kerala

സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍ സൃഷ്ടിക്കും; ഇടത് സര്‍ക്കാര്‍ സൃഷ്ടിച്ചത് 30000ത്തിലധികം സ്ഥിരം തസ്തികകള്‍; വീണ്ടും അധികാരത്തിലെത്തിയാല്‍ താത്കാലികക്കാരെ സ്ഥിരപ്പെടുത്തും; നിര്‍ത്തിവച്ചത് കരിവാരി തേക്കാന്‍ ശ്രമിക്കുന്നവരെ തിരിച്ചറിഞ്ഞതുകൊണ്ടെന്നും മുഖ്യമന്ത്രി



തിരുവനന്തപുരം: താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവെക്കുന്ന നടപടി തത്കാലത്തേക്ക് മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അര്‍ഹതയുള്ളവരെ കൈവിടില്ലെന്നും എല്‍ഡിഎഫ് വീണ്ടും അധികാരത്തിലെത്തിയാല്‍ സ്ഥിരപ്പെടുത്തല്‍ ഉണ്ടാകുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. എല്‍ഡിഎഫിന്റെ നയം അതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

പി.എസ്.സി നിയമനത്തില്‍ ഉദ്യോഗാര്‍ത്ഥികള്‍ നടത്തുന്ന സമരം തുടരുന്നതിനിടെയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. താത്കാലികക്കാരെ സ്ഥിരപ്പെടുത്തിയതില്‍ യാതൊരു തെറ്റുമില്ല. പിഎസ്‌സിക്ക് വിടാത്ത തസ്തികകളിലാണ് സ്ഥിരപ്പെടുത്തല്‍ നടന്നത്. പിഎസ്‌സി ലിസ്റ്റില്‍ ഉള്‍പ്പെട്ട ആര്‍ക്കും അവിടെ നിയമനം നടത്താന്‍ സാധിക്കില്ല. അവര്‍ അത് ആഗ്രഹിച്ചിട്ടും കാര്യമില്ല. വര്‍ഷങ്ങളായി താത്കാലികക്കാരായി നിന്നവരെയാണ് മാനുഷിക പരിഗണന വച്ച്‌ സ്ഥിരപ്പെടുത്തിയത്.

എന്തോ ചെയ്യാന്‍ പാടില്ലാത്ത കാര്യം ചെയ്യുന്നുവെന്ന പ്രതീതി സൃഷ്ടിക്കാന്‍ ശ്രമിച്ചു. നേരത്തെ യുഡിഎഫ് സര്‍ക്കാര്‍ മാനദണ്ഡങ്ങളൊന്നും പാലിക്കാതെ നിയമനം നടത്തിയ ഒരുപാട് കാര്യങ്ങളുണ്ട്. ഇതങ്ങനെ ഒരു പ്രശ്നമേയില്ല. പൂര്‍ണ്ണമായും പത്ത് വര്‍ഷം പൂര്‍ത്തിയാക്കിയവരെ പരിഗണിക്കുന്ന സ്ഥിതിയാണുണ്ടായത്.

ബോധപൂര്‍വ്വം സര്‍ക്കാരിന്റെ നടപടികളെ കരിവാരിതേക്കാന്‍ ശ്രമിക്കുന്ന ഒരു വിഭാഗം പ്രവര്‍ത്തിക്കുന്നു എന്ന് തിരിച്ചറിഞ്ഞു കൊണ്ട്, അവര്‍ക്ക് അവസരം നല്‍കേണ്ടതില്ല എന്നതിനാലാണ് താത്കാലികക്കാരെ സ്ഥിരപ്പെടുത്തുന്നത് നിര്‍ത്തിവച്ചത്. ഏതാനും മാസങ്ങളുടെ പ്രശ്നങ്ങളെ ഉണ്ടാകൂ, അര്‍ഹതയുള്ളവരായിട്ട് തന്നെയാണ് അവരെ സര്‍ക്കാരും എല്‍ഡിഎഫും കാണുന്നത്.

ജനങ്ങള്‍ എല്‍ഡിഎഫ് സര്‍ക്കാരിനൊപ്പം തന്നെയാണ് നില്‍ക്കുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിനെ വീണ്ടും അധികാരത്തിലേറ്റിയാല്‍ താത്കാലിക ജീവനക്കാരെ കൈ ഒഴിയാത്ത സമീപനം തന്നെയാണ് നിശ്ചയമായും സ്വീകരിക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്ന് തെറ്റായി ഉപയോഗിക്കുന്ന ആളുകള്‍ക്ക് ഇതൊരു ആയുധം നല്‍കേണ്ട എന്നുള്ളതുകൊണ്ടാണ് ഇപ്പോള്‍ ആര്‍ക്കും നിയമനം നല്‍കേണ്ടെന്ന് തീരുമാനിച്ചത്. ഹൈക്കോടതി ചോദിച്ചതിന് കൃത്യമായ മറുപടി സര്‍ക്കാര്‍ നല്‍കും. അതിന് പ്രത്യേക ആശങ്കയുടെ പ്രശ്നമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് 3051 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെ 30,000ത്തോളം സ്ഥിരം തസ്തികകള്‍ സൃഷ്ഠിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. താത്കാലിക തസ്തികകള്‍ അടക്കം അരലക്ഷത്തോളം തസ്തികകളാണ് സംസ്ഥാനത്ത് സൃഷ്ടിച്ചത്. 24 ജൂനിയര്‍ എച്ച്‌,എസ്.എസ്.ടി തസ്‌കിക അപ്ഗ്രേഡ് ചെയ്യുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കും. ഇതില്‍ 1200 എണ്ണം ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മെഡിക്കല്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ കീഴിലും 300 തസ്തികകള്‍ ആയുഷ് വകുപ്പിന് കീഴിലുമാണ്. മലബാര്‍ കാന്‍സര്‍ സെന്ററിന്റെ പ്രവര്‍ത്തനത്തിന് 33 തസ്തികകള്‍ അനുവദിച്ചിട്ടുണ്ട്.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ എസ്‌എടി ആശുപത്രിയില്‍ പീഡിയാട്രിക് ഗസ്സ്‌ട്രോഎന്ററോളജി ഡിപാര്‍ട്‌മെന്റ് ആരംഭിക്കും. ഇതിന് അഞ്ച് തസ്തികകള്‍ അനുവദിക്കുന്നുണ്ട്. 35 എയ്ഡഡ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് വേണ്ടി 151 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. ഇതിനു പുറമേ 24 എച്ച്‌എസ്‌എസ്ടി ജൂനിയര്‍ തസ്തികകള്‍ അപ്‌ഗ്രേഡ് ചെയ്യും. 249 ഒഴിവുകളിലേക്ക് കായികതാരങ്ങളെ നിയമിക്കും.

തിരുവനന്തപുരം, വിയ്യൂര്‍, കണ്ണൂര്‍ സെന്‍ട്രല്‍ ജയിലുകളില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ ഓരോ തസ്തിക സൃഷ്ടിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

ലൈഫ് മിഷന്‍ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച വീടുകള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. ഓരോ വീടിനും നാല് ലക്ഷം രൂപ വരെ ഇന്‍ഷൂറന്‍സ് പരിരക്ഷ ലഭിക്കും. സംസ്ഥാന ഇന്‍ഷൂറന്‍സ് വകുപ്പ് പൊതുമേഖല ഇന്‍ഷൂറന്‍സ് കമ്ബനിയായ യുണൈറ്റഡ് ഇന്‍ഷൂറന്‍സ് കമ്ബനിയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുക.

ആദ്യ മൂന്ന് വര്‍ഷത്തേക്കുള്ള പ്രമീയം സര്‍ക്കാര്‍ അടക്കും. 250547 വീടുകള്‍ക്കായി 8.74 കോടി രൂപയാണ് മൂന്ന് വര്‍ഷത്തക്ക് പ്രീമിയം അടക്കുന്നതിലൂടെ സര്‍ക്കാരിന് ചെലവായി വരിക.

മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ ഗുണഭോക്താവിന് നേരിട്ട് ഇന്‍ഷൂറന്‍സ് പുതുക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. ലൈഫ് മിഷനില്‍ മൂന്നാം ഘട്ടത്തിലെയും അഡീഷണല്‍ ലിസ്റ്റിലേയും ഗുണഭോക്താക്കള്‍ക്ക് വീടുകള്‍ നിര്‍മ്മിക്കുന്നതിന് ഹഡ്കോയില്‍ നിന്ന് 1500 കോടി രൂപ വായ്പ എടുക്കുന്നതിന് അനുമതി നല്‍കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചെന്ന് മഖ്യമന്ത്രി പറഞ്ഞു