Thu. Mar 4th, 2021




ന്യൂദല്‍ഹി : ലോകത്തിലെ തന്നെ ഏറ്റവും വലിയ വാക്‌സിനേഷന്‍ ഡ്രൈവിന് തുടക്കമായി. പ്രധാനമന്ത്രി നരേന്ദ്രമോദി വീഡിയോ കോണ്‍ഫറന്‍സിലൂടെ രാജ്യവ്യാപകമായി വാക്‌സിനേഷന്‍ നടപടികള്‍ക്കുള്ള ഉദ്ഘാടനം നിര്‍വഹിച്ചു. ആദ്യഘട്ടത്തില്‍ മൂന്ന് കോടി ആളുകള്‍ക്ക് വാക്സിന്‍ വിതരണം ചെയ്യും. വാക്‌സിനേഷന്‍ ഘട്ടത്തില്‍ ജനങ്ങള്‍ ജാഗ്രത കൈവിടരുതെന്നും പ്രധാനമന്ത്രി അറിയിച്ചു.

വികാരാധീനനായി രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി ഇത് ശേഷിയുടേയും കഴിവിന്റേയും ഉദാഹരണമാണെന്നും അറിയിച്ചു. രാജ്യത്തിന്റെ പോരാട്ടം വരും തലമുറയ്ക്കും പ്രേരണയാകും. പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങള്‍ കാണിച്ച ഉത്സാഹം ഇതിനും കാണിക്കണം. ആദ്യഘട്ട വാക്‌സിന്‍ വിതരണത്തിന്റെ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കും. ജനുവരി 30നുള്ളില്‍ വാക്‌സിനേഷന്റെ ആദ്യഘട്ടം പൂര്‍ത്തിയാക്കും. വാക്‌സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും ജനങ്ങള്‍ മാസ്‌ക് ധരിക്കണം.

രണ്ടാംഘട്ടമാകുമ്ബോള്‍ 30 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ ലഭ്യമാക്കും. വാക്‌സിനായി പ്രയത്‌നിച്ച ശാസ്ത്രജ്ഞന്മാര്‍ക്ക് അഭിനന്ദനങ്ങള്‍. രാജ്യത്തിന്റെ വാക്‌സിന്‍ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച്‌ ചെലവ് കുറവും. ഉപയോഗിക്കാനും സൂക്ഷിച്ചുവെയ്ക്കാനും എളുപ്പമാണ്. വാക്‌സിന്‍ സ്വീകരിക്കുന്നവര്‍ ഒരു മാസത്തിനുള്ളില്‍ രണ്ട് ഡോസ് സ്വീകരിച്ചിരിക്കണം. രാജ്യത്തിന് ഇത് അഭിമാന നിമിഷമെന്നും പ്രധാനമന്ത്രി പറഞ്ഞു.

രണ്ടു വാക്സിനുകള്‍ക്കാണ് അടിയന്തിര ഉപയോഗത്തിനായി ഇന്ത്യ അനുമതി നല്‍കിയിരിക്കുന്നത്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയുടെ കൊവിഷീല്‍ഡിനും ഭാരത് ബയോടെക്കിന്റെ കൊവാക്സിനുമാണ് രാജ്യത്ത് ഉപയോഗിക്കുക.ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കൊറോണ മുന്‍നിര പോരാളികള്‍ക്കുമാണ് രാജ്യത്ത് ആദ്യ ഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുക. മൂന്ന് ലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ വാക്സിനേഷന്‍ നല്‍കും. രണ്ടാം ഘട്ടത്തില്‍ 50 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കും രോഗ വ്യാപന സാധ്യത കൂടുതലുള്ള 50 വയസിന് താഴെ പ്രായമുള്ളവര്‍ക്കും നല്‍കും. 28 ദിവസത്തെ ഇടവേളകളില്‍ രണ്ടു വാക്സിന്‍ ഡോസുകളാണ് സ്വീകരിക്കേണ്ടത്.






By onemaly