പോസ്റ്ററുകളില്‍ നിന്ന് ഇ ശ്രീധരന്റെ ഫോട്ടോ മാറ്റാന്‍ തിരഞ്ഞെടുപ്പ് കമ്മിഷന്; പകരം നിഷ്പക്ഷനായ സഞ്ജുവിന്റെ ചിത്രം
തിരുവനന്തപുരം: സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ പോസ്റ്ററുകളില്‍ ഇ ശ്രീധരന്റെ ചിത്രം പാടില്ലെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറുടെ നിര്‍ദേശം. ഇ ശ്രീധരന് ബി ജെ പിയില്‍ ചേര്‍ന്നതിനു പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടി. 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഐക്കണ്‍ ആയിരുന്നു ഇ ശ്രീധരന്. അന്ന് ഗായിക ചിത്രയും ശ്രീധരനൊപ്പം കമ്മിഷന് ഐക്കണായിരുന്നു.
നിയമസഭാ തിരഞ്ഞെടുപ്പിലും ഇരുവരെയും ഐക്കണായി മുന്നോട്ടു കൊണ്ടുപോകാനായിരുന്നു തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനം. ഇവര്‍ ഇക്കാര്യം അംഗീകരിക്കുകയും ചെയ്തു. തിരഞ്ഞെടുപ്പ് കമ്മിഷന് പുറത്തിറക്കിയ പോസ്റ്ററുകളിലും ഇ ശ്രീധരന്റെയും കെ എസ് ചിത്രയുടെയും ചിത്രങ്ങളുണ്ടായിരുന്നു. എന്നാല്‍ ബി ജെ പിയില്‍ അംഗത്വമെടുത്തതോടെ ഇ ശ്രീധരന് നിഷ്പക്ഷനല്ലാതായിരിക്കുകയാണ്.
ശ്രീധരന്റെ ചിത്രങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഓഫീസുകളില്‍ നിന്നും പോസ്റ്ററുകളില്‍ നിന്നും നീക്കം ചെയ്യണമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ കത്തിലൂടെ ജില്ലാ വരണാധികാരികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ശ്രീധരന് ഒരു രാഷ്ട്രീയ പാര്‍ട്ടിയില്‍ ചേര്‍ന്നതിനു പിന്നാലെയുളള സ്വാഭാവിക നടപടിയെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന് വ്യക്തമാക്കിയിട്ടുളളത്.
അതേസമയം, ശ്രീധരന് പകരം ക്രിക്കറ്റ് താരം സഞ്ജു സാംസണെ പുതിയ ഐക്കണായി തിരഞ്ഞെടുത്തിട്ടുണ്ട്. കെ എസ് ചിത്രയും ഐക്കണായി തുടരും. വോട്ടര്‍മാരെ ബോധവത്കരിക്കാനും കൂടുതല്‍ പേരെ തിരഞ്ഞെടുപ്പിലേക്ക് ആകര്‍ഷിക്കാനുമാണ് ഐക്കണുകളായി സമൂഹത്തില്‍ മാനിക്കപ്പെടുന്ന വ്യക്തികളെ തിരഞ്ഞെടുക്കുന്നത്.