Local

വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ ആക്ഷേപിച്ചു; ആറളം ഫാമിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്കിന് സസ്‌പെന്‍ഷന്‍



കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ സമൂഹ മാധ്യമത്തിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ അന്വേഷണ വിധേയമായി ചെയ്തു. ആറളം ഫാമിലെ ലോവര്‍ ഡിവിഷന്‍ ക്ലര്‍ക്ക് അഷറഫിനെയാണ് സംസ്പെന്‍ഡ് ചെയ്തത്. ആറളം ഫാം എംഡി എസ് ബിമല്‍ഘോഷാണ് അഷറഫിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. ആറളം ഫാമിന്റെ ഔദ്യോഗിക വാട്‌സാപ്പ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുന്ന പോസ്റ്റിട്ടെന്നായിരുന്നു ഇയാള്‍ക്കെതിരായ പരാതി.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് യു ഡി എഫ് നേതാക്കള്‍ക്കൊപ്പം ഫോട്ടോ എടുത്തതിന് രണ്ടു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തിരുന്നു. ഐശ്വര്യ കേരള യാത്ര കൊച്ചിയിലെത്തിയപ്പോള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ ഷാള്‍ അണിയിക്കുകയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിന്ന് ഫോട്ടോ എടുക്കുകയും ചെയ്ത രണ്ടു പൊലീസുകാര്‍ക്കെതിരെയാണ് നടപടി എടുത്തത്. എറണാകുളം റൂറലിലെ ഉദ്യോഗസ്ഥരായ ബിജു, സില്‍ജന്‍ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്. പൊലീസുകാര്‍ ചട്ടലംഘനം നടത്തി എന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.