Tue. Sep 29th, 2020




മലപ്പുറം: പകച്ചിട്ട് കാര്യമില്ല, പകരംവെക്കാന്‍ അളില്ല. എന്ന തലക്കെട്ടില്‍ മുന്മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഉടുതുണി അഴിഞ്ഞു വീഴാറായ കാര്‍ട്ടൂണ്‍ ചിത്രവും തൊട്ടുമുമ്ബില്‍ കുനിഞ്ഞരിക്കുന്ന സരിതയോട് സാമ്യമുള്ള കാര്‍ട്ടൂണ്‍ ചിത്രവും വരച്ച്‌ ഉമ്മന്‍ ചാണ്ടിണ്ടിയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ മലപ്പുറം എടവണ്ണ പൊലീസ് കേസെടുത്തു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ അപമാനിക്കുന്ന തരത്തില്‍ ഒരു സ്ത്രീയുമായി ചേര്‍ത്തുള്ള ഫേസ്‌ബുക്ക് പോസ്റ്റിലാണ് എടവണ്ണ പൊലീസ് കേസെടുത്തത്.

‘ദിലീപ് ദിലീപ്’ എന്ന ഫേസ്‌ബുക്ക് അക്കൗണ്ട് ഉടമക്കെതിരെയാണ് എടവണ്ണ പൊലീസ് ഇന്‍സ്പെക്ടര്‍ എം.ബി സിബിന്‍ കേസെടുത്തത്. 19ന് ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് അക്കൗണ്ടില്‍ ഉമ്മന്‍ ചാണ്ടിയുടെ ചിത്രം ഒരു സ്ത്രീയുടെ ചിത്രത്തോട് ചേര്‍ത്താണ് പകച്ചിട്ട് കാര്യമില്ല പകരം വെക്കാനാളില്ല എന്ന പോസ്റ്റ് വന്നത്. ഈസ്റ്റ് ചാത്തല്ലൂരിലെ സഹല്‍ റഹ്മാന്റെ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.

ജനങ്ങള്‍ രാഷ്ട്രീയമായി ചേരിതിരിഞ്ഞ് ലഹളയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ ഉമ്മന്‍ ചാണ്ടിയെ അപകീര്‍ത്തിപ്പെടുത്തുന്ന വിധത്തിലും മാനഹാനിയുണ്ടാക്കുന്ന വിധത്തിലും അദ്ദേഹത്തിന്റെ ചിത്രം ഒരു സ്ത്രീയുടെ ചിത്രത്തോടൊപ്പം ചേര്‍ത്ത് ഫേസ്‌ബുക്കില്‍ വ്യാജമായ പോസ്റ്റിട്ടതിനാണ് കേസ്. 153 ഐ.പി.സി, 120 (0) കേരള പൊലീസ് ആക്‌ട് 2011 എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.അതേ സമയം സോളാര്‍ വിവാദവുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയേയും സരിതയേയും അപകീര്‍ത്തിപ്പെടുത്താന്‍വേണ്ടി നടത്തിയ നീക്കമാണിതെന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ എടവണ്ണ പൊലീസ് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ടെന്നും പ്രതിയെ പിടികൂടാനായി സൈബര്‍സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്നും എടവണ്ണ പൊലീസ് പറഞ്ഞു. അപകീര്‍ത്തികരമായ പോസ്റ്റ് നിയമസഭാ ഗ്രൂപ്പ് എന്ന മറ്റൊരു ഫേസ്‌ബുക്ക് പേജിലേക്കും ടാഗ് ചെയ്തിട്ടുണ്ട്.

സംഭവവവുമായി ബന്ധപ്പെട്ട് എടവണ്ണ പൊലീസില്‍ സഹല്‍ റഹ്മാന്‍ നല്‍കിയ പരാതിയുടെ ഉള്ളടക്കം ഇങ്ങിനെയാണ്.സഹല്‍റഹ്മാന്‍, മുണ്ടത്തൊടിക, ഹൗസ്, ഈസ്റ്റ് ചാത്തല്ലൂരാണ് പരാതി നല്‍കിയത്. ഞാന്‍ എടവണ്ണ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള മേല്‍പറഞ്ഞ വിലാസത്തില്‍ താമസിച്ചുവരുന്നു. ദിലീപ്, ദിലീപ് എന്ന വ്യക്തി 19.04.2020 ന് രാവിലെ 11.45ന് ഫേസ്‌ബുക്കില്‍ പോസ്റ്റ് ചെയ്ത ചിത്രത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേരളാ മുഖ്യമന്ത്രിയും പുതുപ്പള്ളി എംഎ‍ല്‍എയുമായ ഉമ്മന്‍ ചാണ്ടിയെ മോശമായി ചിത്രീകരിച്ചതിനെ സംബന്ധിച്ചാണ് പരാതി. ഉമ്മന്‍ ചാണ്ടിയുടെ ചിത്രം വികൃതമാക്കിയാണ് ദിലീപ് ദിലീപ് എന്ന വ്യക്തി ഫേസ്‌ബുക്കില്‍ ചിത്രം പ്രചരിപ്പിച്ചത്.

ഇത് അദ്ദേഹത്തിന് വ്യക്തിപരമായി അപമാനിക്കാനും അപകീര്‍ത്തിപ്പെടുത്താനും വേണ്ടി മനഃപൂര്‍വം പ്രചരിപ്പിച്ചതാണ്.മേല്‍പറഞ്ഞ ഫേസ്‌ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ട്, പ്രൊഫൈല്‍ ലിങ്ക് എന്നിവ ഈ പരാതിയുടെ കൂടെ ചേര്‍ക്കുന്നു. ഈ വിഷയത്തില്‍ നിയമനടപടി സ്വീകരിക്കാന്‍ ഇതിനാല്‍ അപേക്ഷിക്കുന്നു. എന്നാണ് സഹല്‍ റഹ്മാന്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. അതേ സമയം ദിലീപ് ദിലീപ് എന്ന ഫേസ്‌ബുക്ക് പേജ് വ്യാജ അക്കൗണ്ടാണ്. ഇതിലെ പ്രൊഫൈല്‍ ഫോട്ടോ തമിഴ്നടന്‍ പ്രകാശ് രാജിന്റേതാണ്. ഇതുസംബന്ധിച്ചു സൈബര്‍സെല്ലിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ടെന്നും തുടര്‍നടപടികള്‍ ഉടന്‍ ഉണ്ടാകുമെന്നും എടവണ്ണ പൊലീസ് മറുനാടന്‍ മലയാളിയോട് പറഞ്ഞു.




By onemaly