Sat. Jan 23rd, 2021




കൊച്ചി: ( 09.01.2021) വൈറ്റില, കുണ്ടന്നൂര്‍ മേല്‍പാലങ്ങള്‍ പൊതുഗതാഗതത്തിന് തുറന്നുകൊടുത്തതിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം സൈബര്‍ ലോകത്ത് ചര്‍ച്ചയാകുകയാണ്. വൈറ്റില ഫ് ളൈ ഓവറില്‍ മെട്രോ ഗര്‍ഡറിനു താഴേക്കൂടി ഒരു കണ്ടെയ്‌നര്‍ ലോറി കടന്നുപോകുന്ന ചിത്രമാണ് ഉദ്ഘാടനത്തിനു പിന്നാലെ മുഖ്യമന്ത്രി പങ്കുവച്ചത്.

എന്നാല്‍ വിമര്‍ശകര്‍ക്കുള്ള ‘ചുട്ടമറുപടി’യാണ് മുഖ്യമന്ത്രി നല്‍കിയതെന്നതരത്തിലാണ് ഒരുകൂട്ടം ആളുകള്‍ ഇതിനോട് പ്രതികരിച്ചത്. വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്നതരത്തില്‍ ആദ്യഘട്ടങ്ങളില്‍ വ്യാപക പ്രചാരണം ഉണ്ടായിരുന്നു. ഉയരം കൂടിയ വാഹനങ്ങള്‍ ‘കുനിഞ്ഞു’ പോകേണ്ടിവരും എന്നുള്‍പ്പെടെയുള്ള ആക്ഷേപങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നു. ഇതിനാണ് മുഖ്യമന്ത്രി കണ്ടെയ്നര്‍ ലോറിയുടെ ചിത്രം പങ്കുവച്ചതിലൂടെ പരോക്ഷ മറുപടി നല്‍കിയത്. വൈറ്റില മേല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുമ്ബോള്‍ മെട്രോ ഗര്‍ഡറില്‍ തട്ടുമെന്ന വ്യാജപ്രചാരണം നിര്‍മാണഘട്ടത്തില്‍ വലിയ വിവാദമായിരുന്നു. കാറിലിരുന്നു ചിത്രീകരിച്ച വിഡിയോയാണ് അനാവശ്യ വിവാദത്തിനു തുടക്കമിട്ടതെങ്കിലും മരാമത്ത് വകുപ്പ് വേണ്ട വിശദീകരണം നല്‍കിയതോടെ അതു തണുത്തു. എന്നാല്‍ സമീപകാലത്തു വീണ്ടും ഇതേ ആക്ഷേപവുമായി മറ്റു ചിലരും രംഗത്തെത്തി. ഗതികെട്ട മരാമത്ത് വകുപ്പിനു ഒടുവില്‍ പൊലീസിനെ സമീപിക്കേണ്ടി വന്നു.

ദൂരെ നിന്നു നോക്കുമ്ബോള്‍ പാലവും മെട്രോ വയഡക്ടും അടുത്തായി തോന്നുമെങ്കിലും ഉയരമുള്ള ലോറികള്‍ക്കും കടന്നുപോകാവുന്ന ക്ലിയറന്‍സ് പാലത്തിനും മെട്രോ വയഡക്ടിനുമിടയിലുണ്ടെന്നതാണു വാസ്തവം. നിശ്ചിത ഉയരത്തില്‍ കൂടുതലുളള വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നതു തടയാനായി ഹൈറ്റ് ഗേജ് സ്ഥാപിച്ചതോടെ മുന്‍പ് ആക്ഷേപമുന്നയിച്ചവര്‍ വീണ്ടും കളത്തിലിറങ്ങി. ഉയരമുള്ള വാഹനങ്ങള്‍ക്കു പോകാമെങ്കില്‍ എന്തിനാണു ഹൈറ്റ് ഗേജ് എന്നതായി അടുത്ത ചോദ്യം. വാഹനങ്ങള്‍ നിശ്ചിത ഉയരത്തില്‍ കൂടുതല്‍ ലോഡുമായി പാലത്തില്‍ പ്രവേശിക്കാതിരിക്കാനാണു ഹൈറ്റ് ഗേജെന്ന് അധികൃതര്‍ പറഞ്ഞിട്ടും പലര്‍ക്കും വിശ്വാസം വന്നില്ല.

ദേശീയപാതകളില്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം (മോര്‍ത്ത്) മാനദണ്ഡങ്ങള്‍ പാലിക്കാതെ പാലം പണിയാന്‍ കഴിയില്ല. രാജ്യത്തു 4.75 മീറ്ററാണു വാഹനങ്ങളുടെ അനുവദനീയമായ ഉയരം. 5.5 മീറ്റര്‍ ക്ലിയറന്‍സ് വൈറ്റില മേല്‍പാലത്തിലുണ്ട്. പരിധിയില്‍ കവിഞ്ഞ് ഉയരമുളള അനധികൃത വാഹനങ്ങളോ യന്ത്രഭാഗങ്ങളുമായി വരുന്ന വാഹനങ്ങളോ ഉണ്ടെങ്കില്‍ പാലത്തിനടിയിലൂടെ പോകാന്‍ സ്ഥലമുണ്ടായിട്ടും വിവാദത്തിനു കുറവില്ലായിരുന്നു. പാലത്തിനു താഴെയുള്ള റോഡില്‍ 13 മീറ്റര്‍ ഹൈറ്റ് ക്ലിയറന്‍സുണ്ട്. 5.5 മീറ്ററില്‍ താഴെ ക്ലിയറന്‍സേ എംജി റോഡിലെ മെട്രോ സ്റ്റേഷനുകള്‍ക്കടിയിലുള്ളൂവെന്നിരിക്കെ വൈറ്റിലയിലെ വിവാദം അനാവശ്യമായിരുന്നു.






By onemaly