InterNational kerala

സുരേന്ദ്രന്റെ മകള്‍ക്കെതിരായ പരാമര്‍ശം; കമന്റ് വന്നത് വ്യാജ വിലാസത്തില്‍ നിന്ന്, തന്റെ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റെന്ന് അജ്‌നാസ്



കോഴിക്കോട്: ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ സംഭവത്തില്‍ വിശദീകരണവുമായി ആരോപണ വിധേയനായ അജ്‌നാസ്. തന്റെ പേരിലുളള വ്യാജ വിലാസത്തില്‍ നിന്നാണ് കമന്റ് വന്നതെന്ന് അജ്‌നാസ് പറഞ്ഞു. ഇക്കാര്യം താന്‍ അറിഞ്ഞിരുന്നില്ലെന്നും അജ്‌നാസ് വ്യക്തമാക്കി.

ഇതിനുളള തെളിവുകള്‍ തന്റെ പക്കലുണ്ട്. സംഭവത്തില്‍ പിതാവ് ക്ഷമാപണം നടത്തിയ വാര്‍ത്ത തെറ്റാണ്. ഇതുമായി ബന്ധപ്പെട്ട് ഖത്തര്‍ പൊലീസിനും സൈബര്‍ പൊലീസിനും ഇന്ത്യന്‍ എംബസിക്കും പരാതി നല്‍കുമെന്നും അജ്‌നാസ് പറഞ്ഞു. കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട മകള്‍ക്കൊപ്പമുളള ഫോട്ടോയ്‌ക്ക് താഴെയാണ് അജ്‌നാസ് അശ്ലീലപരാമര്‍ശം നടത്തിയത്.

സംഭവം വിവാദമായതോടെ കമന്റ് ഡിലീറ്ര് ചെയ്യുകയായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍ അടക്കമുളളവര്‍ സംഭവത്തെ അനുകൂലിച്ച്‌ രംഗത്തെത്തിയിരുന്നു. പിന്നാലെ അജ്‌നാസിന്റെ വീട്ടിലേക്ക് ബി ജെ പി പ്രവര്‍ത്തകര്‍ മാര്‍ച്ച്‌ നടത്തിയിരുന്നു. അദ്ദേഹത്തിന്റെ പിതാവിന് താക്കീത് നല്‍കിയാണ് ബി ജെ പി പ്രവര്‍ത്തകര്‍ മടങ്ങിയത്.

‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാല്ലോ, അതിനുളള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ടാവും.’ എന്നായിരുന്നു ബി ജെ പി പ്രവര്‍ത്തകര്‍‌ പറഞ്ഞത്. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല, അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നുമാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ല. ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബി ജെ പിക്കാര്‍ മുന്നറിയിപ്പായി പറഞ്ഞിരുന്നു.