Tue. Sep 29th, 2020




ബീജിംഗ്: കൊവിഡിന്‍െറ ഉത്ഭവ സ്ഥാനമായ വുഹാനില്‍ അവസാന രോഗിയും ആശുപത്രി വിട്ടതോടെ കൊവിഡ് മുക്തമായതായി ചൈന. വുഹാനിലെ എല്ലാ കൊവിഡ് രോഗികളും ആശുപത്രി വിട്ടു. പുതുതായി ഒരു കേസ് പോലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ഉദ്ധരിച്ചു കൊണ്ട് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സുഖം പ്രാപിച്ച 80 രോഗികള്‍ ഞായറാഴ്ച ആശുപത്രി വിട്ടെന്നും ആരോഗ്യപ്രവര്‍ത്തകരുടെ ശ്രമഫലമായാണ് ഇതിനു കഴിഞ്ഞതെന്നും ദേശീയ ആരോഗ്യ കമ്മിഷന്‍ വക്താവ് മി ഫെങ് പറഞ്ഞു.വുഹാന്റെ ചരിത്രത്തില്‍ ഇതൊരു നാഴികക്കല്ലാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഡിസംബറിലാണ് വുഹാനില്‍ കൊവിഡ് പൊട്ടിപ്പുറപ്പെട്ടത്. വുഹാന്‍ നഗരത്തില്‍ ആകെ 46,452 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നത്. ദേശീയതലത്തില്‍ റിപ്പോര്‍ട്ട് ചെയ്ത മൊത്തം കേസുകളുടെ 56 ശതമാനമാണിത്. വുഹാന്‍ ഉള്‍പ്പെടുന്ന ഹുബെ പ്രവശ്യ ജനുവരി അവസാനത്തോടെ പൂര്‍ണമായും അടച്ചിരുന്നു.

റോഡുകള്‍ അടക്കുകയും ട്രെയിനുകളും വിമാനങ്ങളും റദ്ദാക്കുകയും ചെയ്തതോടെ രണ്ടു മാസത്തിലേറെ ജനജീവിതം സ്തംഭിച്ചു. വുഹാന്‍ നഗരത്തില്‍ നിയന്ത്രണങ്ങള്‍ക്ക് ഇളവു വരുത്തിയെങ്കിലും താമസക്കാരെ തുടര്‍ച്ചയായി പരിശോധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ട്.




By onemaly