കോട്ടയം: ഫേസ്ബുക്ക് മെസഞ്ചറിലൂടെ താഴത്തങ്ങാടി സ്വദേശിയുടെ അശ്ലീല വിഡിയോ പകര്‍ത്തി, പോക്സോ കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി അഞ്ചുലക്ഷം രൂപ ആവശ്യപ്പെട്ട കേസില്‍ പൊലീസിന് വേണ്ടി സൈബര്‍ സുരക്ഷ ക്ലാസ് എടുക്കുന്ന യുവാവ് അടക്കം നാലുപേര്‍ പിടിയില്‍.
തിരുവാതുക്കല്‍ വേളൂര്‍ തൈപ്പറമ്ബില്‍ ടി.എസ്. അരുണ്‍ (29), തിരുവാര്‍പ്പ് കിളിരൂര്‍ ചെറിയ കാരയ്ക്കല്‍ ഹരികൃഷ്ണന് (23), പുത്തന്‍ പുരയ്ക്കല്‍ അഭിജിത് (21), തിരുവാര്‍പ്പ് മഞ്ഞപ്പള്ളിയില്‍ ഗോകുല്‍ (20) എന്നിവരെയാണ് വെസ്റ്റ് സ്റ്റേഷന് ഹൗസ് ഓഫിസര്‍ ഇന്‍സ്പെക്ടര്‍ എം.ജെ അരുണ്‍ അറസ്റ്റ് ചെയ്തത്.
ഡിസംബറില്‍ ആരംഭിച്ച ഭീഷണിയും തട്ടിപ്പുമാണ് പൊലീസ് പൊളിച്ചത്. ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയെയാണ് പ്രതികള്‍ ഫേസ്ബുക്ക് മെസഞ്ചറിലൂടെ കുടുക്കിയത്. ഫേസ് ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയുമായി ഈ യുവാവ് സൗഹൃദത്തിലായി. ഇതിനിടെ യുവതിയുടെ അക്കൗണ്ട് അപ്രത്യക്ഷമായി. എങ്കിലും ഇരുവരും മെസഞ്ചറിലൂടെ ചാറ്റ് ചെയ്തിരുന്നു.
നേരില്‍ കാണണമെന്ന് ആവശ്യപ്പെട്ടതോടെ യുവതി മെസഞ്ചറില്‍ വിഡിയോ കോളില്‍ എത്തുകയായിരുന്നു. മുഖംകാണിക്കാതെ നഗ്നയായാണ് എത്തിയത്. തൊട്ടടുത്ത ദിവസം യുവാവിനെ ഫോണില്‍ വിളിച്ച സംഘം ഭീഷണി മുഴക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ട് തങ്ങളുടെ നിരീക്ഷണത്തിലാെണന്നും പെണ്‍കുട്ടിയോട് അശ്ലീല ചുവയോടെ സംസാരിച്ചതായും അഞ്ച് ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ പോക്സോ കേസില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. ഭീഷണി തുടര്‍ന്നതോടെ യുവാവ് വെസ്റ്റ് പൊലീസില്‍ പരാതി നല്കി.
പൊലീസ് നിര്‍ദേശാനുസരണം പ്രതികളുമായി സംസാരിച്ച ശേഷം തുക രണ്ടുലക്ഷം രൂപയില്‍ ഒതുക്കി. പണം ബിറ്റ് കോയിനായോ ക്രിപ്റ്റോ കറന്‍സിയായോ നല്‍കണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടു. ഇതിന് തയാറാകാതെ പണമായി നല്‍കാമെന്ന് അറിയിച്ചു. ഇത് അനുസരിച്ച് ഇന്നലെ ഉച്ചയോടെ പ്രതികള്‍ പണം കൈമാറേണ്ട സ്ഥലം അറിയിച്ചു.
ഇവരുടെ മൊബൈല്‍ ഫോണ്‍ നമ്ബറുകളും കാള്‍ വിശദാംശങ്ങളും പരിശോധിച്ചാണ് കേസിലെ മുഖ്യ ആസൂത്രകന്‍ അരുണാണ് എന്ന് തിരിച്ചറിഞ്ഞത്. കോടിമത ബോട്ടുജെട്ടി റോഡില്‍ ഫിലാന്‍ സാ സെക്യൂരിറ്റീസ് എന്ന സൈബര്‍ സുരക്ഷ സ്ഥാപനം നടത്തുകയാണ് അരുണ്‍.
പൊലീസ് ഉദ്യോഗസ്ഥര്‍ക്കും വിദ്യാര്‍ഥികള്‍ക്കും സൈബര്‍ സുരക്ഷ ക്ലാസുകളും സെമിനാറുകളും ഇയാള്‍ എടുത്തിരുന്നു. പൊലീസ് ബന്ധങ്ങള്‍ ഉള്ളതിനാല്‍ പിടിക്കപ്പെടില്ലന്ന ഉറപ്പിലാണ് തട്ടിപ്പ് നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും.