
ചെന്നൈ: കൊവിഡ് -19 ഉള്‍പ്പെടെ സര്‍ക്കാര്‍ പ്രത്യേകം വിജ്ഞാപനം ചെയ്തിട്ടുള്ള രോഗങ്ങള്‍ ബാധിച്ച് മരിച്ചവരുടെ സംസ്കാരം തടയുന്നത് ക്രിമിനല്‍ കുറ്റമാക്കി തമിഴ്നാട് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കി. മൂന്ന് വര്‍ഷംവരെ തടവുശിക്ഷ ലഭിക്കും. കുറ്റക്കാര്‍ക്കെതിരെ 1939ലെ തമിഴ്നാട് പബ്ലിക്ക് ഹെല്‍ത്ത് ആക്ടിലെ 74-ാം വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് ഓര്‍ഡിനന്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ചെന്നൈയില്‍ അടുത്തിടെ കൊവിഡ് ബാധിച്ച് മരിച്ച രണ്ട് ഡോക്ടര്‍മാരുടെ സംസ്കാരം ജനക്കൂട്ടം തടസപ്പെടുത്തുകയും ആരോഗ്യ പ്രവര്‍ത്തകരെയും തദ്ദേശ സ്ഥാപന ജീവനക്കാരെയും ആക്രമിക്കുകയും ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ നടപടി.