോപിക്കുന്നത്.സ്കൂളുകള്‍ തുറന്ന് ആര്‍ക്കും എന്തും പഠിപ്പിക്കാമെന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.