കര്‍ശന നിയന്ത്രണങ്ങള്‍ ഫലം കാണുന്നു , കണ്ണൂരില്‍ കൊവിഡ് വ്യാപനം കുറയുന്നു , ജാഗ്രത തുടരുന്നു – Sreekandapuram Online News-
Mon. Sep 28th, 2020




കണ്ണൂര്‍: കര്‍ശനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ ജില്ലയില്‍ കൊവിഡ് വ്യാപനം കുറയുന്നു. പൊലീസിന്റെയും ആരോഗ്യ വകുപ്പിന്റെയും സംയുക്ത നീക്കമാണ് ഫലം കാണുന്നത്. ഹോട്ട്സ്പോട്ടായി കണക്കാക്കുന്ന തീവ്ര രോഗ മേഖലയില്‍ സാധനങ്ങള്‍ ഹോം ഡെലിവറിയായി മാത്രം എത്തിക്കാനുള്ള തീരുമാനവും പുറത്ത് ഒരാളെ പോലും ഇറക്കാന്‍ അനുവദിക്കാത്ത വിധമുള്ള ഇടപെടലുമാണ് ഗുണം ചെയ്തത്. ജില്ലയെ മൂന്ന് സബ് ഡിവിഷനുകളായി തിരിച്ച്‌ മൂന്ന് എസ്.പിമാര്‍ സുരക്ഷ ഏകോപിപ്പിക്കുമ്ബോള്‍ മുക്കിലും മൂലയിലും വരെ പൊലീസുകാര്‍ പരിശോധനയ്ക്കുണ്ട്.

വ്യാപാര മേഖലയിലെ സ്തംഭനം ഉണ്ടാക്കിയേക്കാവുന്ന തിരിച്ചടി ഭയന്ന് ഹോട്ട് സ്പോട്ട് ഒഴികെയുള്ള പ്രദേശങ്ങളില്‍ സിമന്റും ഇലക്‌ട്രോണിക് സാധനങ്ങളും വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇളവ് അനുവദിച്ച്‌ ഉത്തരവായി.







സിമന്റ് കടകളും ടാര്‍ പോളിന്‍ കടകളും ശുചീകരണം നടത്തണം. തദ്ദേശസ്ഥാപനങ്ങളുടെ അനുമതിയോടെ ഹോം ഡെലിവറി ആയി മാത്രമേ വില്‍പ്പന പാടുള്ളൂ. അഞ്ചു ജീവനക്കാര്‍ മാത്രമേ പാടുള്ളൂ. എല്ലാ ദിവസവും ഒരേ ജീവനക്കാര്‍ തന്നെ ജോലിക്കെത്തണം. തൊഴിലാളികളെ റൊട്ടേറ്റ് ചെയ്ത് ഉപയോഗിക്കരുത്. എല്ലാവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. ജോലിസ്ഥലത്ത് വ്യക്തി ശുചിത്വം പാലിക്കുന്നതിന് ഹാന്‍ഡ് വാഷ്, സാനിറ്റൈസര്‍ എന്നിവ ഉണ്ടെന്ന് ഉറപ്പു വരുത്തേണ്ടതാണ്. തൊഴിലാളികള്‍ക്ക് ആവശ്യമായ മെഡിക്കല്‍ പരിശോധന നല്‍കേണ്ടതും കൊവിഡ് 19 രോഗലക്ഷണങ്ങള്‍ ഇല്ലെന്ന് ആരോഗ്യ പ്രവര്‍ത്തകരുടെ സഹായത്തോടെ ഉറപ്പുവരുത്തണം. വ്യാപാര സ്ഥാപനത്തിന് അടുത്തുള്ളവര്‍ മാത്രമേ ജോലിക്കെത്താന്‍ പാടുള്ളൂ എന്നിങ്ങനെയും നിര്‍ദ്ദേശമുണ്ട്.