ജ്യോത്സ്യന്റെ വാക്ക് കേട്ട് അഞ്ച് വയസ്സുകാരനെ പിതാവ് മണ്ണെണ്ണയൊഴിച്ച് കത്തിച്ച് കൊലപ്പെടുത്തി
തമിഴ്നാട്: മകനെ തീകൊളുത്തി കൊലപ്പെടുത്തിയ പിതാവ് അറസ്റ്റില്‍. തമിഴ്നാട് തിരുവാരൂര്‍ നന്നില്ലം സ്വദേശി രാംകി (29)നെയാണ് പോലീസ് അറസ്റ്റ് ചെയ്തത് . ഇക്കഴിഞ്ഞ ഫെബ്രുവരി 25നാണ് പ്രതി സ്വന്തം മകനെ തീ കൊളുത്തി കൊലപ്പെടുത്തിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഒരു ജ്യോതിഷിയുടെ പ്രവചനത്തെ തുടര്‍ന്നാണ് താന്‍ ഈ ക്രൂര കൃത്യം നടത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. സംഭവം നടന്ന ദിവസം രാത്രിയോടെ മദ്യപിച്ച് ലക്കുകെട്ടെത്തിയ രാംകി, ഭാര്യ ഗായത്രിയുമായി വഴക്കിട്ടു. തര്‍ക്കം മൂത്തതോടെ ദേഷ്യത്തിലായ ഇയാള്‍ നാലു വയസുകരനായ മകന് സായ് സരണിന് നേരെ തിരിയുകയായിരുന്നു. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ച ഇയാള്‍ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു. തുടര്‍ന്ന് അയല്‍ക്കാരുടെ സഹായത്തോടെ കുട്ടിയുടെ അമ്മ ഗായത്രി കുട്ടിയെ നന്നില്ലം സര്‍ക്കാര്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ ഗുരുതരമായി പൊള്ളലേറ്റ കുട്ടി അധികം വൈകാതെ തന്നെ മരിച്ചിരുന്നു. തൊട്ടടുത്ത ദിവസം തന്നെ ഗായത്രി പരാതിയുമായി പൊലീസിനെ സമീപിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഓട്ടോ ഡ്രൈവറായ രാംകിയെ അറസ്റ്റ് ചെയ്തത്. മകന്റെ ജാതകത്തില്‍ ദോഷമുണ്ടെന്നും ഇത് തന്റെ ജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നും ഒരു ജ്യോത്സന് പറഞ്ഞിരുന്നു. ഈ ഭീതിയിലാണ് മകനെ ഇല്ലാതാക്കിയതെന്നാണ് ഇയാള്‍ കുറ്റസമ്മതം നടത്തിയത്.കോടതിയില്‍ ഹാജരാക്കിയ രാംകിയെ നിലവില്‍ മന്നാര്‍ഗുഡി ജയിലില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ആക്കിയിരിക്കുകയാണ്.