തിരുവനന്തപുരം: വീടുകളില്‍ പൊങ്കാല പുണ്യം നുകര്‍ന്ന് ആറ്റുകാല്‍ പൊങ്കാലയ്ക്ക് തുടക്കമായി. ക്ഷേത്ര തിടപ്പളളിയിലെ പൊങ്കാല അടുപ്പില്‍ തീ പകര്‍ന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്, ശശിതരൂര്‍ എം പി, എം എല്‍ എമാരായ വി എസ് ശിവകുാമര്, വി കെ പ്രശാന്ത്, മേയര്‍ ആര്യാ രാജേന്ദ്രന് തുടങ്ങിയവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു.
കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായതിനാല്‍ ക്ഷേത്രത്തിനുളളില്‍ പണ്ടാര അടുപ്പില്‍ മാത്രമാണ് പൊങ്കാല അര്‍പ്പിക്കുന്നത്. ക്ഷേത്രവളപ്പിലും ഭക്തര്‍ക്ക് പൊങ്കാല ഇടാന്‍ അനുവാദമില്ല. പൊതുസ്ഥലത്ത് പൊങ്കാലയര്‍പ്പണം നടത്തരുതെന്ന് ജില്ലാ ഭരണകൂടം നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു.
ഉച്ച കഴിഞ്ഞ് 3.40 നാണ് പൊങ്കാല നിവേദിക്കുക. വൈകുന്നേരത്തെ ദീപാരാധനയ്ക്ക് ശേഷം ഏഴ് മണിയോടെ കുത്തിയോട്ട ചടങ്ങുകള്‍ നടക്കും. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഇത്തവണ ഒരു ബാലന് മാത്രമാണ് കുത്തിയോട്ട ചടങ്ങില്‍ പങ്കെടുക്കുന്നത്. പുലര്‍ച്ചെ ഒരു മണിയ്ക്ക് ക്ഷേത്ര നട അടയ്ക്കും.