പരിയാരം: ആദ്യ രക്തപരിശോധനയില്‍ കോറോണ വൈറസ് ബാധ സ്ഥിരീകരിച്ച പെരിങ്ങോം സ്വദേശിയുടെ രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവ്. ഞായറാഴ്ച രാത്രി വൈകിയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍നിന്ന് പരിശോധനാഫലം ലഭിച്ചത്. യുവാവിന്റെ ഭാര്യക്കും അമ്മയ്ക്കും പരിശോധിച്ച ഡോക്ടര്‍ക്കും രോഗബാധയില്ല. ഇവരുടെ സാമ്ബിളുകളുടെ പരിശോധനാഫലം നെഗറ്റീവാണെന്ന റിപ്പോര്‍ട്ടും ഞായറാഴ്ച ലഭിച്ചു.
നിലവില്‍ യുവാവ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ ചികിത്സയിലാണ്. അടുത്ത 48 മണിക്കൂറിനുള്ളില്‍ ഒരു പരിശോധനാഫലം കൂടി നെഗറ്റീവായാലേ രോഗബാധയില്ലെന്ന് പ്രഖ്യാപിക്കാനാകൂവെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു. ഇയാളുടെ കുട്ടിയുടെ പരിശോധനാഫലം തിങ്കളാഴ്ച ലഭിക്കും.
യുവാവിനെ പരിശോധിച്ച ഡോക്ടറെ ശനിയാഴ്ചയാണ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചത്. പനിയെത്തുടര്‍ന്ന് യുവാവ് മാര്‍ച്ച് ഏഴിന് കാങ്കോലിലെ ഡോക്ടറുടെ സ്വകാര്യ ക്ലിനിക്കില്‍ പരിശോധനയ്ക്കെത്തിയിരുന്നു. ഡോക്ടര്‍ ഇയാളോട് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആസ്പത്രിയിലെത്താന്‍ നിര്‍ദേശിച്ചു. യുവാവിന് ആദ്യ രക്തപരിശോധനയില്‍ കൊറോണബാധ കണ്ടെത്തിയതോടെ ഡോക്ടര്‍ക്കെതിരേ സാമൂഹികമാധ്യമങ്ങളില്‍ പ്രചാരണം നടന്നു. ഇതേത്തുടര്‍ന്നാണ് ആരോഗ്യവകുപ്പ് മുന്‍കൈയെടുത്ത് ഡോക്ടറെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും സാമ്ബിളുകള്‍ പരിശോധനയ്ക്കയക്കുകയും ചെയ്തത്.
മെഡിക്കല്‍ കോളേജ് ആസ്പത്രിയിലുണ്ടായിരുന്ന 24 പേരില്‍ നേരത്തേ ഫലം നെഗറ്റീവായ ഏഴുപേരെ ഞായറാഴ്ച ഡിസ്ചാര്‍ജ് ചെയ്തു. ഞായറാഴ്ച ആറുപേരെക്കൂടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെ 23 പേരാണ് ഇപ്പോള്‍ ഇവിടെ നിരീക്ഷണത്തിലുള്ളത്.
എ വിഭാഗക്കാര്‍ക്ക് പരിശോധനയില്ല
രോഗബാധ സംശയിക്കുന്നവരില്‍ പ്രത്യക്ഷലക്ഷണമില്ലാത്ത എ വിഭാഗത്തില്‍പ്പെടുന്നവര്‍ക്ക് ഇനി വൈറസ് നിര്‍ണയ പരിശോധന നടത്തില്ലെന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ തുടങ്ങിയ വൈറോളജി വിഭാഗവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഇവര്‍ വീടുകളില്‍ത്തന്നെ ഐസോലേഷനില്‍ കഴിയാനാണ് നിര്‍ദേശം. വിദേശത്തുനിന്ന് എത്തുന്ന എല്ലാവര്ക്കും പരിശോധന നടത്തേണ്ടതില്ലെന്ന് ഇതിനാവശ്യമായ പരിശോധനാ കിറ്റ് ലഭ്യമാക്കുന്ന ഐ.സി.എം.ആര്. അധികൃതര്‍ അറിയിച്ചു.
ഏറെ ചെലവുവരുന്ന വൈറസ് പരിശോധന അനാവശ്യമായി നടത്തേണ്ടതില്ലെന്നും രോഗലക്ഷണമുള്ള ബി, സി വിഭാഗം രോഗികള്‍ക്കു മാത്രമേ പരിശോധന നടത്തേണ്ടതുള്ളൂവെന്നുമാണ് നിര്‍ദേശം.