സണ്ഡേസ്കൂള് ക്യാമ്ബില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം: 10 വര്‍ഷങ്ങള്‍ക്ക് ശേഷം വികാരിക്കും കന്യാസ്ത്രീക്കുമെതിരെ കുറ്റപത്രം
കോളിളക്കം സൃഷ്ടിച്ച ആലപ്പുഴ കൈതവന അക്സപ്റ്റ് കൃപാ ഭവനില്‍ നടന്ന ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയുടെ മരണത്തില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു. ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും പത്തു വര്‍ഷങ്ങള്‍ക്ക് മുമ്ബ് അന്വേഷണം അട്ടിമറിച്ച് എഴുതി തള്ളിയ കേസിലാണ് ഇപ്പോള്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടായിരിക്കുന്നത്. ആക്സപ്റ്റ് കൃപാ ഭവനില്‍ വ്യക്തിത്വ വികസന സണ്‍ഡേ സ്കൂള്‍ ക്യാമ്ബിനെത്തിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ശ്രേയയെ കൃപാ ഭവന് വളപ്പിലെ കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പള്ളി വികാരിക്കും കന്യാസ്ത്രീക്കുമെതിരെ സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
പള്ളി വികാരിയും കൃപാ ഭവന് ലഹരിമുക്ത കേന്ദ്രം ഡയറക്ടറും സണ്‍ഡേ സ്ക്കൂള് ക്യാമ്ബ് നടത്തിപ്പുകാരനുമായ ഫാദര്‍ മാത്തുക്കുട്ടി മുന്നാറ്റിന്മുഖം , ക്യാമ്ബ് നടത്തിപ്പുകാരി റെജിയെന്നറിയപ്പെടുന്ന സിസ്റ്റര്‍ സ്നേഹ മറിയ എന്നിവരെ ഒന്നും രണ്ടും പ്രതികളായി ചേര്‍ത്താണ് സി ബി ഐ കുറ്റപത്രം സമര്‍പ്പിച്ചത്. കുറ്റപത്രത്തിന്മേല് ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് ആര്.രേഖ ചൊവ്വാഴ്ച ഉത്തരവ് പ്രസ്താവിക്കും. 2010 ഒക്ടോബര്‍ 17 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ആലപ്പുഴ കൈതവന ഏഴരപ്പറയില്‍ ബെന്നിയുടെയും സുജയുടെയും മകളും ഏഴാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയുമായ 13 വയസ്സുകാരി ശ്രേയയാണ് കൊല്ലപ്പെട്ടത്.
2010 ഒക്ടോബര്‍ 15 ന് സണ്‍ഡേ സ്കൂള്‍ വ്യക്തിത്വ വികസന ക്യാമ്ബിനെത്തിയ 11 അംഗ വിദ്യാര്‍ത്ഥി സംഘത്തിലെ ഒരംഗമായ ശ്രേയയാണ് മൂന്നാം നാള് 17 ന് കൃപാ ഭവന് വളപ്പില്‍ തന്നെയുള്ള കുളത്തില്‍ ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.11 കുട്ടികളും ഒരു കന്യാസ്ത്രീയും കിടന്നുറങ്ങിയിരുന്ന മുറിയില്‍ നിന്നും ശ്രേയയെ കാണാതായിട്ട് നേരം വെളുത്ത് 8.30 മണിക്കാണ് ബന്ധപ്പെട്ടവര്‍ അറിയുന്നത്. പെണ്‍കുട്ടികള്‍ താമസിച്ചിരുന്ന മുറി പൂട്ടാന്‍ പറ്റുന്നില്ലെന്ന് പറഞ്ഞിട്ടും ഫാ.മാത്തുക്കുട്ടിയും സിസ്റ്റര്‍ സ്നേഹയും നന്നാക്കിയില്ലെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്കി. അസമയത്തു പട്ടി കുരക്കുന്നത് കേട്ടതായും ജീവനക്കാരിയും മൊഴി കൊടുത്തു.
അതേ സമയം വീട്ടുകാരെ അറിയിക്കാതെയും പൊലീസില്‍ അറിയിക്കാതെയും ഫയര്‍ഫോഴ്സിനെ മാത്രം വരുത്തി മൃതദേഹം ഉടന്‍ ആശുപത്രിയിലേക്ക് അധികൃതര്‍ മാറ്റുകയായിരുന്നു. പൊലീസിലറിയിക്കാതെയും പൊലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കാതെയും നിയമവിരുദ്ധമായി മൃതദേഹം ആശുപത്രിയിലെത്തിച്ചതില്‍ അന്നേ പരാതി ഉയര്‍ന്നിരുന്നു . നാട്ടുകാര്‍ നോക്കിനില്‍ക്കെ മൃതശരീരത്തിലുണ്ടായിരുന്ന രക്തം മുഴുവന്‍ തുടച്ചു വൃത്തിയാക്കി. കൂടാതെ വായിലും മൂക്കിലും തിരുകിയിരുന്ന രക്തം പുരണ്ട പഞ്ഞി ധൃതിപ്പെട്ട് മാറ്റി കഴുകി വൃത്തിയാക്കിയാണ് മൃതശരീരം ആശുപത്രിയിലെത്തിച്ചത്.
വീട്ടുകാരെ വിളിച്ചു വരുത്തുന്നതിന് പകരം അവരെ ഒഴിവാക്കി വികാരിയുടെ ബന്ധുവായ കൃപാഭവന്റെ സഹായിയായി പ്രവര്‍ത്തിച്ചു വരുന്ന 60 വയസ്സുള്ള അപ്പച്ചന് എന്നയാളെ തിടുക്കത്തില്‍ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കേസില്‍ മൊഴി കൊടുപ്പിച്ചതും സംശയമുണര്‍ത്തിയിരുന്നു. ശ്രേയക്ക് ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവമുണ്ട് എന്ന് വരുത്തിത്തീര്‍ക്കാന്‍ കുട്ടി രാത്രി നടന്ന് കുളത്തില്‍ വീണ് മുങ്ങി മരിച്ചതാണെന്ന തരത്തിലാണ് അപ്പച്ചനെകൊണ്ട് കോണ്‍വെന്റ് അധികൃതര്‍ പ്രഥമ വിവരമൊഴി കൊടുപ്പിച്ചത്.
എന്നാല്‍ ഉറക്കത്തില്‍ എണീറ്റു നടക്കുന്ന സ്വഭാവം ശ്രേയക്കില്ലെന്ന വസ്തുതയുമായി മാതാപിതാക്കള്‍ ശക്തമായി രംഗത്തുവന്നു. കൃപാ ഭവന്റെ വിപുലമായ സ്വാധീനമുപയോഗിച്ച് അന്വേഷണം തടയപ്പെട്ട് കേസ് അട്ടിമറിച്ചതായി പൊതുവെ ആരോപണമുയര്‍ന്നു.ജന രോഷം ഉണ്ടായതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തുവെങ്കിലും പാതിവഴിയില്‍ അന്വേഷണം നിലക്കുകയായിരുന്നു.