kerala

നിങ്ങള്‍ എന്തിനാണ് ഈ കോവിഡ് സമയത്ത് കേരളത്തിലേക്ക് വന്നതെന്ന്, അവര്‍ പറഞ്ഞത് ഞാന്‍ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു, ഇറ്റലിയിലെ അടുക്കളയില്‍ പോലും കേരളം ചര്‍ച്ചയാണ്; കാസിം ഇരിക്കൂര്‍ നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളില്‍ വൈറല്‍



ഇരിക്കൂര്‍ : ‘നിങ്ങള്‍ക്ക് അറിയുമോ, അങ്ങ് ഇറ്റലിയിലെ അടുക്കളയില്‍ പോലും ചര്‍ച്ചയാകുന്നത് പിണറായി വിജയനും ഇവിടുത്തെ സര്‍ക്കാരുമാണ്..’ എല്‍ഡിഎഫിന്റെ വികസന മുന്നേറ്റ ജാഥയില്‍ ഐ.എന്‍.എല്‍ നേതാവ് കാസിം ഇരിക്കൂര്‍ നടത്തിയ പ്രസംഗം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

പിണറായി വിജയനെ വാനോളം വാഴ്ത്തി കൊണ്ടുള്ള പ്രസംഗത്തില്‍ അദ്ദേഹം തന്നെ പറഞ്ഞ കാര്യങ്ങളും ചില കണക്കുകളുമാണ് വിഡിയോ വൈറലാകാന്‍ കാരണം.

‘ഇറ്റലിയില്‍ നിന്നുള്ള ഒരു മാധ്യമപ്രവര്‍ത്തകയോട് ഞാന്‍ ചോദിച്ചു. നിങ്ങള്‍ക്ക് സോണിയാ ഗാന്ധിയെ അറിയുമോ എന്ന് ചോദിച്ചു. അവര്‍ പറഞ്ഞു കേട്ടിട്ടുണ്ട്. അവരുടെ മക്കളെ കുറിച്ച്‌ അറിയുമോ എന്ന് ചോദിച്ചു. ഒരുപിടിയും ഇല്ല എന്നായിരുന്നു അവരുടെ മറുപടി. പിന്നെ ‍ഞാന്‍ ചോദിച്ചു. നിങ്ങള്‍ എന്തിനാണ് ഈ കോവിഡ് സമയത്ത് കേരളത്തിലേക്ക് വന്നതെന്ന്.

അവര്‍ പറഞ്ഞത് ഞാന്‍ പിണറായി വിജയനെ ഇഷ്ടപ്പെടുന്നു. ഇറ്റലിയിലെ അടുക്കളയില്‍ പോലും കേരളം ചര്‍ച്ചയാണ്. പിണറായി ആണ് ഇപ്പോള്‍ ലോകത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളില്‍ ഏറ്റവും മികച്ചത്.

ഞങ്ങളെ നാട്ടിലെ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹം നിറയുന്നു.’ എന്നാല്‍ ഈ മാധ്യമപ്രവര്‍ത്തകയുടെ പേരോ അവര്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ കുറിച്ചോ നേതാവ് പറഞ്ഞില്ല എന്നും സൈബര്‍ ഇടത്തില്‍ ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു.

നിപ്പയെ കുറിച്ചുള്ള കണക്കുകളാണ് പിന്നെ അദ്ദേഹത്തിന് പിഴച്ചത്. ‘നിപ്പ രോഗത്തിന്റെ വകഭേദം ഉത്തരാഫ്രിക്കയില്‍ പൊട്ടിപ്പുറപ്പെട്ടു. ഒരുമാസത്തില്‍ അവിടെ 12,000 പേര്‍ മരിച്ചുവീണു. പക്ഷേ കേരളത്തില്‍ വെറും 36 പേരാണ് മരിച്ചത്.’ അദ്ദേഹം പ്രസംഗിച്ചു.

എന്നാല്‍ കേരളത്തില്‍ നിപ്പ ബാധിച്ച്‌ മരിച്ചത് 17 പേരാണെന്ന് കണക്കുകള്‍ പറയുന്നു. ഇതിനൊപ്പം ആഫ്രിക്കയില്‍ ഇത്തരത്തില്‍ നിപ്പ പൊട്ടിപുറപ്പെട്ട് 12,000 പേര്‍ ഒരുമാസത്തില്‍ മരിച്ചുവെന്നത് സംബന്ധിച്ച്‌ ഇതുവരെ റിപ്പോര്‍ട്ടുകളൊന്നും ഇല്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.