മലപ്പുറം: മന്ത്രവാദി ചമഞ്ഞ് തട്ടിപ്പ് നടത്തി യുവതിയെ പീഡിപ്പിച്ചയാളെ അറസ്റ്റ് ചെയ്തു. മലപ്പുറം പുത്തൂര്‍ സ്വദേശി ശിഹാബുദ്ദീനെയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. മന്ത്രവാദിയെന്ന് പരിചയപ്പെടുത്തി സ്ത്രീകളുമായി സൗഹൃദം സ്ഥാപിച്ചതിന് ശേഷമാണ് പീഡനം. തുടര്‍ന്ന് യുവതികളുടെ പണവും സ്വര്‍ണവുമെല്ലാം കൈക്കലാക്കും. ചികിത്സയുടെ ഭാഗമാണെന്ന് പറഞ്ഞാണ് ഇയാള്‍ പലരെയും പീഡിപ്പിച്ചത്.
സംഭവത്തില്‍ കോഴിക്കോട് സ്വദേശിനി പരാതി നല്‍കിയതോടെയാണ് ഇയാള്‍ കുടുങ്ങിയത്. കോഴിക്കോട്, മലപ്പുറം, വയനാട്, പാലക്കാട്,കണ്ണൂര്‍ ജില്ലകളിലായി നാല്‍പ്പതോളം കേസുകള്‍ ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ശിഹാബുദ്ദീന് നിരവധി പേരെ വിവാഹം ചെയ്തിട്ടുണ്ടെന്നും മെഡിക്കല്‍ കോളേജ് പൊലീസ് വ്യക്തമാക്കി. ഇയാളുടെ കൈയില്‍ നിന്ന് പതിനാലോളം സിം കാര്‍ഡുകള്‍ പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.