Local

മട്ടന്നൂർ ക്ഷേത്രക്കവർച്ചക്കേസുകളിലെ പ്രതി കോവിഡ് പരിശോധനാ കേന്ദ്രത്തിൽനിന്ന്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. 



 

മട്ടന്നൂർ : ക്ഷേത്രക്കവർച്ചക്കേസുകളിലെ പ്രതി കോവിഡ് പരിശോധനാ കേന്ദ്രത്തിൽനിന്ന്‌ ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.  മട്ടന്നൂർ ഗവ. യു.പി. സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് പരിശോധനാ കേന്ദ്രത്തിലായിരുന്നു സംഭവം. പ്രതിയെ പിടികൂടുന്നതിനിടെ വീണ് രണ്ടു പോലീസുകാർക്ക് പരിക്കേറ്റു.
മട്ടന്നൂർ മേഖലയിലെ ക്ഷേത്രങ്ങളിൽ കവർച്ച നടത്തി വരുന്നതിനിടെ പിടിയിലായി റിമാൻഡിൽ കഴിയുന്ന ഉളിയിലെ സുദേവൻ, പാട്യം പത്തായക്കുന്ന് സ്വദേശി ഋത്വിക് എന്നിവരെയാണ് കൂടുതൽ ചോദ്യംചെയ്യുന്നതിനായി മട്ടന്നൂർ പോലീസ് കസ്റ്റഡിയിൽ വാങ്ങിയത്. പ്രതികളെ കോവിഡ് പരിശോധന നടത്തുന്നതിന് സ്കൂളിലെത്തിച്ചപ്പോഴാണ് ഋത്വിക് ഓടിരക്ഷപ്പെടാൻ ശ്രമിച്ചത്. പ്രതിയുടെ പിന്നാലെയോടിയ പോലീസുകാർ നൂറുമീറ്റർ അകലെവെച്ച് പിടികൂടുകയായിരുന്നു.
പ്രതിയെ പിടികൂടുന്നതിനിടെ സിവിൽ പോലീസ് ഓഫീസർമാരായ വൈശാഖ്, ശ്രീവിൻ എന്നിവർക്ക് പരിക്കേറ്റു. കാലിന് പരിക്കേറ്റ ഇരുവരും മട്ടന്നൂർ ഗവ. ആസ്പത്രിയിൽ ചികിത്സ തേടി. മോഷണം നടന്ന കല്ലൂർ ക്ഷേത്രത്തിൽ ഉൾപ്പെടെ തെളിവെടുപ്പ് നടത്തി.  മണ്ണോറയിലെ മഹാദളം മുച്ചിലോട്ട് ഭഗവതിക്ഷേത്രം, പോർക്കലി ഭഗവതി ക്ഷേത്രം, ഏളന്നൂർ അയ്യപ്പക്ഷേത്രം, കാഞ്ഞിരമണ്ണ് ക്ഷേത്രം, കല്ലൂർ ക്ഷേത്രം എന്നിവിടങ്ങളിലും മോഷണം നടത്തിയത് ഇവരാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു.