തിരുവനന്തപുരം: താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുന്ന നടപടി സര്‍ക്കാര്‍ നിര്‍ത്തിവച്ചു. മൂന്നു മണിക്കൂറോളം നീണ്ട മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. സ്ഥിരപ്പെടുത്തല്‍ വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. കരാര്‍ ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടി സുതാര്യമാണെന്നും, എന്നാല്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പടര്‍ത്തുകയാണെന്നും യോഗം വിലയിരുത്തി.
നിരവധി വകുപ്പുകളാണ് സ്ഥിരപ്പെടുത്തല്‍ ശുപാര്‍ശകളുമായി മന്ത്രിസഭാ യോഗത്തിന്റെ അംഗീകാരം തേടി എത്തിയത്. ഏറെ വിവാദങ്ങളുണ്ടായ സാഹചര്യത്തില്‍ ഇനി സ്ഥിരപ്പെടുത്തല്‍ വേണ്ടെന്ന നിലപാടാണ് മുഖ്യമന്ത്രി തീരുമാനിച്ചത്. അതേസമയം, ഇതുവരെ നടത്തിയ കരാര്‍ നിയമനങ്ങളുടെ സ്ഥിരപ്പെടുത്തല്‍ റദ്ദാക്കില്ല.
ആരോഗ്യ, റവന്യൂ വകുപ്പുകളിലേക്ക് അടക്കം നൂറ്റിയമ്ബതോളം പേരെ സ്ഥിരപ്പെടുത്താനുള്ള അജണ്ട ഇന്ന് മന്ത്രിസഭായോഗത്തിന് മുന്നിലുണ്ടായിരുന്നു. വിശദമായ ചര്‍ച്ചയ്ക്ക് ശേഷമാണ് സ്ഥിരപ്പെടുത്തല്‍ തല്ക്കാലം നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. കഴിഞ്ഞ മന്ത്രിസഭായോഗത്തില്‍ ഇരുന്നൂറില്‍ അധികം താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തിയിരുന്നു.
പത്ത് വര്‍ഷം തികച്ചവരെ മാത്രമാണ് സ്ഥിരപ്പെടുത്താന്‍ തീരുമാനിച്ചിരുന്നതെന്നും, ഇത് തീര്‍ത്തും സുതാര്യമായ നടപടിയാണെന്നും സര്‍ക്കാര്‍ മന്ത്രിസഭായോഗത്തില്‍ വിലയിരുത്തി. ഇതില്‍ മനുഷ്യത്വപരമായ പരിഗണനയാണ് സര്‍ക്കാര്‍ പ്രധാനമായും നല്‍കിയിരുന്നത്. എന്നാല്‍ പ്രതിപക്ഷം ഇതേക്കുറിച്ച് വലിയ തെറ്റിദ്ധാരണ പരത്തുകയാണെന്ന് യോഗം വിലയിരുത്തി.
താത്ക്കാലികക്കാരെ സ്ഥിരപ്പെടുത്തുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉയരുന്ന പ്രതിഷേധം കണക്കിലെടുത്താണ് നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ട് പോകുന്നത്.
കരാറുകാരെ സ്ഥിരപ്പെടുത്തിയത് പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമിക്കാന്‍ കഴിയാത്ത തസ്തികകളിലേക്കാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ സ്ഥിരപ്പെടുത്തല്‍ നടന്ന തസ്തികകളില്‍ പിഎസ്സി വിചാരിച്ചാലോ ആ വകുപ്പ് തന്നെ വിചാരിച്ചാലോ സ്ഥിരപ്പെടുത്താന്‍ സാധിക്കില്ല. ഇത്തരം വസ്തുതകള്‍ നിലനില്‍ക്കെ പ്രതിപക്ഷം യുവാക്കളെ തെറ്റിദ്ധരിപ്പിച്ച് തെരുവില്‍ ഇറക്കുകയാണെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു.
പിഎസ്സിയെ നോക്കുകുത്തിയാക്കി പിന്‍വാതില്‍ നിയമനങ്ങള്‍ നടക്കുന്നുവെന്ന ആരോപണങ്ങള്‍ക്ക് കണക്കുകള്‍ നിരത്തിയായിരുന്നു മുഖ്യമന്ത്രി മറുപടി നല്‍കിയത്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലു വര്‍ഷവും ഏഴ് മാസത്തെയും കാലയളവില്‍ 4,012 റാങ്ക് ലിസ്റ്റുകള്‍ പിഎസ്സി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 3,113 റാങ്ക് ലിസ്റ്റുകള്‍ മാത്രമാണ് കഴിഞ്ഞ സര്‍ക്കാരിന്റെ ഇതേ കാലയളവില്‍ പ്രസിദ്ധീകരിച്ചിരുന്നതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു.