Wed. Apr 21st, 2021




കോഴിക്കോട് നോര്‍ത്തില്‍ സംവിധായകന്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകും

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്ത് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക്. നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്ത് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് റിപ്പോര്‍ട്ട്. മത്സരിക്കാന്‍ തയ്യാറാണെന്ന് രഞ്ജിത്ത് സിപിഎം നേതൃത്വത്തെ അറിയിച്ചതായാണ് സൂചന.

സിറ്റിങ് എംഎല്‍എ പ്രദീപ് കുമാറിന് പകരമാണ് കോഴിക്കോട് നോര്‍ത്തില്‍ രഞ്ജിത്തിനെ കളത്തിലിറക്കുന്നത്. പാര്‍ട്ടിക്ക് പുറത്തുള്ള പൊതുസമ്മതരെ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് രഞ്ജിത്തിന്റെ പേര് സിപിഎം പരിഗണിച്ചത്.

ഇടതുപക്ഷ സഹയാത്രികനാണ് രഞ്ജിത്ത്. പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച്‌ പലപ്പോഴായി രഞ്ജിത്ത് നടത്തിയ പ്രസ്‌താവനകളെല്ലാം സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചതാണെന്ന് രഞ്ജിത്ത് പ്രശംസിച്ചിരുന്നു. താന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്നതിനെ കുറിച്ച്‌ ആലോചിച്ചിട്ടില്ലെന്നാണ് കഴിഞ്ഞ ആഴ്‌ച രഞ്ജിത്ത് പറഞ്ഞത്. സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് രഞ്ജിത്ത് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെ നടത്തിയിട്ടില്ല.

അതേസമയം, പ്രദീപ് കുമാറടക്കം കോഴിക്കോട് ജില്ലയിലെ സിപിഎമ്മിന്റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സര രംഗത്തുണ്ടാകില്ല. ഇതുസംബന്ധിച്ച്‌ സിപിഎം ജില്ലാ സെക്രട്ടറിയേറ്റില്‍ ധാരണയായെന്നാണ് വിവരം. കോഴിക്കോട് നോര്‍ത്തില്‍ കെഎസ്‌യു അധ്യക്ഷന്‍ കെ.എം.അഭിജിത്തിനെ സ്ഥാനാര്‍ഥിയാക്കാനാണ് യുഡിഎഫ് ആലോചിക്കുന്നത്. എം.ടി.രമേശ് ആയിരിക്കും ബിജെപി സ്ഥാനാര്‍ഥിയെന്നാണ് സൂചന.






By onemaly