kerala

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനം ആഘോഷിക്കപ്പെടുന്നു: പ്രധാനമന്ത്രികൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി കൊച്ചിയിലെത്തി. നേരത്തെ നിശ്ചയിച്ചതില്‍ നിന്നും അര മണിക്കൂറിലേറെ വെെകിയാണ് മോദി കൊച്ചിയിലെത്തിയത്. സാങ്കേതികമായ കാരണങ്ങളാലാണ് പ്രധാനമന്ത്രിയുടെ വരവ് വെെകിയത്.

2.55ന് ഉദ്ഘാടന വേദിയില്‍ എത്തും വിധമായിരുന്നു യാത്രാ പരിപാടികള്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍ 3.30 നാണ് അദ്ദേഹം കൊച്ചിയില്‍ എത്തിയത്. മറ്റ് പരിപാടികളുടെ സമയവും അതനുസരിച്ച്‌ മാറും. സര്‍ക്കാരിനെ പ്രതിനിധീകരിച്ച്‌ മന്ത്രി ജി.സുധാകരന്‍ പ്രധാനമന്ത്രിയെ സ്വീകരിച്ചു.

നാവിക സേനാ വിമാനത്താവളത്തില്‍ പ്രത്യേക വിമാനത്തിലെത്തിയ പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററില്‍ രാജഗിരി കോളേജ് ഹെലിപാഡില്‍ ഇറങ്ങി.

കേരളത്തിന്റെയും ഇന്ത്യയുടെയും വികസനങ്ങള്‍ ആഘോഷിക്കപ്പെടാനാണ് ഇപ്പോള്‍ ഒത്തുകൂടിയിരിക്കുന്നതെന്ന് കൊച്ചിയിലെ വേദിയില്‍ പ്രധാനമന്ത്രി പറഞ്ഞു. ബിപിസിഎല്ലിന്റെ പ്രൊപിലിന്‍ ഡെറിവേറ്റീവ് പെട്രോകെമിക്കല്‍ പ്രോജക്‌ട് പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു. 6,100 കോടിയുടെ വികസന പദ്ധതികളാണ് പ്രധാനമന്ത്രി നാടിനു സമര്‍പ്പിച്ചത്. ടൂറിസം മേഖലയില്‍ മികച്ച നേട്ടങ്ങള്‍ കെെവരിക്കാനും വളര്‍ച്ച സാധ്യമാക്കാനും കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ സാധിച്ചുവെന്ന് മോദി പറഞ്ഞു.

“കൂടുതല്‍ താെഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കാന്‍ ഈ പദ്ധതികളിലൂടെ സാധിക്കും. കൊച്ചിയിലേത് ആധുനിക എണ്ണശുദ്ധീകരണ ശാലകളില്‍ ഒന്നാണ്. രാജ്യത്തിന്റെ ആത്മനിര്‍ഭരതയിലേക്കുള്ള വഴിയാണ് കൊച്ചിയിലെ പുതിയ വികസന പദ്ധതികളിലൂടെ വഴി തുറന്നിരിക്കുന്നത്. രാജ്യാന്തരവിനോദസഞ്ചാരം തടസപ്പെട്ടത് പ്രാദേശിക ടൂറിസത്തിന് നേട്ടമാകും. സ്റ്റാര്‍ട്ടപ്പുകള്‍ നൂതനമായ ടൂറിസം ഉല്‍പന്നങ്ങളെക്കുറിച്ച്‌ ചിന്തിക്കണം. കോവിഡ് പ്രതിസന്ധി അവസരങ്ങളാക്കണം,” മോദി പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി പിണറായി വിജയനും പരസ്‌പരം അഭിവാദ്യം ചെയ്യുന്നു

തുറമുഖത്തെ ദക്ഷിണ കല്‍ക്കരി ബര്‍ത്തിന്റെ പുനര്‍നിര്‍മാണ ശിലാസ്ഥാപനവും കൊച്ചി കപ്പല്‍ശാലയിലെ മറൈന്‍ എന്‍ജിനിയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ‌്യൂട്ടിന്റെ ഉദ്ഘാടനവും വെല്ലിങ്ടണ്‍ ഐലന്‍ഡിലെ റോ-റോ വെസലുകളുടെ സമര്‍പ്പണവും പ്രധാനമന്ത്രി നിര്‍വഹിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും പരിപാടിയില്‍ പങ്കെടുത്ത് സംസാരിച്ചു. കേരളത്തിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രവുമായി സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുത്ത ശേഷമാണ് പ്രധാനമന്ത്രി കേരളത്തില്‍ നിന്നു മടങ്ങുക.

ചെന്നൈയിലെ പരിപാടികള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി കൊച്ചിയിലെത്തുന്നത്. തമിഴ്‌നാട്ടിലെ കര്‍ഷകരെ മോദി പ്രശംസിച്ചു. പുല്‍വാമ ഭീകരാക്രമണത്തിന്റെ രണ്ടാം വാര്‍ഷിക ദിനമായ ഇന്ന് രാജ്യത്തിനായി ജീവന്‍ വെടിഞ്ഞ എല്ലാ സൈനികര്‍ക്കും മോദി ആദരമര്‍പ്പിച്ചു.

പ്രധാനമന്ത്രിയുടെ കേരള സന്ദര്‍ശനത്തോട് അനുബന്ധിച്ച്‌ കൊച്ചി നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. നേവല്‍ ബെയ്‌സ്, വാത്തുരുത്തി, ബിഓടി ഈസ്റ്റ്, തേവര ഫെറി ജങ്ഷന്‍, കുണ്ടന്നൂര്‍ എന്നീ ഭാഗങ്ങളില്‍ ഞായറാഴ്‌ച ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 07 വരെയായിരിക്കും ഗതാഗത നിയന്ത്രണം.

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്

 • ഗതാഗത നിയന്ത്രണമുള്ള സമയങ്ങളില്‍ എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്ക് പോകേണ്ട വാഹനങ്ങള്‍ എസ്സ് എ റോഡ്, വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലം, അരൂര്‍, ഇടക്കൊച്ചി വഴി പോകണം.
 • പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളം, ആലപ്പുഴ ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ ഇടക്കൊച്ചി, അരൂര്‍ വഴി പോകേണ്ടതാണ്.
 • എറണാകുളം നഗരത്തില്‍ നിന്നും പശ്ചിമ കൊച്ചിയിലേക്കും പശ്ചിമ കൊച്ചിയില്‍ നിന്നും എറണാകുളത്തേക്കും പോകേണ്ട വാഹനങ്ങള്‍ക്ക് ഗോശ്രീ റോഡ്, വൈപ്പിന്‍ വഴിയുള്ള ജംഗാര്‍ സര്‍വീസ് പ്രയോജനപ്പെടുത്താവുന്നതാണ്.
 • കാക്കനാട് സിഗ്നല്‍ ജങ്ഷന്‍ ഭാഗത്തു നിന്നും ഇരുമ്ബനം, തൃപ്പുണിത്തുറ, ഭാഗത്തേക്ക് പോകുന്ന സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ ഗതാഗത നിയന്ത്രണം ഉള്ളതിനാല്‍ കളമശേരി, കാക്കനാട് എന്നീ ഭാഗങ്ങളില്‍ നിന്നും സീപോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡ് വഴി തൃപ്പുണിത്തുറ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
 • കാക്കനാട് പാര്‍ക്ക് റസിഡന്‍സി ഹോട്ടലിന് മുന്നിലുള്ള റോഡിലുള്ള യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ കാക്കനാട് സിഗ്നല്‍ ജങ്ഷനില്‍ നിന്നും പാലാരിവട്ടം ബൈപ്പാസിലെത്തി യാത്ര തുടരേണ്ടതാണ്.
 • കരിമുകള്‍ ജഷ്നനില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് ഗതാഗത നിയന്ത്രണമുള്ളതിനാല്‍ ആലുവ-പെരുമ്ബാവൂര്‍-വണ്ടര്‍ലാ-പള്ളിക്കര ഭാഗത്ത് നിന്നും വരുന്ന വാഹനങ്ങള്‍ കരിമുകള്‍ ജഷ്നില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പീച്ചിങ്ങാച്ചിറ ജഷ്നലെത്തി അവിടെ നിന്നും പുത്തന്‍കുരിശ് വഴി തിരുവാങ്കുളത്തെത്തി യാത്ര തുടരേണ്ടതാണ്.
 • പീച്ചിങ്ങാച്ചിറ ജഷ്നില്‍ നിന്നും കരിമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • ഹില്‍പാലസിന് മുന്നില്‍ നിന്നും അമ്ബലമുകള്‍ ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • കരിങ്ങാച്ചിറ ജങ്ഷനില്‍ നിന്നും ഇരുമ്ബനം ഭാഗത്തേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • ഏരൂര്‍ ഭാഗത്ത് നിന്ന് എസ്‌എന്‍ ജങ്ഷനിലേക്ക് വരുന്നവര്‍ എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരെ കിഴക്കേ കോട്ട ജങ്ഷനിലെത്തി യാത്ര തുടരേണ്ടതാണ്.
 • എസ്‌എന്‍ ജങ്ഷനില്‍ നിന്നും നേരേ സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡ്, കരിങ്ങാച്ചിറ, ഇരുമ്ബനം, അമ്ബലമുകള്‍ എന്നീ ഭാഗങ്ങളിലേക്ക് വാഹന ഗതാഗതം അനുവദിക്കുന്നതല്ല.
 • തിരുവാങ്കുളം ഭാഗത്തു നിന്നും കാക്കനാട്, എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കിഴക്കേകോട്ട, മിനി ബൈപ്പാസ്, വൈറ്റില വഴി തിരിഞ്ഞു പോകേണ്ടതാണ്.