Local

നഴ്സിങ് സുപ്രണ്ടുമാരുടെ മാനസികമായി പീഡനം; പോരാത്തതിന് നിര്‍ബന്ധിത അധിക ജോലിയും; കണ്ണൂര്‍ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ നഴ്‌സുമാര്‍ പരാതിയുമായി രംഗത്ത്



കണ്ണൂര്‍: നഴ്സിങ് സുപ്രണ്ടുമാര്‍ നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുന്നു എന്നും നിര്‍ബന്ധിത അധിക ജോലി ചെയ്യിപ്പിക്കുന്നതായും പരാതി. കണ്ണൂര്‍ ശ്രീചന്ദ് സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലാണ് നഴ്സുമാര്‍ സൂപ്രണ്ടുമാരുടെ പീഡനത്തിരയാകുന്നത്. പീഡനം സഹിക്കാതെ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി നഴ്സുമാര്‍ ജോലി ഉപേക്ഷിച്ചു പോയി. ഇപ്പോഴും ജോലി ചെയ്യുന്നവര്‍ വരും ദിവസങ്ങളില്‍ രാജിക്കത്ത് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞ കുറേ മാസങ്ങളായിട്ടാണ് ശ്രീചന്ദ് ആശുപത്രിയിലെ ജീവനക്കാര്‍ക്ക് കൊടിയ പീഡനം നേരിടേണ്ടി വരുന്നത്. നിസ്സാര കാര്യങ്ങള്‍ക്ക് നഴ്സുമാരെ മാനസികമായി പീഡിപ്പിക്കുകയാണ് സൂപ്രണ്ടുമാര്‍. മൂന്ന് സുപ്രണ്ടുമാര്‍ക്കെതിരെയാണ് ആശുപത്രി ജീവനക്കാര്‍ പരാതി ഉന്നയിക്കുന്നത്. ഇതില്‍ ഒരു സൂപ്രണ്ട് മുന്‍പ് ജീവനക്കാരോട് മോശമായി പെരുമാറിയതിന് മാനേജ്മെന്റ് ശാസിച്ചതാണ്. പിന്നീട് ഇവര്‍ വീണ്ടും പഴയപടി തന്നെയാണ് പെരുമാറുന്നതെന്ന് ജീവനക്കാര്‍ മറുനാടനോട് പറഞ്ഞു.

ഇവരുടെ പീഡനം സഹിക്ക വയ്യാതെ നഴ്സുമാര്‍ ജോലി രാജിവച്ചു പോയതോടെ മറ്റു നഴ്സുമാര്‍ക്ക് അധിക ജോലി നല്‍കുകയാണ് ഇവര്‍. 8 മണിക്കൂര്‍ ജോലിയാണ് ഒരു ഷിഫ്റ്റിലുള്ളത്. വീണ്ടും 8 മണിക്കൂര്‍ കൂടി ജോലി ചെയ്യിപ്പിക്കുകയാണ്. ഇതോടെ ശാരീരികമായി ഏറെ ബുദ്ധിമുട്ടുകള്‍ ജീവനക്കാര്‍ നേരിടുകയാണ്. ഇതിനിടയിലാണ് നിസ്സാര കാര്യങ്ങള്‍ക്ക് പോലും ജീവനക്കാരുടെമേല്‍ സൂപ്രണ്ടുമാര്‍ അനാവശ്യ കുറ്റപ്പെടുത്തലുകള്‍ നടത്തുന്നത്.

കോവിഡ് കാലത്ത് രാജ്യത്തെ ഏറ്റവും വലിയ ഹീറോകളായി മാറിയത് നഴ്‌സുമാരും ആരോഗ്യ പരിപാലന വിദഗ്ധരുമാണ്. അവരെ ദൈവത്തെ പോലെ കണ്ടാണു പലരും ആരാധിച്ചത്. കോവിഡ് പോരാട്ടത്തില്‍ ഏര്‍പ്പെട്ട് കൊണ്ടിരിക്കുന്ന നഴ്സുമാരുടെ ന്യായമായ അവകാശങ്ങള്‍പോലും കവര്‍ന്നെടുത്ത്, അവരുടെ മനോവീര്യം തകര്‍ക്കുന്ന രീതിയിലാണ് ശ്രീചന്ദിലെ നഴ്സിങ് സുപ്രണ്ടുമാര്‍ പെരുമാറുന്നത്. തിരക്ക് കാരണവും ജീവനക്കാരുടെ കുറവുമൂലം മിക്ക നഴ്സുമാരും ഇരട്ടിയിലധികം രോഗികളെയാണ് നോക്കുന്നത്. വിശ്രമം കൊടുക്കണമെന്ന സര്‍ക്കാര്‍ ഉത്തരവ് കാറ്റില്‍ പറത്തിയാണ് നിര്‍ബന്ധിതമായി നഴ്സുമാര്‍ക്ക് അധിക ഡ്യൂട്ടിനല്‍കുന്നത്.

ആശുപത്രിയിലെ നഴ്സിങ് സൂപ്രണ്ടുമാരുടെ പീഡനം മാനേജ്മെന്റ് ഇതുവരെ അറിഞ്ഞിട്ടില്ല എന്നാണ് മറുനാടന്‍ നടത്തിയ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ആശുപത്രി പി.ആര്‍.ഒ സനൂപിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പരാതികളൊന്നും ലഭിച്ചിട്ടില്ല എന്ന് അറിയിച്ചു. ഏതെങ്കിലും തരത്തില്‍ ജീവനക്കാര്‍ക്ക് ബുദ്ധിമുട്ടുകളോ പരാതികളോ ഉണ്ടെങ്കില്‍ ആശുപത്രിയിലെ ഉന്നത അധികാരികള്‍ പരാതിനല്‍കാമെന്നും ഇങ്ങനെ ഒരു വിഷയം അറിഞ്ഞ സ്ഥിക്ക് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കാമെന്നും സനൂപ് പറഞ്ഞു.

കണ്ണൂരില്‍ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയാണിത്. സ്റ്റാഫുകള്‍ക്ക് മറ്റെവിടെയും ലഭിക്കാത്ത ശമ്ബളം കൃത്യമായി നല്‍കുന്നുമുണ്ട്. കൊറോണക്കാലത്ത് പോലും ശമ്ബളം മുടങ്ങാതെയും കോറോണ പിടിപെട്ട ജീവനക്കാര്‍ക്ക് മുടങ്ങാതെ വേദനം നല്‍കുകയും ചെയ്തിരുന്നു. അത്തരത്തില്‍ ജീവനക്കാരെ സംരക്ഷിക്കുന്ന ആശുപത്രിയായതിനാല്‍ അവര്‍ക്ക് ഒര പ്രശ്നം വരുമ്ബോള്‍ മാനേജ്മെന്റ് കൃത്യമായി ഇടപെടുമെന്നും പി.ആര്‍.ഒ വ്യക്തമാക്കി.