kerala

മൊബൈല്‍ ഫോണില്‍ വിഡിയോ കോളിലെത്തി നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ പുരുഷന്‍മാരെ കുരുക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകം; മുന്നറിയിപ്പുമായി പൊലീസ്



കൊച്ചി: ( 02.02.2021) മൊബൈല്‍ ഫോണില്‍ വിഡിയോ കോളിലെത്തി നഗ്‌നത പ്രദര്‍ശിപ്പിച്ച്‌ പുരുഷന്‍മാരെ കുരുക്കി പണം തട്ടുന്ന സംഘം സംസ്ഥാനത്ത് വ്യാപകമായി വിലയുന്നുവെന്ന മുന്നറിയിപ്പുമായി പൊലീസ്. ഇത്തരക്കാരെ കരുതിയിരിക്കണം എന്നാണ് കേരള പൊലീസിന്റെ നിര്‍ദേശം.

തന്റെ സുഹൃത്തുക്കളില്‍ ഒരാളായ മാധ്യമപ്രവര്‍ത്തകനെ വലയിലാക്കിയ സംഭവം വിശദീകരിച്ചുകൊണ്ട് തൃശൂര്‍ സിറ്റി പൊലീസ് സൈബര്‍ സെല്‍ ചുമതലയുള്ള ഫീസ്റ്റോ കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ വിഡിയോ പോസ്റ്റു ചെയ്തിരുന്നു. ഒരു ഹായില്‍ തുടങ്ങുന്ന അപരിചിതയായ യുവതിയുടെ സംഭാഷണം ലൈംഗികച്ചുവയിലേക്കും പിന്നീടു ലൈവ് വിഡിയോ സെക്‌സിനു ക്ഷണിക്കുന്നതിലേക്കും എത്തുന്നതാണു പതിവ്. തന്റെ നഗ്‌നതയ്‌ക്കൊപ്പം പുരുഷന്റെ മുഖം വ്യക്തമാകുന്ന ദൃശ്യം കിട്ടിക്കഴിഞ്ഞാല്‍ പിന്നെ സ്വഭാവം മാറും. ഇതോടെ സംസാരിക്കാനെത്തുന്നത് പുരുഷന്‍മാരായിരിക്കും. വാട്‌സാപ്പിലും ഫെയ്‌സ്ബുക് മെസഞ്ചറിലും ഭീഷണിയുടെ സന്ദേശങ്ങളെത്തുന്നതാണ് അടുത്ത പടി. അതിനോട് അനുകൂലമായി പ്രതികരിക്കുന്നവരാണു ശരിക്കും കെണിയില്‍ അകപ്പെടുക. ഒരു തവണ പണം ലഭിച്ചു കഴിഞ്ഞാല്‍ പിന്നെ അതുകൂടി പറഞ്ഞായിരിക്കും ഭീഷണി. അപ്രതീക്ഷിതമായി ഉണ്ടാകുന്ന ഭീഷണിയില്‍ ഭയന്ന് പണം നല്‍കുന്നതിനു പുരുഷന്‍മാര്‍ സമ്മതിക്കുന്നതാണ് ഇത്തരക്കാര്‍ക് വളം വച്ചുകൊടുക്കുന്നത്.

സമാനമായ പരാതി കഴിഞ്ഞ ദിവസം എറണാകുളം കടവന്ത്ര പൊലീസിനു ലഭിച്ചിരുന്നു. വലയിലായത് കൊച്ചിയിലെ അറിയപ്പെടുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ ജീവനക്കാരന്‍. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടാനെത്തിയ ഇതര സംസ്ഥാനക്കാരിയോടു കൂട്ടുകൂടാന്‍ പോയതാണു പണിയായത്. ഭാര്യയും മക്കളും ഇരിക്കുമ്ബോഴാണു ഭീഷണിയുടെ വിളിയെത്തുന്നത്. ഒപ്പം ഒരു സ്‌ക്രീന്‍ഷോട്ടും.

യുവതിയുടെ നഗ്‌ന ശരീരം ആസ്വദിക്കുന്ന തന്റെ മഖം കണ്ട് ഭയന്നെന്നു മാത്രമല്ല, ഇത് എങ്ങനെ സെറ്റിലാക്കുമെന്ന ആശങ്കയുമായി. തന്റെ ഫെയ്‌സ്ബുക്കിലെ സുഹൃത്തുക്കള്‍ക്കും ഭാര്യയ്ക്കുമെല്ലാം ഇത് അയച്ചു നല്‍കുമെന്നാണു ഭീഷണി. ഇങ്ങനെ ചെയ്യാതിരിക്കാന്‍ ചോദിച്ചതു ചെറിയൊരു തുകമാത്രം. പണം കൊടുത്തിട്ടായാലും എങ്ങനെയെങ്കിലും ഒഴിഞ്ഞുപോകെട്ടെയെന്നായി ചിന്ത.

ഇതോടെ ഫോണ്‍പേയില്‍ പണം അയയ്ക്കാന്‍ ആവശ്യപ്പെട്ടു മറ്റൊരു നമ്ബരും വന്നു. തല്‍ക്കാലം പണം അയച്ചു കൊടുത്തു. പക്ഷേ, അതുകൊണ്ടും ഒഴിഞ്ഞു പോയില്ലെന്നു മാത്രമല്ല, ഭീഷണിയും പണം ആവശ്യപ്പെട്ടുള്ള വിളിയും തുടര്‍ന്നു. ഇതോടെ എന്താണു പരിഹാരമെന്ന് ആലോചിച്ചപ്പോഴാണു സമാനമായ സംഭവങ്ങളുടെ വാര്‍ത്തകള്‍ ഓര്‍മയിലെത്തുന്നത്. ഇതോടെ പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. പാരാതിയുമായി കടവന്ത്ര സ്റ്റേഷനില്‍ സമീപിച്ചപ്പോള്‍ അവര്‍ക്ക് ഇതത്ര പുതുമയല്ലാത്ത പെരുമാറ്റം. സിഐ വരുമ്ബോള്‍ വിളിക്കാമെന്നു പറഞ്ഞ് പരാതി വാങ്ങി വച്ചു തിരിച്ചയച്ചു.

ഫെയ്‌സ്ബുക് അക്കൗണ്ട് പെട്ടെന്ന് ഡിആക്ടിവേറ്റ് ചെയ്‌തെങ്കിലും അവര്‍ സുഹൃത്തുക്കളുടെ വിവരങ്ങളും ശേഖരിച്ചിട്ടുണ്ടാകുമെന്നത് അലട്ടുന്നുണ്ടായിരുന്നു. വാട്‌സാപ്പില്‍ ബ്ലോക്ക് ചെയ്തതോടെ മെസേജുകളും വിളികളും നിന്നു. പിന്നെ കാര്യമായ ഭീഷണി ഉണ്ടായിട്ടില്ലെന്ന് ഇദ്ദേഹം പറയുന്നു.

ഇത്തരം പരാതികള്‍ക്കെതിരെ അന്വേഷിച്ചു ചെല്ലുമ്ബോള്‍ ഒരാളിലേയ്ക്കു പോലും എത്താനാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. പ്രതികള്‍ മറ്റാരുടെയെങ്കിലും പേരിലുള്ള, ഒരുപക്ഷേ, ഇല്ലാത്ത ആളുകളുടെ പേരിലുള്ള ഫോണുകള്‍ ഉപയോഗിച്ചാണു തട്ടിപ്പു നടത്തുന്നത്. അന്യ സംസ്ഥാനങ്ങളില്‍ രണ്ടായിരമോ മൂവായിരമോ കൊടുത്താല്‍ സിംകാര്‍ഡ് തന്നെ വാങ്ങാന്‍ കിട്ടും. അതുകൊണ്ടു തന്നെ സൈബര്‍ പൊലീസിനും കാര്യമായി എന്തെങ്കിലും ചെയ്യാനായെന്നു വരില്ല.

തട്ടിപ്പു സംഘത്തിനും പേടിയുള്ളതിനാല്‍ പരാതി നല്‍കുമെന്നു തോന്നിയാല്‍ അടുത്ത ആളെ തിരഞ്ഞു പോകുന്നതാണ് പതിവ്. സമൂഹമാധ്യമങ്ങളില്‍ അപരിചിതരുമായി കൂട്ടുകൂടാതിരിക്കുക എന്നതാണു തട്ടിപ്പില്‍ പെടാതിരിക്കാനുള്ള ആദ്യ വഴി. ഫെയ്‌സ്ബുക്കില്‍ മൊബൈല്‍ നമ്ബര്‍ പബ്ലിക്കാക്കി ഇടാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇവിടെ നിന്നായിരിക്കും മിക്കപ്പോഴും തട്ടിപ്പു സംഘങ്ങള്‍ ഫോണ്‍ നമ്ബരുകള്‍ എടുത്തിട്ടുണ്ടാകുക. ഇനി ഇത്തരം കുരുക്കില്‍ പെട്ടാല്‍ ഭയപ്പെട്ടു സംഘത്തിന്റെ ഭീഷണിക്കു വഴിപ്പെടാതിരിക്കുക എന്നതാണ് അടുത്ത പാഠം. സംഘത്തെ ഭയപ്പെടുന്നു എന്നു തോന്നിയാല്‍ കൂടുതല്‍ കുരുക്കിലാക്കാന്‍ അവര്‍ക്ക് എളുപ്പമാകും.

സഹായിക്കുമെന്ന് ഉറപ്പുള്ള ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളോടു സംഭവം പറഞ്ഞാല്‍ മാനസിക പിന്തുണ അവരില്‍നിന്നു ലഭിക്കും. തല്‍ക്കാലത്തേക്കു ഫെയ്‌സ്ബുക് അക്കൗണ്ട് പ്രവര്‍ത്തനരഹിതമാക്കാം. സൈബര്‍ സെല്ലിലോ സൈബര്‍ പൊലീസിലോ പരാതിപ്പെടുക. ഒരു കാരണവശാലം ഇത്തരക്കാര്‍ക്കു പണം കൊടുക്കാതിരിക്കുക. മനോധൈര്യം കൈവിടാതിരിക്കുകയാണ് പ്രധാനപ്പെട്ട കാര്യമെന്ന് ഫീസ്റ്റോ പറയുന്നു.