കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ കമാനം നശിപ്പിച്ച സംഭവം: പ്രതികളുടേതെന്നു സംശയിക്കുന്ന സി.സി.ടി.വി ദൃശ്യം പോലീസ് പുറത്തുവിട്ടു
___22.02.2021_____
കണ്ണാടിപ്പറമ്പ :- കണ്ണാടിപ്പറമ്പ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൻ്റെ കമാനം നശിപ്പിച്ച സംഭവത്തിൽ വഴിത്തിരിവായി സി.സി.ടി.വി ദൃശ്യം. സംഭവം നടന്നതിന്റെ തലേന്ന് പാതിരാത്രി മുഖംമൂടി ധരിച്ചെത്തിയ രണ്ടു പേരാണ് ദൃശ്യത്തിലുള്ളത്. ഇവർ കമാനം തകർക്കുവാൻ പോകുന്നതും, ശേഷം ഓടിരക്ഷപ്പെടുന്നതുമാണ് കാണുന്നത്.
സ്റ്റെപ്പ്റോഡിൽ സ്ഥാപിച്ചിരുന്ന കമാനം കഴിഞ്ഞ ജനുവരി 8ന് നടന്ന വാഹനാപകടത്തിൽ തകർന്നിരുന്നു. ഇതു വീണ്ടും പുനർനിർമ്മിക്കുന്ന പ്രവർത്തി നടക്കുന്നതിനിടെയാണ് ഈ മാസം 16ന് രാത്രി സാമൂഹ്യദ്രോഹികൾ നശിപ്പിച്ചത്. ഇതോടെ ക്ഷേത്രത്തിന് വൻ സാമ്പത്തിക നഷ്ടമാണ് ഉണ്ടായിട്ടുള്ളത്. സംഭവത്തിൽ ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസർ മയ്യിൽ പൊലീസിൽ പരാതി നൽകിയിരുന്നു.
അതേസമയം, സി.സി.ടി.വി ദൃശ്യങ്ങളടക്കമുള്ള സൂചനകൾ വെച്ചുള്ള അന്വേഷണം ഊർജ്ജിതമായി നടക്കുകയാണെന്നും, പ്രതികളെ കുറിച്ച് വല്ല വിവരവും ലഭിക്കുന്നവർ ബന്ധപ്പെടണമെന്നും മയ്യിൽ പൊലീസ് അറിയിച്ചു.