Mon. Oct 18th, 2021




കണ്ണൂര്‍: വിദേശത്തു നിന്ന് പ്രവാസികള്‍ കൂട്ടത്തോടെ എത്തിയാല്‍, അവരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങള്‍ ഒരുക്കാനുള്ള നടപടികളുമായി ജില്ലാ ഭരണകൂടം. വിദേശത്ത് നിന്ന് എത്തുന്നവരെ നിരീക്ഷണത്തില്‍ പാര്‍പ്പിക്കാന്‍ സംവിധാനം നിര്‍ബന്ധമാണ്. ഭൂരിഭാഗം പ്രവാസികള്‍ ലോക്ക്ഡൗണ്‍ കഴിഞ്ഞാല്‍ നാട്ടിലേക്ക് തിരിക്കുമെന്ന കണക്കുകൂട്ടലിലാണ് സംസ്ഥാന സര്‍ക്കാര്‍. ഇവരെ താമസിപ്പിക്കാനുളള കെട്ടിടങ്ങള്‍ ഒരുക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ല ഭരണകൂടം നിര്‍ദേശം നല്‍കി കഴിഞ്ഞു. ഒന്നോ രണ്ടോ ദിവസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍നിന്നുള്ള വിശദവിവരം കിട്ടുമെന്നും ആവശ്യമായ സജ്ജീകരണങ്ങള്‍ പൂര്‍ത്തിയാക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

തലശ്ശേരി സബ് കളക്ടര്‍ ആസിഫ് കെ. യൂസുഫിനാണ് ചുമതല നല്‍കിയിട്ടുള്ളത്. നേരത്തേ പൊതുമരാമത്ത് വകുപ്പ് നല്‍കിയ ലിസ്റ്റ് പ്രകാരം സൗകര്യങ്ങള്‍ ഒരുക്കിയാല്‍ മതിയാവില്ലെന്നു കണ്ടാണ് സൗകര്യമുള്ള കെട്ടിടം കണ്ടെത്താന്‍ തദ്ദേശ സ്ഥാപനങ്ങളോടു നിര്‍ദേശിച്ചത്. എന്നാല്‍, സ്‌കൂളുകള്‍ പോലുള്ള കെട്ടിടങ്ങളാണ് പൊതുമരാമത്ത് വകുപ്പ് നേരത്തെ കണ്ടെത്തിയിരുന്നത്. നിരീക്ഷണത്തില്‍ പാര്‍പ്പിക്കുമ്ബോള്‍ ഒരാള്‍ക്ക് ശുചിമുറി സൗകര്യത്തോടെയുള്ള മുറിതന്നെ വേണം. അത് സ്‌കൂള്‍ കെട്ടിടങ്ങളില്‍ അപര്യാപ്തമാണ്. ഈ സാഹചര്യത്തിലാണ് ലോഡ്ജുകള്‍, ഹോസ്റ്റലുകള്‍, റസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ തുടങ്ങിയവ പരിഗണിക്കുന്നത്.






ഏകദേശം 20,000 കിടക്കകള്‍ക്കുള്ള സൗകര്യമാണ് ജില്ലയില്‍ ഒരുക്കുന്നത്. നാട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന പ്രവാസികളുടെ രജിസ്‌ട്രേഷന്‍ നോര്‍ക്കയുടെ വെബ്‌സൈറ്റില്‍ വെള്ളിയാഴ്ച തുടങ്ങിയിട്ടുണ്ട്. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായെങ്കിലേ എത്രപേര്‍ എത്തുമെന്ന കൃത്യമായ കണക്ക് ലഭ്യമാകൂ. വിദേശത്ത് നിന്ന് എത്തുന്നവരെ സൗകര്യപ്രദമായ സ്ഥലങ്ങളില്‍ മാത്രമെ താമസിപ്പിക്കൂ എന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.