Thu. Mar 4th, 2021




തിരുവനന്തപുരം: കരമന കൂടത്തില്‍ ഉമാമന്ദിരത്തിലെ അസ്വാഭാവിക മരണങ്ങളില്‍ പൊലീസ് അന്വേഷണം കൂടുതല്‍ പേരിലേക്ക് നീങ്ങുന്നു. ഫോറന്‍സിക് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊലക്കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥരെല്ലാം സ്ഥലം മാറിപ്പോയി. ഇത് തുടര്‍ നടപടികളെ ബാധിച്ചേക്കാമെന്ന് ആശങ്കയുണ്ട്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായര്‍ അടക്കമുള്ളവരെ ചോദ്യം ചെയ്യാനുള്ള നടപടികളാണ് അടുത്തത്.
രവീന്ദ്രന്‍ നായര്‍ക്കൊപ്പം ഈ കുടുംബവുമായി ബന്ധപ്പെട്ടിരുന്ന മറ്റ് ചിലര്‍ക്കും അവസാനത്തെ അവകാശിയായിരുന്ന ജയമാധവന്‍ നായരുടെ മരണവുമായി ബന്ധമുണ്ടെന്നാണ് സൂചന. മരണ ദിവസം തുണികളും മറ്റ് തെളിവുകളും കത്തിക്കുന്നത് കണ്ടെന്ന സാക്ഷിമൊഴികളുണ്ട്. ഇതിനു മുമ്ബ് ജയപ്രകാശ് മരിച്ച ദിവസവും ഇത്തരത്തില്‍ ചിലതെല്ലാം കത്തിച്ചതായി സാക്ഷിമൊഴികളുണ്ട്. ജയപ്രകാശിന്റെ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്നില്ല.
ജയമാധവന്‍ നായരെ ആശുപത്രിയില്‍ കൊണ്ടുപോയെന്ന് മൊഴി നല്‍കാന്‍ അഞ്ച് ലക്ഷം രൂപ രവീന്ദ്രന്‍ നായര്‍ വാഗ്ദാനം ചെയ്തെന്നാണ് ഓട്ടോക്കാരന്‍ പറഞ്ഞത്.മുന്‍ കാര്യസ്ഥനായിരുന്ന സഹദേവനും ജോലിക്കാരി ലീല അടക്കമുള്ളവര്‍ക്കും രവീന്ദ്രന്‍നായര്‍ പണം നല്‍കിയതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇവരെയെല്ലാം ചോദ്യം ചെയ്യാനായി വിളിപ്പിക്കും. ജയമാധവന്‍നായര്‍ വാതില്‍പ്പടിയില്‍ തട്ടി വീണുവെന്നായിരുന്നു രവീന്ദ്രന്‍ നായരുടെ ആദ്യമൊഴി. പിന്നിട് വീഴ്ചയില്‍ തല കട്ടിലില്‍ തട്ടിയെന്നും പറഞ്ഞു. പക്ഷേ,​ മുറിവുകള്‍ ഇത്തരത്തിലുണ്ടായതല്ലെന്നാണ് ഫോറന്‍സിക് റിപ്പോര്‍ട്ട്. രക്തത്തിന്റെ അംശമുള്ള തടിയും വീട്ടില്‍ നിന്ന് കണ്ടെത്തിയിരുന്നു.കോഴിക്കോട് കൂടത്തായി മാതൃകയില്‍ ഇതിനുമുമ്ബും കുടുംബത്തില്‍ കൊലപാതകങ്ങള്‍ നടന്നോ എന്നതും പരിശോധിക്കുന്നുണ്ട്. വിവിധ കാലങ്ങളായി ഏഴ് മരണങ്ങളാണ് നടന്നത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖിയമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ഗോപിനാഥന്‍ നായരുടെ സഹോദരന്‍മാരുടെ മക്കളായ ജയമാധവന്‍ നായര്‍, ഉണ്ണികൃഷ്ണന്‍ നായര്‍ എന്നിവരാണ് അസ്വാഭാവികമായി മരിച്ചത്. 100 കോടിയോളം രൂപയുടെ സ്വത്തുക്കളായിരുന്നു ഈ കുടുംബത്തിനുണ്ടായിരുന്നത്.






By onemaly