കേരളത്തിലേക്ക് കാട്ടുവഴികളിലൂടെ വരുന്നതിനിടെ പേരാവൂര്‍ കാക്കയങ്ങാട് സ്വദേശികളായ നാലുപേർ പിടിയില്‍- – Sreekandapuram Online News-
Sun. Sep 20th, 2020
കൃഷിപ്പണിക്ക് പോയി തിരികെ കേരളത്തിലേക്ക് കാട്ടുവഴികളിലൂടെ എത്തിയ നാല് മലയാളികളെ കര്‍ണാടക ഫോറസ്റ്റ് സംഘം പിടികൂടി. പേരാവൂര്‍ സ്വദേശികളെയാണ് പിടികൂടിയത്. ഇവരെ വീരാജ്‌പേട്ടയിലെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
പേരാവൂര്‍ സ്വദേശികളായ രാധാകൃഷ്ണന്‍, അനീഷ്, സനില്‍, കാക്കയങ്ങാട് സ്വദേശി പ്രഭാകരന്‍ എന്നിവരെയാണ് വനംവകുപ്പ് പിടികൂടിയത്. കര്‍ണാടക അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നേതൃത്വത്തിലാണ് ഇവരെ കസ്റ്റഡിയിലെടുത്ത് ക്വാറന്‍റൈന്‍ ചെയ്തത്. കര്‍ണാടകത്തില്‍ നിന്നും ചില വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പണം വാങ്ങി വനത്തിലൂടെ കേരളത്തിലേക്ക് ആളുകളെ കടത്തിവിടുന്നു എന്ന വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കര്‍ണാടക വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന കർശനമാക്കിയത്. കേരളാ – കര്‍ണാടക അതിര്‍ത്തിയില്‍ അറബിത്തട്ട് മേഖലയില്‍ നിന്നുമാണ് ഇവരെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസങ്ങളില്‍ കാലാങ്കി, തൊട്ടില്‍പ്പാലം, കച്ചേരിക്കടവ്, ആറളം മേഖലകളിലേക്ക് കര്‍ണാടക വനത്തിലൂടെ എത്തിയ നാല്‍പ്പതോളം മലയാളികളെ കേരളാ പോലീസും ആരോഗ്യ വകുപ്പും പിടികൂടിയിരുന്നു. ഇവർ നിലവിൽ ഇരിട്ടി, കണ്ണൂര്‍ മേഖലകളില്‍ കോറന്റെയിന്‍ സെന്‍ററുകളിലാണുള്ളത്. ഇത്തരത്തില്‍ വരുന്നവര്‍ക്കെതിരെ കേരളാ പോലീസ് കര്‍ശന നടപടികള്‍ സ്വീകരിച്ചു തുടങ്ങിയതോടെ ആളുകളുടെ വരവ് കുറഞ്ഞിരുന്നു.
By onemaly