kerala

ശബരിമല പ്രക്ഷോഭം; പൗരത്വനിയമ പ്രതിഷേധം; ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാന്‍ മന്ത്രിസഭാ തീരുമാനം



തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനം, പൗരത്വനിയമം എന്നിവയുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളുടെ പേരില്‍ എടുത്ത കേസുകള്‍ പിന്‍വലിക്കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവം ഇല്ലാത്ത കേസുകള്‍ പിന്‍വലിക്കാനാണ് തീരുമാനം.

ശബരിമല സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കണമെന്ന് എന്‍ എസ് എസ് അടക്കമുള്ള സംഘടനകളും കോണ്‍ഗ്രസും ബി ജെ പിയും ആവശ്യപ്പെട്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ തീരുമാനം.

സര്‍ക്കാരിന്റെ വൈകിവന്ന വിവേകമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. ഗത്യന്തരമില്ലാതെയുള്ള തീരുമാനമാണിതെന്ന് മുസ്ലിം ലീഗും അഭിപ്രായപ്പെട്ടു. അധികാരത്തില്‍വന്നാല്‍ ശബരിമല പ്രക്ഷോഭ കേസുള്‍ പിന്‍വലിക്കുമെന്ന് നേരത്തെ യു ഡി എഫ് വ്യക്തമാക്കിയിരുന്നു.

ശബരിമല കേസുകള്‍ പിന്‍വലിക്കാനുള്ള തീരുമാനം സ്വഗതാര്‍ഹമാണെന്ന് ബി ജെ പി പ്രതികരിച്ചു. രാഷ്ട്രീയ പക്ഷപാതിത്വം വെച്ചുകൊണ്ടാണ് കേസുകള്‍ എടുത്തതെന്നും ഇതുമൂലം നിരവധി യുവാക്കള്‍ക്ക് ജോലിസാധ്യതകള്‍ ഇല്ലാതായിരുന്നെന്നും ബി ജെ പി പറഞ്ഞു.