Local

നാപ്ടോളിന്റെ പേരില്‍ തട്ടിപ്പ്: ഇരിട്ടിയിലും എത്തി സ്‌ക്രാച്ച് കാര്‍ഡ്…



ഇരിട്ടി: പോസ്റ്റല്‍ വഴി പ്രമുഖ കമ്പനിയായ നാപ്‌റ്റോളിന്റെ പേരില്‍ സ്‌ക്രാച്ച് കാര്‍ഡ് കിട്ടിയവര്‍ സൂക്ഷിക്കുക.. വലിയൊരു തട്ടിപ്പ് ഇതിനു പിന്നിലുണ്ട്. കാര്‍ഡ് ചുരണ്ടി നോക്കിയാല്‍ 25 ലക്ഷം രൂപയുടെ സമ്മാനം ലഭിച്ചതായി കാണാം. പോസ്റ്റലില്‍ ബാങ്ക് അഡ്രസും ബാങ്ക് വിവരവും പൂരിപ്പിച്ച് ഫോട്ടോ എടുത്ത് കത്തില്‍ ഉള്ള വാട്‌സ്ആപ് നമ്പറില്‍ അയച്ചുനല്‍കാന്‍ നിര്‍ദ്ദേശിക്കും.  നാപ്‌ടോളില്‍ നിന്നു സാധനങ്ങള്‍ വാങ്ങിയവര്‍ക്കാണ് അധികം വൈകാതെ സമ്മാനം ലഭിച്ചു എന്നറിയിച്ചുകൊണ്ട് പോസ്റ്റല്‍ വഴി സമ്മാന കൂപ്പണ്‍ ലഭിക്കുന്നത്. കേരളത്തില്‍ പല സ്ഥലത്തും ഇത്തരത്തില്‍ തട്ടിപ്പ് നടന്നതായും പണം നഷ്ടമാവുകയും ചെയ്തിട്ടുണ്ട്. തട്ടിപ്പിന്റെ രീതി തുടങ്ങുന്നത് പോസ്റ്റല്‍ വഴി എത്തുന്ന കൂപ്പണ്‍ വഴിയാണ്. ഈ കൂപ്പണ്‍ ചുരണ്ടിയാല്‍ ടാറ്റാ സഫാരി മുതല്‍ മാരുതി ഒമ്‌നി വരെയുള്ള സമ്മാനം ലഭിച്ചതായി കാണാം. തില്ലങ്കേരി തെക്കന്‍പൊയില്‍ സ്വദേശിക്കും പേരാവൂര്‍ സ്വദേശിക്കും ഇതുപോലെ ലക്ഷങ്ങള്‍ വിലയുള്ള കാറുകള്‍ സമ്മാനമായി ലഭിച്ചതായി കാണിച്ച് സ്‌ക്രാച്ച് കാര്‍ഡ് വന്നു. കൂപ്പണില്‍ നല്‍കിയിട്ടുള്ള ഹെല്‍പ്പ്‌ലൈന്‍ നമ്പറില്‍ വിളിച്ചാല്‍ ഒരു മലയാളി ഫോണെടുക്കുന്നുണ്ട്. വാഹനത്തിനു പകരം പണം നല്‍കാമെന്ന് വാഗ്ദാനമുണ്ടാവും. ലഭിച്ച സമ്മാനത്തിന്റെ നികുതി എന്ന പേരില്‍ 12,800 രൂപ അടയ്ക്കാന്‍ ആവശ്യപ്പെടും. പണമടച്ചാല്‍ ലക്ഷങ്ങള്‍ അക്കൗണ്ടിലെത്തുമെന്ന് ബോധ്യപ്പെടുത്താന്‍ പണം രേഖപ്പെടുത്തിയ ചെക്കും റിസര്‍വ് ബാങ്കിന്റെ വ്യാജ കത്തും വാട്‌സ്ആപില്‍ അയക്കും. പണം തട്ടിയെടുത്താലും ഹെല്‍പ്പ്‌ലൈന്‍ നമ്പറിന്റെ പ്രവര്‍ത്തനം തുടരുന്നുണ്ട്.  എന്നാല്‍ തങ്ങള്‍ക്ക് ഇതുമായി ബന്ധമില്ലെന്നാണ് നാപ്‌ടോള്‍ വ്യക്തമാക്കുന്നത്. പക്ഷേ നാപ്‌ടോളിന്റെ പേരിലാണ് ഈ നമ്പര്‍ ട്രൂകോളറില്‍ പരിശോധിച്ചാല്‍ ലഭിക്കുന്നത്. വരുന്ന കത്തില്‍ നാപ്ടോളിന്റെ സൈറ്റ് അഡ്രസുമുണ്ട്. ഇരിട്ടി സ്വദേശി കൂപ്പണ്‍ കിട്ടിയപ്പോള്‍ പണമില്ലാത്ത അക്കൗണ്ട് നമ്പര്‍ അയച്ചുകൊടുത്താണ് തട്ടിപ്പില്‍ നിന്നും രക്ഷപ്പെട്ടത്. അക്കൗണ്ടില്‍ നിന്നും കാശ് പോയില്ലെങ്കിലും പരാതി കൊടുക്കാന്‍ ഒരുങ്ങുകയാണ് ഇവര്‍….