kerala Local

കണ്ണൂരില്‍ വന്‍ ഓണ്‍ലൈന്‍ തട്ടിപ്പ്; ഒമ്പത്‌ലക്ഷം തട്ടിയ യു.പി സ്വദേശി അറസ്റ്റില്‍…



കണ്ണൂര്‍: പള്ളിക്കുന്ന് സ്വദേശിനിയുടെ അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ കവര്‍ന്ന യു.പി സ്വദേശി  അറസ്റ്റില്‍. യു.പി മിര്‍സാപൂര്‍ സ്വദേശിയായ പ്രവീണ്‍കുമാര്‍ സിംഹിയെയാണ് (30) കണ്ണൂര്‍ ടൗണ്‍ പോലിസ് അറസ്റ്റ് ചെയ്തത്. പ്രതിയുടെ നാട്ടിലെത്തിയാണ് അതീവ രഹസ്യമായി അന്വേഷണ സംഘം പ്രതിയെ പിടികൂടിയത്. ഓണ്‍ലൈനില്‍ സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടിയാണ് പണം തട്ടിയതെന്നും ഇനിയും സംഘത്തിലെ രണ്ടുപേരെ കൂടി പിടികൂടാനുണ്ടെന്നും പോലിസ് അറിയിച്ചു.  എസ്.ബി.ഐ മാനേജരാണ് എന്ന് പരിചയപ്പെടുത്തിയാണ് പ്രവീണ്‍കുമാര്‍ പള്ളിക്കുന്ന് സ്വദേശിനിയെ വിളിച്ചത്. തുടര്‍ന്ന് ഒ.ടി.പി നമ്പര്‍ ആവശ്യപ്പെടുകയായിരുന്നു. ആരും വിശ്വസിക്കുന്ന രീതിയിലായിരുന്നു ഇവരുടെ സംസാരം. അതുകൊണ്ട് തന്നെ ഒ.ടി.പി നല്‍കുകയും ചെയ്തു. തുടര്‍ന്നാണ് ഇവരുടെ അക്കൗണ്ടില്‍ നിന്നും ഒമ്പതുലക്ഷം രൂപ പ്രതികള്‍ കവര്‍ന്നത്. പരാതി ലഭിച്ചയുടന്‍ സൈബര്‍സെല്‍ വഴി പോലിസ് അന്വേഷണം തുടങ്ങിയിരുന്നു. അങ്ങനെ പ്രതികളിലേക്കെത്തുന്ന ലിങ്ക് ലഭിക്കുകയും അവസാനം മേല്‍വിലാസം ലഭിക്കുകയും ചെയ്തു. അപ്പോഴേക്കും പ്രതി യു.പിയിലേക്ക് കടന്നുകളഞ്ഞു. തുടര്‍ന്നാണ് സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ യു.പിയിലെത്തി പ്രതിയെ അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ എ.എസ്.പി പി.പി സദാനന്ദന്റെ മേല്‍നോട്ടത്തിലാണ് സി.ഐ പ്രദീപന്‍ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം കേസന്വേഷിച്ചത്.  സമാനമായ ഒരു കേസ് കൂടി കഴിഞ്ഞ ദിവസം കണ്ണൂരില്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. മാട്രിമോണിയല്‍ സൈറ്റില്‍ നിന്നും പെണ്‍കുട്ടിയുടെ നമ്പര്‍ സംഘടിപ്പിച്ച് വിളിച്ചതിന് ശേഷം 60,000 രൂപ തട്ടിയ കേസ് കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇതിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും കണ്ണൂര്‍ എ.എസ്.പി പി.പി സദാനന്ദന്‍ പറഞ്ഞു….