kerala Local

‘അറിയാല്ലോ…ആള്‍ക്കാരും സംവിധാനവുമുണ്ട്’; കെ സുരേന്ദ്രന്റെ മകള്‍ക്ക് നേരെ അസഭ്യ കമന്റിട്ട പ്രവാസിയുടെ വീട്ടിലെത്തി പിതാവുമായി സംസാരിച്ച്‌ ബിജെപിക്കാര്‍



തിരുവനന്തപുരം: ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്റെ മകള്‍ക്കെതിരെ സോഷ്യല്‍ മീഡിയ വഴി അസഭ്യം പറഞ്ഞ പ്രവാസിയുടെ വീട്ടിലേക്ക് മാര്‍ച്ച്‌ നടത്തി ബിജെപി. അജിനാസ് അജ്‌നാസ് എന്ന ഫേസ്ബുക്ക് പ്രൊഫൈല്‍ ഉടമയുടെ വീട്ടിലേക്കാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധപ്രകടനം നടത്തിയത്. പാര്‍ട്ടി അദ്ധ്യക്ഷന്റെ മകള്‍ക്കെതിരെ അജ്നാസ് മോശം പരാമര്‍ശം നടത്തിയെന്നും ഇക്കാര്യത്തില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും ബിജെപി പ്രവര്‍ത്തകര്‍ അജ്നാസിന്റെ പിതാവിനോട് പറഞ്ഞു.

‘ഈ പ്രതികരണമൊന്നുമല്ല ഉണ്ടാകേണ്ടത്. അറിയാമല്ലോ, അതിനുള്ള ആള്‍ക്കാരും സംവിധാനവും ഇവിടെ തന്നെയുണ്ട്.’-എന്നും പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവാസിയുടെ പിതാവിനോട് പറഞ്ഞു. അജ്‌നാസിനെ തങ്ങള്‍ ഫോണില്‍ ബന്ധപ്പെട്ടെന്നും അവന്‍ പറഞ്ഞത് താന്‍ അല്ല അങ്ങനെയൊരു പരാമര്‍ശം നടത്തിയതെന്നാണ്. അവന്‍ അല്ലെങ്കില്‍ കുഴപ്പമില്ലെന്നും ഇനി ആണെങ്കില്‍ നിയമപരമായും അല്ലാതെയും നേരിടുമെന്നും ബിജെപി പ്രവര്‍ത്തകര്‍ പറഞ്ഞു.

ഖത്തറില്‍ ജോലി ചെയ്യുന്ന അജ്നാസിനെതിരെ ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ ഫേസ്ബുക്ക് പേജിലും ബിജെപി അനുകൂലികള്‍ വ്യാപകമായി കമന്റുകളിടുന്നുണ്ട്. ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും രാജ്യത്തുനിന്നും പുറത്താക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്. കഴിഞ്ഞദിവസം കെ സുരേന്ദ്രന്‍ ഫേസ്ബുക്കിലിട്ട ഫോട്ടോയ്ക്ക് കീഴിലാണ് അജ്‌നാസ് എന്നയാള്‍ അശ്ലീലപരാമര്‍ശം നടത്തിയത്. ഇയാള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍ രംഗത്തെത്തിയിരുന്നു.