kerala

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടത്തോട്ട്;സൂചന നൽകി സ്കറിയ തോമസ്



ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടത്തോട്ട്; കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്നെ സൂചന നൽകി സ്കറിയ തോമസ്

തിരുവനന്തപുരം: കേരള കോൺഗ്രസ് ജേക്കബ്ബ് വിഭാഗം ഇടതുമുന്നണിയിലേക്കെന്നെ സൂചന നൽകി സ്കറിയ തോമസ്. യാക്കോബായ സഭയുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയായിരുന്നു സ്കറിയ തോമസ് ഇക്കാര്യം വ്യക്തമാക്കിയത്. യാക്കോബായ സഭ എൽ.ഡി.എഫിനെ പിന്തുണച്ചതിനാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി അനൂപിന് പിറവത്ത് ജയിക്കാനാവില്ലെന്നും സ്കറിയാ തോമസ് പറഞ്ഞു.

ജോസ് കെ മാണിക്ക് പിന്നാലെ അനൂപ് ജേക്കബും ഇടതുമുന്നണിയിലേക്കെത്തുമെന്നും അനൂപിന്റെ മുന്നണിമാറ്റം സംബന്ധിച്ച് സഭാ നേതൃത്വത്തെ ഇടപെടുത്തി അനൗദ്യോഗിക ചർച്ചകൾ തുടങ്ങിയിട്ടുണ്ടെന്നും സ്കറിയാ തോമസ് വെളിപ്പെടുത്തി.

ആരെതിർത്താലും പിറവത്ത് ഇപ്പോൾ ഇടതുപക്ഷസ്ഥാനാർത്ഥി ജയിക്കാനുള്ള സാധ്യതയാണുള്ളത്. അത് മനസ്സിലാക്കി ബുദ്ധിപൂർവ്വം ആരെങ്കിലും പ്രവർത്തിച്ചാൽ അവരെ നമ്മൾ സ്വാഗതം ചെയ്യുകയല്ലേ വേണ്ടത്, സ്കറിയ തോമസ് ചോദിച്ചു. കേരള കോൺഗ്രസിലെ കൂടുതൽ വിഭാഗങ്ങൾ ഇടതുമുന്നണിയിലെത്താൻ സാധ്യതയുണ്ടെന്ന് മന്ത്രി ഇ.പി ജയരാജനും പ്രതികരിച്ചു.

എന്നാൽ യു.ഡി.എഫ് വിടുമെന്ന വാർത്തകൾ അനൂപ് ജേക്കബ് കഴിഞ്ഞ ദിവസം നിഷേധിച്ചിരുന്നു. ഇടതുപക്ഷ് മുന്നണിയിലേക്ക് പോകുന്നതാണ് നല്ലതെന്ന് സഭകൾ തന്നെ ഉപദേശിക്കുന്നുണ്ടെങ്കിൽ അത് ഇടതുപക്ഷത്തിന്റെ നയങ്ങളുടെ തിളക്കമാണെന്ന് ഇ.പി ജയരാജൻ പറഞ്ഞിരുന്നു.