തൃശൂര്‍ : ജില്ലാ അതിര്‍ത്തികളില്‍ ലോക്ക് ഡൗണ്‍ നിബന്ധനകള്‍ പ്രകാരമുളള കര്‍ശന പരിശോധന തുടരുകയാണ്. തൃശ്ശൂര്‍ – മലപ്പുറം ജില്ലാ അതിര്‍ത്തിയായ കടവല്ലൂരില്‍ ഇന്നലെ ആരോഗ്യ പ്രവര്‍ത്തകര്‍ നടത്തിയ പരിശോധനയില്‍ കണ്ണൂര്‍ ജില്ലയില്‍ നിന്നും വന്ന 24 വിദ്യാര്‍ത്ഥികളെ തിരിച്ചയച്ചു. ഇവര്‍ കേരളത്തിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നവരാണ്. ഇവരെ ക്വാറന്റയിന്‍ ചെയ്യാന്‍ കണ്ണൂര്‍ ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്കി.
കോട്ടോല്‍ സി എച്ച് സി സൂപ്രണ്ട് ഡോ. ഇ വാസുദേവന്റെ നേതൃത്വത്തിലുള്ള സംഘമാണ് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ നിര്‍ദേശപ്രകാരം ജില്ല കടന്നെത്തുന്നവരെ പരിശോധിക്കുന്നത്. റെഡ് സോണ്‍ ആയ മലപ്പുറം ജില്ലയില്‍ നിന്നും അത്യാവശ്യ കാര്യങ്ങള്‍ക്കായി തൃശ്ശൂര്‍ ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങളിലെ യാത്രക്കാരെ തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് കഴിഞ്ഞ ദിവസം മുതല്‍ പരിശോധിച്ചു വരുന്നുണ്ട്.
ഇതോടൊപ്പം ജില്ലാതിര്‍ത്തികളില്‍ അടച്ചിട്ട ഏഴ് റോഡുകളില്‍ ഇന്നലെയും കര്‍ശന വാഹന പരിശോധന തുടര്‍ന്നു. തൃശൂര്‍ ക്രൈംബ്രാഞ്ച് ഓഫീസ്, കുന്നംകുളം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് അതിര്‍ത്തിയില്‍ പരിശോധന നടത്തുന്നത്. ലോക്ക് ഡൗണ്‍ തീരുന്നതുവരെയാണ് കര്‍ശന വാഹന പരിശോധന. പാലക്കാട് ജില്ലാ അതിര്‍ത്തിയിലും പരിശോധന ശക്തിപ്പെടുത്തി. ആറങ്ങോട്ടുകര, പ്ലാഴി എന്നിവിടങ്ങളില്‍ മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥരെയും ഷിഫ്റ്റ് അടിസ്ഥാനത്തില്‍ പരിശോധനയ്ക്കായി വിന്യസിച്ചു. മലക്കപ്പാറ, വാണിയമ്ബാറ, ചെറുതുരുത്തി, വളളത്തോള്‍നഗര്‍, തങ്ങള്‍പ്പടി, വളയംകുളം എന്നിവിടങ്ങളില്‍ പോലീസ് പരിശോധനയുമുണ്ട്.