National

ഇന്ത്യക്ക് സ്വന്തമായി ഡിജിറ്റല്‍ കറന്‍സി; ആര്‍ബിഐയുടെ പ്രസ്താവന.



മുംബൈ: രാജ്യത്തു സെന്‍ട്രല്‍ ബാങ്ക് ഡിജിറ്റല്‍ കറന്‍സി (സിബിഡിസി) അവതരിപ്പിക്കേണ്ട ആവശ്യമുണ്ടോയെന്ന് പരിശോധിക്കുകയാണെന്നും അതിനുള്ള വഴികള്‍ തേടുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ). സ്വകാര്യ ഡിജിറ്റല്‍ കറന്‍സികള്‍, വെര്‍ച്വല്‍ കറന്‍സികള്‍, ക്രിപ്‌റ്റോ കറന്‍സികള്‍ എന്നിവ ജനപ്രീതി നേടുന്ന പശ്ചാത്തലത്തിലാണ് ആര്‍ബിഐയുടെ പ്രസ്താവന.

 

ഇന്ത്യയില്‍ സര്‍ക്കാരുകളുള്‍പ്പെടെ ഏല്ലാവരും ഇത്തരം കറന്‍സികളെ സംശയത്തോടെയാണു കാണുന്നത്. അവയുമായി ബന്ധപ്പെട്ട് അപകട സാധ്യതകളുണ്ടെന്ന ആശങ്കയുമുണ്ട്. എങ്കിലും കറന്‍സിയുടെ ഡിജിറ്റല്‍ പതിപ്പ് ആവശ്യമുണ്ടോയെന്നു പരിശോധിക്കുമെന്നു റിസര്‍വ് ബാങ്ക് പറയുന്നു.

“ഔദ്യോഗിക കറന്‍സിയുടെ നിയമപ്രകാരമുള്ള ഡിജിറ്റല്‍ രൂപമാണു സിബിഡിസി എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിന്മേല്‍ അധികാരം കേന്ദ്ര ബാങ്കിനാണ്. ബാലന്‍സ് ഷീറ്റിലും ഇതു രേഖപ്പെടുത്തും. ഇലക്‌ട്രോണിക് കറന്‍സിയുടെ രൂപത്തിലുള്ള സിബിഡിസി തുല്യമൂല്യമുള്ള പണത്തിനും പരമ്ബരാഗത സെന്‍ട്രല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കുമായി മാറ്റാനോ കൈമാറ്റം ചെയ്യാനോ സാധിക്കും. പണമിടപാടുകളില്‍ (പേയ്മെന്റ്) പുതുമകള്‍ അതിവേഗത്തിലാണ്. ലോകമെമ്ബാടുമുള്ള കേന്ദ്ര ബാങ്കുകള്‍‌ സാങ്കേതിക വിദ്യയെ കൂടുതലായി ഉപയോഗിക്കാനും പണം ഡിജിറ്റല്‍ രൂപത്തില്‍ നല്‍കാനും കഴിയുമോയെന്ന് പരിശോധിക്കുന്നുണ്ട്.” – ആര്‍ബിഐ അഭിപ്രായപ്പെട്ടു.

സ്വകാര്യ ക്രിപ്റ്റോകറന്‍സികള്‍ക്കെതിരായ നിലപാടാണു റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസിന്റേത്. രാജ്യത്ത് കറന്‍സി വിതരണം ചെയ്യുന്ന ഒരേയൊരു പരമാധികാരി കേന്ദ്ര ബാങ്ക് ആകണമെന്ന് അദ്ദേഹം പറയുന്നു.