home

കൂളിംഗ് ഫിലിം, കര്‍ട്ടന്‍; വാഹനങ്ങള്‍ക്കെതിരെ ഞായറാഴ്ച മുതല്‍ നടപടിയെന്ന് മോട്ടോര്‍ വാഹന വകുപ്പ്



തിരുവനന്തപുരം: കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ ഞായറാഴ്ച മുതല്‍ കര്‍ശന നടപടി. മോട്ടോര്‍ വാഹന വകുപ്പിന്റെ ഓപ്പറേഷന്‍ സ്ക്രീന്‍ നാളെ മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും. നിയമം ലംഘിക്കുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കുമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിക്കുന്നു.

വാഹനങ്ങളില്‍ കര്‍ട്ടനും കൂളിംഗ് ഫിലിം പാടില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇത് കേരളത്തില്‍ പൂര്‍ണ്ണമായും നടപ്പിലാക്കിയിരുന്നില്ല. ഈ ഘട്ടത്തിലാണ് മോട്ടോര്‍ വാഹന വകുപ്പിന് എതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയത്. കൂളിംഗ് ഫിലിം ഒട്ടിച്ചതും കര്‍ട്ടനിട്ടതുമായ വാഹനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് കഴിഞ്ഞ ആഴ്ച ഹൈക്കോടതി മോട്ടോര്‍ വാഹനവകുപ്പിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മോട്ടോര്‍ വാഹന വകുപ്പ് ഓപ്പറേഷന്‍ സ്ക്രീന്‍ രൂപീകരിച്ചത്. ഞായറാഴ്ചമുതല്‍ സംസ്ഥാനത്തെമ്ബാടും മോട്ടോര്‍ വാഹന വകുപ്പിന്റെ പരിശോധന ഉണ്ടാകും.

നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ കടുത്ത നടപടിയിലേക്ക് നീങ്ങും. വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കും. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കര്‍ട്ടന്‍ ഉപയോഗിക്കുന്നത് സര്‍ക്കാര്‍ വാഹനങ്ങളിലാണ്. അതിനാല്‍ നിയമം ലംഘിക്കുന്ന സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് എതിരെയും കടുത്ത നടപടി ഉണ്ടാകും