കണ്ണൂര്‍: ( 28.02.2021) കഞ്ചാവ് കേസിലെ പിടികിട്ടാപ്പുള്ളിയായ പ്രതിയെ 12 വര്‍ഷത്തിന് ശേഷം പിടികൂടി. 2008 ല്‍
ആയിരുന്നു കഞ്ചാവ് കൈവശം വച്ചതിനു പൊലീസ് പിടികൂടിയത്. പിന്നീട് ജാമ്യത്തിലിറങ്ങി ഒളിവില്‍ പോയ പ്രതിയെ കണ്ണൂര്‍ സിറ്റി പൊലീസ് 12 വര്‍ഷത്തിന് ശേഷം കോഴിക്കോട് വെച്ച് പിടികൂടുകയായിരുന്നു.
കണ്ണൂര്‍ സിറ്റി പൊലീസ് ഇന്‍സ്പെക്ടര്‍ ടി ഉത്തംദാസിന്റെ നിര്‍ദേശപ്രകാരം സിറ്റി പൊലീസ് സ്റ്റേഷനിലെ എ എസ് ഐ മാരായ അജയന് എം, ഷാജി പി കെ എന്നിവര്‍ ചേര്‍ന്നാണ് പിടികിട്ടാപ്പുള്ളിയായ മട്ടന്നൂര്‍ ഉളിയില്‍ പടിക്കച്ചാലില്‍ എ വി രമേശനെ (50) വെള്ളിയാഴ്ച കോഴിക്കോട് നിന്നും പിടികൂടി കണ്ണൂരില്‍ എത്തിച്ചത്.
കണ്ണൂര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പ്രതിയെ നിരിക്ഷിച്ചു വരികയായിരുന്നു.
ഇയാളെ 2008 ല്‍ കണ്ണൂര്‍ ആയിക്കര ഉപ്പാളവളപ്പില് വെച്ച് കഞ്ചാവ് കൈവശം സൂക്ഷിച്ചതിന് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജയിലില്‍ നിന്ന് ജാമ്യത്തിലിറങ്ങി കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിയെ കോടതി പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഇയാള്‍ കഴിഞ്ഞ 12 വര്‍ഷമായി തിരുവനന്തപുരം, എറണാകുളം, ഇടുക്കി, മൂന്നാര്‍, വയനാട്, പാലക്കാട്, കോഴിക്കോട് എന്നിവിടങ്ങളില്‍ മാറി മാറി മുങ്ങി നടക്കുകയായിരുന്നു. കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്ത് സബ് ജയിലിലേക്ക് അയച്ചു.
ഇലക്ഷനോടനുബന്ധിച്ച് കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണര്‍ ഇളങ്കോ ഐ പി എസ് പിടികിട്ടാപുള്ളികളെ പിടികൂടാന്‍ എല്ലാ പൊലീസ് സ്റ്റേഷനിലേക്കും നിര്‍ദ്ദേശം നല്‍കിയിരിക്കയാണ്.