കോവിഡിനെതിരെ കോട്ടകെട്ടി മലപ്പുറം; അഞ്ച് പേര്‍ കൂടി രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി – Sreekandapuram Online News-
Thu. Sep 24th, 2020




മഞ്ചേരി: കോവിഡ് 19നെതിരായ പോരാട്ടത്തില്‍ മലപ്പുറം ജില്ല വിജയതീരത്തേക്ക്. ജില്ലയില്‍ കോവിഡ് വിമുക്തരായ അഞ്ച് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് തിങ്കളാഴ്ച വീടുകളിലേക്ക് മടങ്ങി. ഇതില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. ഇനി കോവിഡ് സ്ഥിരീകരിച്ച്‌ ഒരാള്‍ മാത്രമാണ് ആശുപത്രിയില്‍ കഴിയുന്നത്.

ഇതിനകം 17 പേര്‍ രോഗം ഭേദമായി വീട്ടിലേക്ക് മടങ്ങി. വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ് (63), തിരൂര്‍ തെക്കന്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍ (39), നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി മുഹമ്മദ് സനീം (30), വേങ്ങര കണ്ണമംഗലം സ്വദേശി സുലൈഖ (45), മമ്ബുറം വെട്ടം ബസാര്‍ സ്വദേശി സാജിദ (42) എന്നിവരാണ് രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങിയത്.




ചുങ്കത്തറ സ്വദേശിയായ മുഹമ്മദ് സനീമിനെ കാളികാവിലെ കോവിഡ് കെയര്‍ സെന്‍ററിലേക്ക് മാറ്റി. ഇനി 14 ദിവസം ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശമനുസരിച്ച്‌ ഇവര്‍ നിരീക്ഷണത്തില്‍ കഴിയണം. മാര്‍ച്ച്‌ 11, 12 തീയതികളില്‍ ഡല്‍ഹി നിസാമുദ്ദീനിലെ സമ്മളനത്തില്‍ പങ്കെടുത്തശേഷം തിരിച്ചെത്തിയതായിരുന്നു വേങ്ങര കൂരിയാട് സ്വദേശി അബ്ബാസ്. മാര്‍ച്ച്‌ 16നാണ് ഇയാള്‍ വീട്ടിലെത്തിയത്. രോഗബാധ സ്ഥിരീകരിച്ചശേഷം ഏപ്രില്‍ ആറ് മുതല്‍ മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷന്‍ കേന്ദ്രത്തില്‍ ചികിത്സ ആരംഭിച്ചു.




തിരൂര്‍ പുല്ലൂര്‍ സ്വദേശി ഷറഫുദ്ദീന്‍ മാര്‍ച്ച്‌ 22ന് ദുബൈയില്‍നിന്നാണ് എത്തിയത്. ബംഗളൂരു വിമാനത്താവളത്തിലെത്തി അവിടെനിന്ന് തലശ്ശേരി ഗവ. ആശുപത്രിയിലെത്തി പരിശോധനക്ക് വിധേയനായി. മാര്‍ച്ച്‌ 23ന് രാവിലെ ആംബുലന്‍സില്‍ തിരൂര്‍ പുല്ലൂരിലെ വീട്ടിലെത്തി പ്രത്യേക നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ രോഗബാധ സ്ഥിരീകരിച്ചതോടെ മാര്‍ച്ച്‌ 26ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.




ഡല്‍ഹി നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്ത് തിരിച്ചെത്തിയ നിലമ്ബൂര്‍ ചുങ്കത്തറ സ്വദേശി മുഹമ്മദ് സനീം മാര്‍ച്ച്‌ 12 ന് നെടുമ്ബാശ്ശേരി വിമാനത്താവളത്തിലെത്തി വിവിധ സ്ഥലങ്ങളില്‍ താമസിച്ച ശേഷം 31നാണ് ചുങ്കത്തറയിലെ സ്വന്തം വീട്ടിലെത്തിയത്. ഏപ്രില്‍ 10 ന് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

വേങ്ങര കണ്ണമംഗലം സ്വദേശിനി സുലൈഖയും മമ്ബുറം വെട്ടം ബസാര്‍ സ്വദേശിനി സാജിദയും ഡല്‍ഹി നിസാമുദ്ദീനിലും മുംബയിലും ഭര്‍ത്താക്കന്മാര്‍ക്കും മറ്റ് അഞ്ച് കുടുംബങ്ങള്‍ക്കുമൊപ്പം താമസിച്ച്‌ തിരിച്ചെത്തിയ ശേഷമാണ് കോവിഡ് ബാധിതരാണെന്ന് സ്ഥിരീകരിച്ചത്.

ഫെബ്രുവരി 20ന് നിസാമുദ്ദീനില്‍നിന്ന് ട്രെയിനില്‍ യാത്ര ആരംഭിച്ച്‌ 21ന് മുംൈബയിലെത്തി. അവിടെ തബ്‌ലീഗ് പള്ളിയിലും വിവിധ വീടുകളിലുമായി ഒരുമാസത്തോളം സംഘം താമസിച്ചശേഷം മാര്‍ച്ച്‌ 23ന് സ്വന്തം വീടുകളില്‍ തിരിച്ചെത്തി. ഏപ്രില്‍ ഏഴ് മുതല്‍ ഇരുവരെയും മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ എം.പി. ശശി, സൂപ്രണ്ട് ഡോ. കെ.വി. നന്ദകുമാര്‍, നോഡല്‍ ഓഫിസര്‍ ഡോ. ഷിനാസ് ബാബു, ഡെപ്യൂട്ടി സൂപ്രണ്ടുമാരായ ഡോ. ഷീനലാല്‍, ഡോ. അഫ്സല്‍, ആര്‍.എം.ഒമാരായ ഡോ. ജലീല്‍ വല്ലാഞ്ചിറ, ഡോ. സഹീര്‍ നെല്ലിപ്പറമ്ബന്‍ എന്നിവര്‍ ചേര്‍ന്ന് യാത്രയയപ്പ് നല്‍കി.