”പിണറായി വിജയന്‍ പ്രധാനമന്ത്രി ആയതിന് ശേഷമേ ഇനി അഭിനയിക്കുന്നുളളൂ”; പ്രതികരണവുമായി മാല പാര്‍വ്വതി-വ്യാജ വാര്‍ത്ത – Sreekandapuram Online News-
Sat. Sep 19th, 2020
തിരുവനന്തപുരം: ”സഖാവ് പിണറായി വിജയന്‍ ഇന്ത്യയുടെ പ്രധാനമന്ത്രി ആയതിന് ശേഷം മാത്രമേ ഇനി അഭിനയരംഗത്ത് തുടരുകയുളളൂ എന്ന് സിനിമാ താരം മാല പാര്‍വ്വതി”- ഫേസ്ബുക്കില്‍ പ്രചരിക്കുന്ന ഒരു പോസ്റ്റാണിത്. യുവത എന്ന പേരുളള ഫേസ്ബുക്ക് പേജിലാണ് നടി മാല പാര്‍വ്വതിയുടെ പേരില്‍ ഈ വ്യാജ പ്രചാരണം പ്രത്യക്ഷപ്പെട്ടത്.

ഈ പോസ്റ്റിനെതിരെ നിയമനടപടിക്കൊരുങ്ങുകയാണ് മാല പാര്‍വ്വതി. താന്‍ എവിടെയും മുഖ്യമന്ത്രിയെ കുറിച്ച്‌ അത്തരത്തിലൊരു പരാമര്‍ശം നടത്തിയിട്ടില്ലെന്ന് മാല പാര്‍വ്വതി പറഞ്ഞു. വൈകുന്നേരത്തോടെയാണ് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടത്. സംഘടിതമായ ഒരു സൈബര്‍ ഭീഷണിയുടെ ഭാഗമായാണ് ഇത്തരമൊരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടത് എന്നാണ് കരുതുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.

വിഷയാധിഷ്ഠിതമായാണ് താന്‍ പ്രതികരിക്കാറുളളത്. സര്‍ക്കാര്‍ ചെയ്യുന്ന നല്ല കാര്യങ്ങളെ അഭിനന്ദിച്ച്‌ പോസ്റ്റ് ഇടുന്നുണ്ടാകും. അല്ലാത്ത പോസ്റ്റുകളും ഉണ്ടാകും. എന്നാല്‍ യുവത എന്ന ഫേസ്ബുക്ക് പേജില്‍ തന്റെ പേരില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റ് പൂര്‍ണമായും തെറ്റിദ്ധരിപ്പിക്കപ്പെടുന്നതാണ് എന്നും മാല പാര്‍വ്വതി പറഞ്ഞു. പോസ്റ്റിന് താഴെ അശ്ലീലം പറയുകയാണ് ആളുകള്‍. അതില്‍ നിന്ന് അവരുടെ സംസ്‌ക്കാരമാണ് വെളിപ്പെടുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.

മാല പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ: ” യുവത എന്ന പേജില്‍ വന്നതാണ് താഴെ കൊടുത്തിരിക്കുന്ന സ്ക്രീന്‍ ഷോര്‍ട്ടുകള്‍. ഞാന്‍ പറയാത്ത കാര്യങ്ങളാണ്. എന്റെ ചിത്രം സഹിതം ഇത്തരം വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ നിയമ നടപടി സ്വീകരിക്കും. വ്യാജപ്രചാരണങ്ങളും അശ്ലീലവര്‍ഷവും കൊണ്ട് എന്റെ നിലപാട് മാറുമെന്ന് ആരും കരുതണ്ട”.

കൊവിഡുമായി ബന്ധപ്പെട്ട് കേരളത്തിന്റെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ തനിക്ക് നല്ല അഭിപ്രായമാണ് ഉളളത്. ഇത്രയും വലിയ പ്രശ്‌നം നടക്കുമ്ബോള്‍ രാഷ്ട്രീയപരമായ അതിര് വിട്ട ആക്രമണം തനിക്ക് ന്യായമായി തോന്നുന്നില്ല. തന്റെ ചിത്രം വെച്ച്‌ പോകുന്നത് താന്‍ പറയുന്ന കാര്യങ്ങള്‍ മാത്രമായാല്‍ മതി. അതിനാലാണ് നിയമനടപടികളിലേക്ക് പോകുന്നത് എന്നും മാല പാര്‍വ്വതി പറഞ്ഞു.
By onemaly