മുംബൈ: ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബഞ്ചിലെ ജസ്റ്റിസ് പുഷ്പ ഗനേഡിവാലയുടെ വിചിത്ര വിധിപ്രസ്താവങ്ങള്‍ വിവാദമാകുന്നു. വസ്ത്രത്തിന് മുകളിലൂടെ പെണ്‍കുട്ടിയുടെ മാറിടത്തില്‍ പിടിച്ചാല്‍ പീഡനമാകില്ലെന്നും പെണ്‍കുട്ടിയുടെ കൈകളില്‍ പിടിച്ചാലും പ്രതി പാന്റ്സിന്റെ സിപ് തുറന്നാലും ലൈംഗികാതിക്രമമായി കണക്കാക്കാന്‍ കഴിയില്ലെന്ന വിധിക്കും പിന്നാലെ മറ്റൊരു വിചിത്ര വിധിയും പുറപ്പെടുവിച്ചിരിക്കുകയാണ് ജസ്റ്റിസ് പുഷ്പ ഗനേഡിവാല. ഇര എതിര്‍ത്താല്‍ ഒരാള്‍ക്ക് ഒറ്റയ്ക്ക് വസ്ത്രമഴിച്ച് പീഡിപ്പിക്കാനാകില്ലെന്ന് നിരീക്ഷിച്ചാണ് ഇപ്പോള്‍ അവര്‍ മറ്റൊരു പോക്സോ കേസ് പ്രതിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്.
യാവത്മാള്‍ സ്വദേശിയായ 26കാരനെതിരായ കേസിലാണ് പ്രതി കുറ്റക്കാരനല്ലെന്ന് ജസ്റ്റിസ് പുഷ്പ ഗനേഡിവാല വിധി പറഞ്ഞിരിക്കുന്നത്. 2013 ജൂലൈ 26നാണ് കുട്ടിയുടെ അമ്മ അയല്‍ക്കാരനെതിരെ കേസ് ഫയല്‍ ചെയ്തത്. തന്റെ മകള്‍ക്ക് 15 വയസ് പ്രായമുള്ള സമയത്താണ് കുറ്റകൃത്യം നടന്നത് എന്നായിരുന്നു ഇരയുടെ അമ്മയുടെ പരാതി. ഇവരുടെ പരാതി അനുസരിച്ചാണ് സൂരജ് കാസര്‍കര്‍ എന്ന ഇരുപത്തിയാറുകാരനെതിരെ പൊലീസ് കുറ്റപത്രം തയ്യാറാക്കിയത്.
മദ്യപിച്ച് എത്തിയ അയല്‍വാസി വീട്ടില്‍ അതിക്രമിച്ച് കയറി പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പരാതി. നിലവിളിക്കാന്‍ ശ്രമിച്ചപ്പോള്‍ വായപൊത്തിപ്പിടിച്ച അക്രമി വസ്ത്രങ്ങള്‍ വലിച്ച് മാറ്റി പീഡിപ്പിച്ചെന്നായിരുന്നു പരാതിയില്‍ പറഞ്ഞത്. ഇതാണ് കോടതിയില്‍ പ്രതിക്ക് അനുകൂലമായി മാറിയ കോടതിയുടെ നിരീക്ഷണത്തിന് കാരണമായത്. അനധികൃതമായ അതിക്രമിച്ച് കയറലും ബലാത്സംഗവും കോടതിയില്‍ തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ല. അതിക്രമത്തിന് ഇരയായ പെണ്‍കുട്ടിക്ക് 18 വയസില്‍ താഴെ പ്രായമുള്ളപ്പോഴാണ് അതിക്രമം നേരിടേണ്ടി വന്നതെന്നും കോടതിയില്‍ തെളിയിക്കാന്‍ പ്രൊസിക്യൂഷന് സാധിച്ചില്ല. ഇരുവരും തമ്മില്‍ ഉഭയസമ്മത പ്രകാരമായിരുന്നു ലൈംഗിക ബന്ധമെന്നായിരുന്നു പ്രതിഭാഗം കോടതിയില്‍ വാദിച്ചത്.
എതിര്‍ക്കുന്ന വ്യക്തിയെ പിടിച്ച് വച്ച് വസ്ത്രമഴിച്ച് പീഡിപ്പിക്കാന്‍ ഒരാള്‍ക്ക് തനിയെ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ് പുഷ്പ ഗനേഡിവാല പ്രതിയെ കുറ്റവിമുക്തനാക്കിയത്. ഒരാള്‍ തനിയെ ഇരയുടെ വായപൊത്തിപ്പിടിക്കുകയും ബലാത്കാരം ചെയ്യുകയും ചെയ്യുക അസാധ്യമാണെന്നും ഇവര്‍ പറയുന്നു. കേസിലെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ട് ഇരയ്ക്ക് അനുകൂലമല്ലെന്നും പുഷ്പ ഗനേഡിവാല പറയുന്നു. വിചാരണക്കോടതി പ്രതിക്ക് വിധിച്ച പത്ത് വര്‍ഷത്തെ ശിക്ഷയും കോടതി തള്ളി. ശക്തമായ ശിക്ഷയ്ക്ക് ശക്തമായ തെളിവുകള്‍ വേണമെന്നായിരുന്നു പുഷ്പ ഗനേഡിവാല വിശദമാക്കിയത്.
പുഷ്പ ഗനേഡിവാല അടുത്തിടെ പോക്സോ കേസുകളില്‍ നടത്തിയ മറ്റ് രണ്ട് വിധി പ്രസ്താവങ്ങളും വിവാദമായിരുന്നു. വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് സുപ്രീം കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെ വീണ്ടും വിചിത്ര വിധിയുമായി പുഷ്പ ഗനേഡിവാല രംഗത്തെത്തിയിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ കൈപിടിക്കുന്നതും, കുട്ടിയുടെ പാന്റിന്റെ സിപ്പ് അഴിക്കുന്നതും പോക്സോ വിഭാഗത്തില്‍ പെടുത്തി കേസെടുക്കാന്‍ കഴിയില്ലെന്നായിരുന്നു പുതിയ നിരീക്ഷണം. അഞ്ച് വയസ്സുകാരിയെ ലൈംഗികമായി ഉപദ്രവിച്ച അമ്ബത് വയസ്സുകാരന് നല്കിയ അപ്പീലിലാണ് കോടതി വിധി.അഞ്ച് വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് സെഷന്‍സ് കോടതി അഞ്ച് വര്‍ഷം കഠിനതടവാണ് വിധിച്ചത്. 2020 ഒക്ടോബറിലാണ് സെഷന്‍സ് കോടതി ഇയാള്‍ക്ക് ശിക്ഷ വിധിച്ചത്. വിധിക്കെതിരെ ഇയാള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ കൈകള്‍ പിടിച്ചുവെയ്ക്കുന്നതും. കുട്ടിയുടെ പാന്റ്സിന്റെ സിപ്പ് അഴിച്ചതും ലൈംഗിക പീഡനത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ കഴിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ നിരീക്ഷണം. പ്രതിക്കെതിരെ പോക്സോ ചുമത്താന്‍ വേണ്ടത്ര തെളിവുകള്‍ നിരത്താന്‍ പ്രൊസിക്യൂഷന് സാധിച്ചില്ലെന്നും കോടതി പറഞ്ഞു.
2018 ലാണ് പെണ്‍കുട്ടിക്ക് നേരെ പ്രതിയായ ലിബ്നസ് കജൂര്‍ എന്ന പ്രതി ലൈംഗികാതിക്രമം നടത്തിയത്. കുട്ടിയുടെ അമ്മ വീട്ടിലില്ലാതിരുന്ന സമയത്ത് ഇയാള്‍ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറുകയും കുട്ടിയുടെ കൈകള്‍ ബലമായി പിടിക്കുകയും ചെയ്തു. ജോലി കഴിഞ്ഞ് വീട്ടിലേക്കെത്തിയ കുട്ടിയുടെ അമ്മയാണ് ഇയാള്‍ കുട്ടിയെ ഉപദ്രവിക്കുന്ന കാഴ്ച കണ്ടത്. പെണ്‍കുട്ടിയുടെ പാന്റ്സിന്റെ സിപ്പ് ഇയാള്‍ ബലമായി അഴിക്കുകയായിരുന്നുവെന്ന് കുട്ടി തന്നെ അമ്മയോട് പറഞ്ഞു. തുടര്‍ന്ന് ഇവര്‍ ബഹളം വെയ്ക്കുകയും അടുത്തുള്ളവരെ വിവരമറിയിക്കുകയുമായിരുന്നു. അന്ന് തന്നെ അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ പ്രതിക്കെതിരെ പരാതി നല്‍കുകയും ചെയ്തിരുന്നു.
സുപ്രീം കോടിയുടെ ഇടപെടല്‍
ചര്‍മത്തില്‍ തൊടാതെ പന്ത്രണ്ടു വയസ്സുകാരിയുടെ മാറിടത്തില്‍ തൊടുന്നത് പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ വിവാദ ഉത്തരവ് കഴിഞ്ഞ ദിവസം സുപ്രീം കോടതി സ്റ്റേ ചെയ്തിരുന്നു.12 വയസുകാരിയായ പെണ്‍കുട്ടിയെ ലൈംഗികമായി അതിക്രമിച്ച കേസില്‍ തടവുശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതി സമര്‍പ്പിച്ച അപ്പീല്‍ പരിഗണിക്കവെയാണ് സിംഗിള്‍ ബെഞ്ച് ജഡ്ജി പുഷ്പ ഗനേഡിവാല് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പോക്സോ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തൊലിയും തൊലിയുമായി ബന്ധം ഉണ്ടാവണമെന്നാണ് കോടതി ഉത്തരവില്‍ വ്യക്തമാക്കിയിരുന്നത്. ഈ വിവാദ ഉത്തരവാണ് സുപ്രീം കോടതി സ്റ്റേ ചെയ്തത്. ഉത്തരവിന് അടിസ്ഥാനമായ കേസിലെ പ്രതിയെ പോക്സോ സെക്ഷന്‍ 8-ല്‍ നിന്ന് കുറ്റവിമുക്തനാക്കുന്ന ഉത്തരവ് രണ്ടാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.
ചീഫ് ജസ്റ്റിസ് എസ്എസ് ബോബ്ഡെ അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. വിവാദ ഉത്തരവ് അറ്റോണി ജനറല്‍ കെകെ വേണുഗോപാല്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി. ഉത്തരവ് ചോദ്യം ചെയ്തുള്ള വിശദമായ ഹര്‍ജി സമര്‍പ്പിക്കാന്‍ സുപ്രീം കോടതി എ.ജിയോട് നിര്‍ദ്ദേശിച്ചു. പോക്സോ സെക്ഷന്‍ 8 പ്രകാരം ലൈംഗിക അതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ നേരിട്ടുള്ള സ്പര്‍ശനം വേണമെന്ന നിരീക്ഷണം ഗുരുതരമായ കീഴ്വഴക്കം സൃഷ്ടിക്കുമെന്നും എ.ജി ചൂണ്ടിക്കാട്ടി.
ബോബെ ഹൈക്കോടതിയുടെ നാഗ്പുര്‍ ബെഞ്ചാണ് ജസ്റ്റിസ് പുഷ്പ വി ഗനേഡിവാലയാണ് വിവാദ ഉത്തരവ് പുറപ്പെടുവിച്ചത്. 12 വയസ്സുകാരിയെ പേരയ്ക്കാ നല്‍കാമെന്ന് പറഞ്ഞ് വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. സെക്ഷന്‍ 8 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ(Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്നായിരുന്നു കോടതി നിരീക്ഷണം.
തുടര്‍ന്ന് കേസിലെ പ്രതിയെ പോക്സോ പ്രകാരമുള്ള കേസില്‍ നിന്ന് വിമുക്തനാക്കി. ഈ വിവാദ വിധിക്കെതിരെ വലിയ തോതില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു പല കോണുകളില്‍ നിന്നും. ഈ പശ്ചാത്തലത്തിലാണ് എ.ജി ഇന്ന് വിധി സുപ്രീംകോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
പേരയ്ക്ക നല്‍കാമെന്ന് പറഞ്ഞ് 12 വയസ്സുകാരിയെ വിളിച്ചുവരുത്തുകയും മാറിടത്തില്‍ സ്പര്‍ശിക്കുകയും വസ്ത്രം മാറ്റാന്‍ ശ്രമിച്ചുവെന്നുമാണ് കേസ്. ഇതിനിടെ പെണ്‍കുട്ടിയുടെ അമ്മ സംഭവസ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കുകയായിരുന്നു. സംഭവത്തില്‍ വിചാരണ കോടതി പോക്സോ സെക്ഷന്‍ 8, ഐപിസി പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ കേസിലെ ആരോപണവിധേയന് കോടതി വിധിക്കെതിരെ ബോംബെ ഹൈക്കോടതിയെ സമീപിച്ചു.
കുട്ടിയുടെ വസ്ത്രം മാറ്റാതെ മാറിടത്തില്‍ തൊടുന്നത് പോക്സോ പ്രകാരം ലൈംഗിക അതിക്രമത്തില്‍പ്പെടുമോ എന്ന് ആരോപണവിധേയന് കോടതിയില്‍ ചോദ്യമുന്നയിച്ചു. തുടര്‍ന്നാണ് പോക്സോ സെക്ഷന്‍ 8-ല്‍ കോടതി വിശദീകരണം നല്‍കിയത്. സെക്ഷന്‍ 7 പ്രകാരം വസ്ത്രം മാറ്റി ശരീരഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ശിക്കാതെ(Skin to Skin Contact) മാറിടത്തില്‍ തൊടുന്നത് ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍പ്പെടില്ലെന്ന് കോടതി വിശദീകരിച്ചു. ആരോപണ വിധേയനില്‍ നിന്ന് പോക്സോ പ്രകാരമുള്ള കേസ് ഒഴിവാക്കാനും കോടതി നിര്‍ദ്ദേശിക്കുകയായിരുന്നു. അതേസമയം ഐപിസി 354 പ്രകാരമുള്ള കേസ് തുടരും. പോക്സോ സെക്ഷന്‍ 7 പ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് 3-5 വര്‍ഷം വരെയാണ് തടവുശിക്ഷ. ഐപിസി 35 പ്രകാരമുള്ള കേസിന് ഒരു വര്‍ഷം വരെയാണ് ജയില്‍ തടവ്.