ഇരിട്ടി : ഷിഗെല്ല ബാക്ടീരിയ ബാധയെത്തുടർന്ന് ഇരിട്ടി പയഞ്ചേരി മുക്കിലെ 9 കാരിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മേഖലയിൽ ആദ്യമായി രോഗ ബാധ സ്ഥിരീകരിയിച്ചതിനെത്തുടർന്ന് ആരോഗ്യവകുപ്പ് പ്രതിരോധ നടപടികൾ ശക്തമാക്കി . താലൂക്ക് ആശുപത്രിയിൽ വയറിളക്കത്തെത്തുടർന്ന് ചികിത്സതേടിയ 9 വയസ്സുകാരിക്ക് വയറിളക്കം മൂർച്ഛിച്ചതിനെത്തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇവിടെ നടത്തിയ പരിശോധനയിലാണ് ഷിഗെല്ല ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്.
പുറത്ത് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചു എന്ന സംഭവമല്ലാതെ ഇവർ ദൂര യാത്ര പോയിട്ടില്ലെന്നതാണ് ആരോഗ്യ വകുപ്പിന് കിട്ടിയ വിവരം. ഹെൽത്ത് സൂപ്രവൈസർ എം. വേണുഗോപാൽ, ഹെൽത്ത് ഇൻസ്പെക്ടർ ഇ. മനോജ്, ജെ പി എച്ച് എൻ കെ. എസ്. ഗിരിജ എന്നിവരടങ്ങുന്ന ആരോഗ്യ വകുപ്പ് സംഘം രോഗ ബാധിതയുടെ വീട്ടിൽ എത്തിയിരുന്നു. എന്നാൽ കുടുംബാംഗങ്ങൾ ആശുപത്രിയിൽ പോയിരുന്നതിനാൽ വീട് അടച്ചിട്ട നിലയിലായിരുന്നു. സമീപ പ്രദേശത്ത് ആർക്കും രോഗലക്ഷണങ്ങൾ ഇല്ല. ഇവർ ഉപയോഗിക്കുന്ന കിണറിലെ വെള്ളം പരിശോധനക്ക് അയക്കും. ചൊവ്വാഴ്ച സമീപത്തെ കിണറുകളിൽ ക്ളോറിനേഷൻ നടത്താനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.“`