“മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിച്ചു’;ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാം;ഇഡിക്കെതിരെ സ്വര്‍ണക്കടത്ത് കേസ് പ്രതി സന്ദീപ് നായര്‍
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് എതിരെ സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി സന്ദീപ് നായര്‍ എറണാകുളം ജില്ലാ സെഷന്‍സ് ജഡ്ജിക്ക് കത്തയച്ചു. മുഖ്യമന്ത്രിയുടെയും, മന്ത്രിമാരുടെയും, ഒരു ഉന്നത നേതാവിന്റെ മകന്റെയും പേര് പറയാന്‍ ഇഡി ഉദ്യോഗസ്ഥനായ രാധാകൃഷ്ണന് നിര്‍ബന്ധം ചെലുത്തിയെന്ന് സന്ദീപ് നായര്‍ കത്തില്‍ പറയുന്നു. ഇവരുടെ പേര് പറഞ്ഞാല്‍ ജാമ്യം നേടാന്‍ സഹായിക്കാമെന്ന് പറഞ്ഞു. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ജയിലിലാകുമെന്ന് ഭീഷണിപ്പെടുത്തി. സ്വര്‍ണക്കടത്തില്‍ പണം നിക്ഷേപിച്ചവരെ കുറിച്ച് അന്വേഷിച്ചില്ല. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്കാത്തതിനാല് ഉറങ്ങാന്‍ പോലും അനുവദിച്ചില്ല. ഇഡി ഉദ്യോഗസ്ഥരില്‍ നിന്ന് ജീവന് ഭീഷണിയുണ്ടെന്നും കത്തില്‍ പറയുന്നു.അതേസമയം, പ്രതിയുടെ കത്തിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാണ് ഇഡിയുടെ സംശയം. സന്ദീപ് കസ്റ്റഡിയില്‍ ഉള്ളപ്പോള്‍ ഇത്തരം പരാതി കോടതിയില്‍ പറഞ്ഞില്ല. പോലീസുകാരും, പ്രതിയും ഇഡിയ്ക്കെതിരെ നല്കിയ മൊഴിയെക്കുറിച്ച് ഇഡി പരിശോധന തുടങ്ങിയിട്ടുണ്ട്.