ഒ.എല്‍.എക്സിലെ വ്യാജന്മാരെ സൂക്ഷിക്കുക; പട്ടാള യൂനിഫോമിലും കബളിപ്പിക്കല്‍
ഒ.എല്‍.എക്സിലെ വ്യാജന്മാരെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. ഓണ്‍ലൈന്‍ വിപണിയായ ഒ.എല്‍.എക്സ് പോലുള്ള സൈറ്റുകളില്‍ വാഹന, ഇലക്ട്രോണിക് ഉപകരണ വില്പനക്ക് പിന്നാലെ ഫര്‍ണിച്ചര്‍ വ്യാപാരവുമായി തട്ടിപ്പുകാര്‍ രംഗത്തുവന്നിട്ടുണ്ടെന്നും പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് അകൗണ്ടിലൂടെ അറിയിച്ചു. ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതിന്റെ അടിസ്ഥാനത്തിലാണ് ഈ മുന്നറിയിപ്പെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ആളുകളെ വിശ്വസിപ്പിക്കുന്നതിന് പട്ടാളക്കാരുടെ വേഷത്തിലുള്ള ഫോട്ടോയും വ്യാജ ആധാര്‍കാര്‍ഡും പാന്‍ കാര്‍ഡുമൊക്കെ വാട്സ് ആപ്പിലൂടെ അയച്ചുതരും. വീട്ടുപകരണങ്ങള്‍ പകുതിവിലയ്ക്ക് നല്‍കാം എന്ന പേരിലാണ് തട്ടിപ്പ്. മിലിറ്ററി കാന്റീന് വഴി വിലക്കുറവില്‍ ലഭിച്ചതാണെന്നും ട്രാന്‍സ്ഫര്‍ ആയതിനാല്‍ ഇവ കൂടെ കൊണ്ടുപോകാന്‍ ബുദ്ധിമുട്ടായതിനാലാണ് പകുതിവിലയ്ക്ക് നല്കുന്നതെന്നുമാണ് തട്ടിപ്പുകാര്‍ പറഞ്ഞു ഫലിപ്പിക്കുന്നത്.
തുച്ഛമായ വിലയ്ക്ക് വിലകൂടിയ സാധനങ്ങള്‍ വില്‍പ്പനയ്ക്കെന്ന പരസ്യത്തില്‍ പ്രലോഭിതരാകുന്നവരെ പണം വാങ്ങിയ ശേഷം സാധനങ്ങള്‍ നല്‍കാതെ കബളിപ്പിക്കുന്നതും, കൊറിയര്‍ ചാര്‍ജെന്ന പേരിലും അഡ്വാന്‍സ് തുകയായും പണം ആവശ്യപ്പെടുന്നതുമൊക്കെയാണ് തട്ടിപ്പിന്റെ രീതി. ഫോണിലൂടെ ഇടപാട് ഉറപ്പിക്കുകയും പണം അയച്ചു കഴിഞ്ഞാല്‍ ആ ഫോണ്‍ ഓഫ് ചയ്തു മുങ്ങുകയും ചെയ്യുന്നതാണ് ഇവരുടെ രീതി.
വിലക്കുറവെന്ന പ്രലോഭനങ്ങളും മികച്ച അവസരമാണെന്ന വാഗ്ദാനങ്ങളും കേട്ട് ഇത്തരക്കാരുടെ തട്ടിപ്പിന് ഇരയാകാതിരിക്കണമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.