മലയാളി താരം സഞ്ജു സാംസണ് ബിസിസിഐയുടെ ഫിറ്റ്നസ് ടെസ്റ്റ് പാസായി. കളിക്കാരുടെ ഫിറ്റ്നസ് നിര്‍ണയിക്കാന്‍ ബിസിസിഐ നടത്തുന്ന ടെസ്റ്റില്‍ വിജയിച്ചതായി സോഷ്യല്‍ മീഡിയയിലൂടെ സഞ്ജു തന്നെയാണ് അറിയിച്ചത്. വിജയ് ഹസാരെ ട്രോഫിക്കായുളള തയ്യാറെടുപ്പിലാണെന്നും സഞ്ജു വ്യക്തമാക്കിയിട്ടുണ്ട്.
ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്നടന്ന ‘ഓട്ടപരീക്ഷ’യില്‍ സഞ്ജു പരാജയപ്പെട്ടിരുന്നു. രണ്ടാം ശ്രമത്തില്‍ രണ്ടു കി.മീ ഓട്ടം സഞ്ജു വിജയകരമായി പൂര്‍ത്തിയാക്കി. ആദ്യ ശ്രമത്തില്‍ സഞ്ജുവിനെ കൂടാതെ ഇഷാന് കിഷന്, നിതീഷ് റാണ, രാഹുല്‍ തെവാത്തിയ, സിദ്ദാര്‍ഥ് കൗള്‍, ജയദവ് ഉനദ്കട് എന്നിവരും പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം ശ്രമത്തില്‍ ടെസ്റ്റ് വിജയിച്ചതായി ഇഷാന് കിഷന് അറിയിച്ചു.
സാധാരണ ഫിറ്റ്നസ് ടെസ്റ്റായ യോയോ ടെസ്റ്റിനു പുറമേയാണ് രണ്ടു കി.മീ ഓട്ടം കൂടി ബിസിസിഐ ഉള്‍പ്പെടുത്തിയത്. ബാറ്റ്സ്മാന്, വിക്കറ്റ് കീപ്പര്‍ എന്നിവര്‍ 2 കിലോമീറ്റര്‍ ദൂരം എട്ട് മിനിറ്റ് 30 സെക്കന്‍ഡിലാണ് പൂര്‍ത്തിയാക്കേണ്ടത്. ഫാസ്റ്റ് ബോളര്‍മാര്‍ എട്ടു മിനിറ്റ് 15 സെക്കന്‍ഡില്‍ 2 കിലോമീറ്റര്‍ മറികടക്കണം.
ആദ്യമായാണ് രണ്ടു കിലോമീറ്റര്‍ ഓട്ടം ബിസിസിഐ ഫിറ്റ്നസ് ടെസ്റ്റിന്റെ ഭാഗമാക്കിയത്. അതിനാല്‍ തന്നെ പരാജയപ്പെടുന്ന കളിക്കാര്‍ക്ക് രണ്ടാമതൊരു അവസരം കൂടി നല്‍കിയിരുന്നു. യോയോ ടെസ്റ്റില്‍ പരാജയപ്പെടുന്ന താരങ്ങളെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കില്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിക്കുന്ന താരങ്ങളെ യോയോ ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.