തിരുവനന്തപുരം: റേഷന്‍ കുരുക്ക് അഴിച്ച് സര്‍ക്കാരിന് 600 കോടിയോളം രൂപയുടെ നേട്ടം ഉണ്ടാക്കിയത് അറിയപ്പെടാത്ത ഈ കരാര്‍ ജീവനക്കാരി. പരവൂര്‍ പൊഴിക്കര ഡി എസ് വിഹാറില്‍ 38കാരിയായ അജു സൈഗള്‍ ആണ് മന്ത്രിമാരുടെ പ്രശംസ ഏറ്റുവാങ്ങിയ ആ ജീവനക്കാരി. റേഷന്‍ പട്ടികയില്‍ കടന്നുകയറിയ അനര്‍ഹരെ കണ്ടെത്തുക എന്ന പ്രയാസകരമായ ദൗത്യമാണ് അജു വിജയകരമായി പൂര്‍ത്തിയാക്കിയത്.
50 ലക്ഷത്തില്‍പ്പരം മുന്‍ഗണനാ കാര്‍ഡ് ഉടമകള്‍, 90 ലക്ഷത്തില്‍പ്പരം കെട്ടിട ഉടമകള്‍, 45 ലക്ഷത്തില്‍പരം വാഹന ഉടമകള്‍, ഇവരുടെ മേല്‍വിലാസങ്ങള്‍ ഒത്തുനോക്കിയാണ് അനര്‍ഹരെ കണ്ടുപിടിച്ചത്. അതിനുള്ള സോഫ്റ്റ് വെയര്‍ ഉണ്ടാക്കി. വിലകൂടിയ വാഹനങ്ങളുള്ള 4642ഉം 36,670ഉം പേരെ കണ്ടെത്തി. തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലെ കെട്ടിടത്തിന്റെ തറവിസ്തീര്‍ണ്ണ വിവരങ്ങളും ഒത്തുനോക്കി. 1000 ചതുരശ്ര അടിക്കുമേല്‍ വീടുള്ള 19,359 പേരെയും 1,51,111പേരെയും കണ്ടെത്തി. ഇവരെല്ലാം അനര്‍ഹമായി റേഷന്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റി വരികയായിരുന്നു. –
കണ്ടെത്തിയവരുടെ പട്ടിക ജില്ലാ തലത്തിലും താലൂക്ക് തലത്തിലും റേഷനിങ് ഉദ്യോഗസ്ഥര്‍ക്ക് അയച്ചു കൊടുത്തു. അവര്‍ പരിശോധന നടത്തി അനര്‍ഹരെ കണ്ടെത്തി. ഇതുവരെയായി 5.62 ലക്ഷം കാര്‍ഡുകള്‍ മുന്‍ഗണനാ ലിസ്റ്റില്‍നിന്നും മാറി. കണ്ടെത്തിയ അനര്‍ഹരില്‍ നിന്നും ഒരു കിലോ അരിക്ക് 29.81 രൂപ പ്രകാരമാണ് തിരിച്ചുപിടിക്കാന്‍ നടപടിയെടുക്കുന്നത്. ഖജനാവിന് കോടികളുടെ മൂല്യമുള്ള സേവനമാണ് അങ്ങനെ ലഭിച്ചിരിക്കുന്നത്.
എളുപ്പമായിരുന്നില്ല ഈ ജോലി. റേഷന്‍കാര്‍ഡിലെ പേരും മേല്‍വിലാസവും മലയാളത്തിലാണ്. വാഹന, കെട്ടിട രജിസ്റ്ററുകള്‍ ഇംഗ്ലീഷിലും. കമ്ബ്യൂട്ടറിന് ഇവ രണ്ടും താരതമ്യപ്പെടുത്തണമെങ്കില്‍ ആദ്യം റേഷന്‍കാര്‍ഡിലെ മലയാള മേല്‍വിലാസമെല്ലാം ഇംഗ്ലീഷിലാക്കണം. മലയാള ഭാഷ നാമങ്ങള്‍ ഉച്ഛാരണശുദ്ധിയോടെ ഇംഗ്ലീഷ് അക്ഷരങ്ങളിലേക്ക് മാറ്റുക എളുപ്പമല്ല. ഈ പണിയൊക്കെ ചെയ്തതും ജോലികള്‍ പൂര്‍ത്തിയാക്കിയതും അജുവാണ്.
–
മരിച്ചുപോയവര്‍ പെന്ഷന് വാങ്ങുന്നത് കണ്ടെത്തിയതായിരുന്നു മറ്റൊരു സേവനം. സംസ്ഥാനത്ത് ക്ഷേമപെന്‍ഷനും സാമൂഹിക സുരക്ഷാപെന്‍ഷനും വാങ്ങുന്ന 47 ലക്ഷം പേരില്‍ 4.5 ലക്ഷം അനര്‍ഹര്‍ പുറത്താവുകയും ചെയ്തു. ആ വഴി 600 കോടി രൂപയെങ്കിലും സംസ്ഥാനത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് ഏകദേശ കണക്ക്.
ന്യൂഡല്‍ഹി ഇന്സ്റ്റിറ്റ്യൂഷന് ഓഫ് ഇലക്ട്രോണിക്സ് ആന്‍ഡ് ടെലികമ്യൂണിക്കേഷന്‍ എഞ്ചിനിയേഴ്സില് നിന്നും കമ്ബ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗില്‍ ഫെലോഷിപ്പ് ലഭിച്ചിരിക്കുകയാണീ യുവ പ്രതിഭയ്ക്കിപ്പോള്‍. ഗോത്രജനതയ്ക്കുള്ള സേവനങ്ങള്‍ ഓണ്‍ലൈനിലാക്കുന്ന ദൗത്യത്തിനു പിന്നിലും അജുവിന്റെ കൈകളുണ്ടായിരുന്നു. ഇതിന്റെ പേരില്‍ മന്ത്രി എ കെ ബാലന് കഴിഞ്ഞദിവസം ഉപഹാരം നല്കി ആദരിച്ചിരുന്നു. എല്ലാ പൗരന്മാര്ക്കുമുള്ള സേവനങ്ങള്‍ ഓണ്‍ലൈനാക്കുന്ന ബൃഹത്തായ പദ്ധതിയുടെ ഭാഗമാണിപ്പോള്‍ അജു.
കമ്ബ്യൂട്ടല് എഞ്ചിനിയറിങ്ങും എം ബി എയും പാസായ അജു, ടാന്‍ഡം, ടെക്നോ പാര്‍ക്ക്, എന്‍ ഇ സി തുടങ്ങി വിവിധ സ്ഥലങ്ങളില്‍ പ്രോജക്ട് കോ -ഓര്‍ഡിനേറ്റര്‍ ആയി ജോലിചെയ്തിട്ടുണ്ട്. ഇപ്പോള്‍ ധനകാര്യവകുപ്പിനു കീഴില്‍ കരാറടിസ്ഥാനത്തില്‍ പ്രോജക്ട് കോ-ഓര്‍ഡിനേറ്ററായി ജോലിചെയ്യുകയാണ്. പരവൂര്‍ സര്‍വീസ് ബാങ്കില്‍ ഉദ്യോഗസ്ഥനായിരുന്ന ഭര്‍ത്താവ് സാബു കഴിഞ്ഞവര്‍ഷം മരിച്ചു. അച്ഛന്: ഗൗതമ സൈഗള്‍. അമ്മ: സുധര്‍മ സൈഗള്‍. മകള്‍: ആദ്യസാബു.