Local

പെൺ വളണ്ടിയർ മാർക്ക് സ്വയം പ്രതിരോധ പരിശീലനവുമായി മൂത്തേടത്ത് എൻഎസ്എസ്



തളിപ്പറമ്പ: സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ ജോലിസ്ഥലങ്ങളിലും യാത്രാവേളകളിലും അതിക്രമങ്ങൾ വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ അതിക്രമ സാഹചര്യങ്ങൾ തിരിച്ചറിയാൻ അവരെ പ്രാപ്തരാക്കുക, അത്തരം സന്ദർഭങ്ങൾ നേരിടേണ്ടി വന്നാൽ സ്വയം രക്ഷക്കായി പെട്ടെന്നു സ്വീകരിക്കേണ്ട പ്രതിരോധ തന്ത്രങ്ങൾ പരിശീലിപ്പിക്കുക, അതുവഴി സ്ത്രീകൾക്ക് സുരക്ഷയും ആത്മവിശ്വാസവും പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ എൻ എസ് എസ് യൂണിറ്റ് കേരള പോലീസിന്റെ സഹകരണത്തോടെ വനിത വളണ്ടിയർ മാർക്ക് ഏകദിന പരിശീലനം സംഘടിപ്പിച്ചു.

കണ്ണൂർ വനിത സെല്ലിലെ സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ. പ്രീത, വി.ബുഷ്റത്ത് തുടങ്ങിയവർ പരിശീലനത്തിന് നേതൃത്വം നല്കി. 26 വളണ്ടിയർമാർ പരിശീലനം പൂർത്തിയാക്കി.പ്രിൻസിപ്പാൾ പി.ഗീത, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി.വി.രസ്ന മോൾ, ജനമൈത്രി ബീറ്റ് ഓഫീസർ എസ്.ഐ സുരേഷ് കുമാർ, സിവിൽ പോലീസ് ഓഫീസർ സിയാദ് തുടങ്ങിയവർ സംസാരിച്ചു.

ചടങ്ങിൽ വെച്ച് സ്റ്റേറ്റ് പവർ ലിഫ്റ്റിങ്ങ് ചാമ്പ്യൻഷിപ്പിൽ സ്വർണ്ണ മെഡൽ നേടിയ മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥിനി എ.അശ്വതിയെ അനുമോദിച്ചു.