kerala Local

വയനാട്ടില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവം: റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ നിര്‍ദേശം



വയനാട് മേപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ യുവതി മരിച്ച സംഭവത്തില്‍ വനംവകുപ്പ് അന്വേഷണം ആരംഭിച്ചു. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് കണ്ണൂര്‍ സ്വദേശിനി ഷഹാന സത്താറിനെയാണ് (26) ആന ചവിട്ടിക്കൊന്നത്. യുവതി താമസിച്ച റിസോര്‍ട്ടിന് എതിരെയാണ് അന്വേഷണം. റിസോര്‍ട്ട് അടച്ചുപൂട്ടാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും പ്രദേശത്തെ മറ്റ് റിസോര്‍ട്ടുകളില്‍ പരിശോധന നടത്തുമെന്നും ജില്ലാ കളക്ടര്‍ വ്യക്തമാക്കി.

വന്യമൃഗശല്യം രൂക്ഷമായ സ്ഥലത്ത് ഇവര്‍ താമസിച്ച റിസോര്‍ട്ടിന് ഹോം സ്റ്റേയ്ക്ക് ലൈസന്‍സ് ഇല്ലാത്തതായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി. എന്നാല്‍, ഹോം സ്റ്റേ ലൈസന്‍സ് ഉണ്ടെന്നും ടെന്റുകള്‍ക്ക് സര്‍ക്കാര്‍ ലൈസന്‍സ് അനുവദിക്കാറില്ലെന്നുമായിരുന്നു റിസോര്‍ട്ട് ഉടമയുടെ വാദം.

റിസോര്‍ട്ടിലെ ടെന്റുകളിലൊന്നില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്ന ഷഹാന താമസിച്ചിരുന്നത്. ശുചിമുറിയില്‍ പോയി വരുന്ന വഴിയായിരുന്നു ആനയുടെ ആക്രമണം. ഭയന്നു വീണ ഷഹാനയെ ആന ചവിട്ടുകയായിരുന്നു എന്നാണ് റിസോര്‍ട്ട് ഉടമ പറയുന്നത്. ബന്ധുക്കള്‍ ഓടിയെത്തിയെങ്കിലും ആന ആക്രമണം തുടര്‍ന്നു.. റിസോര്‍ട്ടിനു മൂന്നു വശവും കാടാണ്. ഇവിടെ മൊബൈല്‍ റെയ്ഞ്ച് ഇല്ല. കൂടെയുണ്ടായിരുന്ന 2 പേര്‍ ഓടി രക്ഷപ്പെട്ടു. ഷഹാന സംഭവസ്ഥലത്തു തന്നെ മരിച്ചു.

മേപ്പാടി എളമ്ബിലേരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ ടെന്റില്‍ താമസിക്കുമ്ബോഴാണ് കണ്ണൂര്‍ സ്വദേശിനി ഷഹാനയെ കാട്ടാന ആക്രമിച്ചത്. ഉടനെ വിംസ് മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇന്നലെ രാത്രി എട്ടു മണിയോടെയാണ് സംഭവം നടക്കുന്നത്. വനമേഖലയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ ഇവിടെ കാട്ടാന ഇറങ്ങാറുണ്ടെന്നാണ് സമീപവാസികള്‍ പറയുന്നത്.