kerala

88കാരന്‍ മെട്രോമാന്‍ ഇ ശ്രീധരന്റെ ബിജെപി പ്രവേശനവും മരുമകന്റെ 9500 കോടിയുടെ കമ്ബനി ഓഹരി വില്‍പനയും



തിരുവനന്തപുരം: മെട്രോമാന്‍ എന്നറിയപ്പെടുന്ന ഇ ശ്രീധരന്‍ ബിജെപി അംഗത്വം സ്വീകരിക്കുകയാണെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ബിജെപിയുമായി അടുത്തബന്ധമുണ്ടെന്ന സൂചനയൊന്നും പുറത്തുവിടാതിരുന്ന ശ്രീധരന്‍ 88-ാമത്തെ വയസില്‍ ബിജെപി അംഗത്വം സ്വീകരിക്കാന്‍ തയ്യാറാവുകയും തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുക്കം നടത്തുകയും ചെയ്യുന്നത് രാഷ്ട്രീയ കേരളം ആകാംഷയോടെ വീക്ഷിക്കുകയാണ്.

്ശ്രീധരനെ പോലെ ജനങ്ങളുടെ പ്രശംസ ആവോളം പിടിച്ചുപറ്റിയ ഉദ്യോഗസ്ഥര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രമായിരിക്കും. പാലങ്ങളും മറ്റു നിര്‍മിതകളും അഴിമതിരഹിതമായി ചെലവു കുറച്ച്‌ ചെയ്ത് കൈയ്യടി നേടിയ വ്യക്തിയാണ് മെട്രോമാന്‍. ഇത്തരമൊരാള്‍ വാര്‍ധക്യ കാലത്ത് ബിജെപിയെ കൈപിടിച്ചുയര്‍ത്താന്‍ എത്തുമ്ബോള്‍ അത്ഭുതപ്പെടുന്നവരാണ് ഏറിയ പങ്കും.

അടുത്തകാലത്ത് ബിജെപിയിലേക്ക് ചേക്കേറിയ സെലിബ്രിറ്റികളിലും മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരിലുമെല്ലാം പൊതുവായ ചില പ്രത്യേകതകള്‍ കാണാണം. ഒന്നുകില്‍ കടുത്ത വര്‍ഗീയ വാദികള്‍. അതല്ലെങ്കില്‍ അഴിമതിപ്പണം രക്ഷിക്കാന്‍ തത്രപ്പാട് നടത്തുന്നവര്‍. ശ്രീധരന്‍ ബിജെപിയിലെത്തുമ്ബോള്‍ ഈ രണ്ടു കാര്യങ്ങളും അദ്ദേഹത്തിന് ബാധകമാകുന്നില്ല.

ഇന്നേവരെ വര്‍ഗീയ പരാമര്‍ശം നടത്തിയ വ്യക്തിയാണ് ശ്രീധരന്‍ എന്നാരും പറഞ്ഞിട്ടില്ല. അഴിമതി വിഷയത്തിലും മെട്രോമാനെതിരെ ആര്‍ക്കെങ്കിലും വിരല്‍ ചൂണ്ടാനാകില്ല. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയിരിക്കെ എന്തിനായിരിക്കും അദ്ദേഹം പൊടുന്നനെ ബിജെപിയിലേക്ക് എടുത്തചാടിയത്.

ബിജെപി ഏറ്റവും മികച്ച പാര്‍ട്ടയാണെന്നും ദേശസ്‌നേഹമാണ് അവരുടെ മുഖമുദ്രയെന്നുമൊക്കെ ശ്രീധരന്‍ പറയുന്നുണ്ട്. എന്നാല്‍, ഇത് ബിജെപിയെ ട്രോളുന്നതാണോ എന്നുപോലും സംശയിച്ചുപോകും. ബുദ്ധിമാനായ ശ്രീധരന് ബിജെപിയുടെ രാഷ്ട്രീയ നിലപാടുകള്‍ ആരും വിശദീകരിച്ചു കൊടുക്കേണ്ടതില്ല എന്നതുകൊണ്ടുതന്നെ ബിജെപിയെ അദ്ദേഹം വിലയിരുത്തുന്നത് ഏത് മാനദണ്ഡപ്രകാരമാണെന്നത് വ്യക്തമല്ല.

ശ്രീധരന്‍ ബിജെപിയിലേക്ക് ചേക്കേറുന്ന അന്നുതന്നെ പുറത്തുവന്ന ഒരു വാര്‍ത്ത അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാടുകള്‍ക്ക് കാരണമായിട്ടുണ്ടെന്ന് ആരോപിക്കുന്നവരുണ്ട്. മകളുടെ ഭര്‍ത്താവ് ഹരി മേനോന്‍ സഹസ്ഥാപകനായ ബിഗ് ബാസ്‌ക്കറ്റ് കമ്ബനി 68 ശതമാനം ഓഹരികള്‍ ടാറ്റ ഗ്രൂപ്പിന് വിറ്റഴിക്കാന്‍ ഒരുങ്ങുന്നു എന്നതാണ് വാര്‍ത്ത.

9500 കോടി രൂപയുടെ ഇടപാട് ഇതിലൂടെ ബിഗ് ബാസ്‌ക്കറ്റ് നടത്തുന്നത്. 13500 കോടി രൂപയുടെ ആസ്തിയുള്ള ഒരു കമ്ബനിയുടെ സഹ ഉടമസ്ഥന്‍ കൂടിയായ മരുമകന് വേണ്ടിയാണോ ശ്രീധരന്‍ ബിജെപിയിലെത്തുന്നത് എന്ന് ചിലര്‍ ചോദിക്കുമ്ബോള്‍ തെറ്റു പറയാനാകില്ല.

കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച്‌ ബിസിനസുകാരെ വേട്ടയാടുന്ന രീതി കേന്ദ്ര സര്‍ക്കാരിന് പുതുമുള്ള കാര്യമല്ലല്ലോ. കേന്ദ്രത്തിനെതിരെ തിരിഞ്ഞ ധനാഢ്യര്‍ക്കെല്ലാം ഇഡിയുടെ കരുത്ത് കാട്ടിക്കൊടുത്തിട്ടുമുണ്ട്.

ബിജെപിയില്‍ ചേരാന്‍ ആര്‍ക്കും അവകാശമുണ്ട് എന്നതുപോലെ തന്നെ ശ്രീധരനും അതിനുള്ള അവകാശമുണ്ട്. എന്നാല്‍, അതിനായി ശ്രീധരന്‍ പറയുന്ന കാര്യങ്ങള്‍ അരിയാഹാരംകഴിക്കുന്നവര്‍ക്ക് ദഹിക്കുന്നതല്ല. എന്തു കാര്യം നേടാനാണ് അദ്ദേഹം ബിജെപിയിലേക്കെത്തിയതെന്ന് കാലം തെളിയിക്കേണ്ടതാണ്.

കേരളത്തില്‍ പല പാര്‍ട്ടികളില്‍ നിന്നും ബിജെപി ഛോട്ടാ നേതാക്കളെ റാഞ്ചിയിട്ടുണ്ട്. എന്നാല്‍, അവര്‍ക്ക് കിട്ടിയ വമ്ബന്‍ സ്രാവാണ് ശ്രീധരന്‍. ജേക്കബ് തോമസും അല്‍ഫോന്‍സ് കണ്ണന്താനവും സെന്‍കുമാറുമെല്ലാം ബിജെപി ചായ്‌വ് കാട്ടിയത് എന്തിനാണെന്ന് മലയാളികള്‍ക്കറിയാം. സ്ഥാനാര്‍ഥിത്വം മോഹിച്ച്‌ ജസ്റ്റില്‍ കെമാല്‍ പാഷ ബിജെപിയിലെത്തിയാലും അത്ഭുതപ്പെടാനില്ല.

ഏറ്റെടുത്ത ജോലിയെല്ലാം ഭംഗിയായി പൂര്‍ത്തീകരിക്കാറുള്ള ശ്രീധരന് കേരളത്തിലെ ബിജെപിയെ രക്ഷിച്ചെടുക്കാന്‍ കഴിയുമോ എന്നതാണ് അവശേഷിക്കുന്ന ചോദ്യം. ജനങ്ങളുടെ പിന്തുണ നേടിയെടുക്കാന്‍ ശ്രീധരിനിലൂടെ ബിജെപിക്ക് കഴിയുമോ എന്നതും തെരഞ്ഞെടുപ്പില്‍ ഉത്തരം കിട്ടേണ്ട ചോദ്യങ്ങളാണ്.